കൊട്ടക്കമ്പൂര്‍ ഭൂമി കേസ്: ഹരജി തള്ളി
കൊച്ചി: ജോയ്സ് ജോര്‍ജ് എം.പിക്കെതിരായ കൊട്ടക്കമ്പൂര്‍ ഭൂമി കേസില്‍ സാക്ഷിയുടെ രഹസ്യമൊഴിയെടുക്കാന്‍ തൊടുപുഴ സി.ജെ.എം കോടതി അനുമതി നല്‍കിയതിനെതിരേ ഉടുമ്പഞ്ചോല സ്വദേശിയായ മുകേഷ് നല്കിയ ഹരജി ഹൈക്കോടതി തള്ളി.
കൊട്ടക്കമ്പൂര്‍ കേസില്‍ നിലവിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള മുകേഷിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സാക്ഷിയായ ലക്ഷ്മിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. ആരും തങ്ങളുടെ ഭൂമി തട്ടിയെടുക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഭൂമിയുടെ ഉടമയായിരുന്ന ലക്ഷ്മി മൊഴിനല്‍കിയത്. തുടര്‍ന്ന് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം അനുമതി തേടി. ഇതനുവദിച്ച കോടതി ദേവികുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് രഹസ്യമൊഴി രേഖപ്പെടുത്താനും നിര്‍ദേശിച്ചു. ഭീഷണിയെത്തുടര്‍ന്നാണ് ലക്ഷ്മി ആരും ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മൊഴിനല്‍കിയതെന്നും ഇതു രഹസ്യമൊഴിയെന്നനിലയില് രേഖപ്പെടുത്താന്‍ അന്വേഷണസംഘം നടത്തുന്ന നീക്കം പ്രോസിക്യൂഷന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."