പുതിയ ചരിത്രമെഴുതി ഓഹരി വിപണി കുതിക്കുന്നു
മുംബൈ: വ്യാപാരത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പു തുടരുന്നു. ബാങ്കിങ്-ഐ.ടി മേഖലകളില്‍ നിന്നുള്ള ഓഹരികളുടെ ശക്തമായ പിന്‍ബലമാണ് വിപണിയിലെ കുതിപ്പിനു കാരണം. കൂടാതെ ആഗോള വിപണികളിലെ മുന്നേറ്റവും ബാങ്കിങ് ഓഹരികളിലുണ്ടായ ഉയര്‍ച്ചയും വിപണിക്ക് അനുകൂലമായി.
വ്യാപാരം തുടങ്ങി മിനുട്ടുകള്‍ക്കകം സെന്‍സെക്‌സ് 394.88 പൊയിന്റ് നേട്ടത്തോടെ 35,476.70 എന്ന തലത്തിലേക്കെത്തി. ഇന്നലെ രേഖപ്പെടുത്തിയ എക്കാലത്തെയും മികച്ച 35.118.61 എന്ന നേട്ടം തിരുത്തിയെഴുതി. ഡിസംബര്‍ 26ന് 34,000 പിന്നിട്ട സൂചിക ഇക്കഴിഞ്ഞ ബുധനാഴ്ച 35,000 പിന്നിട്ടതോടെ ഓഹരി നിക്ഷേപകര്‍ ഏകദേശം മൂന്നു ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്.
വിപണിയില്‍ ലിസ്റ്റ് ചെയ്ത 301 കമ്പനികളുടെ ഓഹരികളില്‍ ഇക്കാലയളവില്‍ വലിയ നേട്ടമാണ് കൊയ്തത്. സെന്‍സെക്‌സില്‍ ഓഹരികള്‍ രേഖപ്പെടുത്തിയ കമ്പനികളുടെ ഓഹരി വിപണനമൂല്യം 151.39 കോടിയില്‍ നിന്ന് 154.78 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 34,000ല്‍ നിന്ന് 35,000ലേക്കുള്ള സെന്‍സെക്‌സ് കുതിപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് കമ്യൂണിക്കേഷനാണ്. ഓഹരി മൂല്യത്തില്‍ 52 ശതമാനം ഉയര്‍ച്ച ഇവര്‍ രേഖപ്പെടുത്തിയപ്പോള്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ 40 ശതമാനത്തോടെ രണ്ടാമതെത്തി.
സെന്‍സെക്‌സിനൊപ്പം 50 മുന്‍നിര ഓഹരികളുടെ ദേശീയ സൂചികയായ നിഫ്റ്റി 98.55 പൊയിന്റ് ഉയര്‍ന്ന് 10,887 ല്‍ എത്തി. എസ്.ബി.ഐ, യെസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി എന്നിവയും മികച്ച നേട്ടം കൊയ്തു. ഡോളറിനെതിരേ രൂപയുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. ഡോളറിനെതിരേ 2.02 രൂപയുടെ നേട്ടത്തില്‍ 63.86 രൂപ എന്ന നിലയിലാണ് ഇന്നലെ രാവിലെ വ്യാപാരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."