തൊഴില്‍ വകുപ്പിന്റെ 'നിയുക്തി' ജോബ് ഫെസ്റ്റ് നാളെ
തിരുവനന്തപുരം: നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വിസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള നിയുക്തി-2017 തൊഴില്‍മേള നാളെ തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ നടക്കും. സ്വകാര്യ മേഖലയിലെ മികച്ച കമ്പനികളില്‍ തൊഴിലവസരമൊരുക്കുന്ന മേളയില്‍ ഇതുവരെ 85 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ 5675 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ഹസ്സന്‍കോയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികളെയും തൊഴില്‍ദായകരെയും ഉദ്ദേശിച്ചാണ് മേളയെങ്കിലും സംസ്ഥാനത്തുടനീളമുള്ളവര്‍ക്കും പങ്കെടുക്കാം. ഐ.ടി 466, ഹോസ്പിറ്റാലിറ്റി 231, ഹെല്‍ത്ത് കെയര്‍ 226, ടെക്‌നിക്കല്‍ 374, മാനേജ്‌മെന്റ് 565, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് 3355, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ 498 എന്നിങ്ങനെയാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു മാത്രം യോഗ്യതയുള്ളവര്‍ക്കും ജോബ് ഫെസ്റ്റില്‍ അവസരങ്ങളുണ്ട്.
മേളയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ അന്നുതന്നെ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. 7,000 മുതല്‍ 40,000 വരെ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുന്നത്. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
12000ത്തിലധികം ഉദ്യോഗാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റില്‍നിന്ന് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്താണ് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കേണ്ട സമയം ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും.
താല്‍പര്യമുള്ള മൂന്ന് കമ്പനികള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. നിയുക്തി തൊഴില്‍മേളയിലൂടെ കഴിഞ്ഞ വര്‍ഷം 15,216 പേര്‍ക്ക് സ്വകാര്യമേഖലയില്‍ സംസ്ഥാനത്താകെ തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമണ്‍സ് കോളജില്‍ നടക്കുന്ന മേള നാളെ രാവിലെ ഒമ്പതിന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എം.പി, വി. ശിവകുമാര്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ പങ്കെടുക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് 2015 മുതല്‍ നടന്നുവരുന്ന മേളയില്‍ 27,000ത്തോളം പേര്‍ക്ക് ഇതിനോടകം ജോലി ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മേഖലയിലെ നിയുക്തി ഫെസ്റ്റും നാളെ നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജിലാണ് മേള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."