വ്യാപകമായി കുഴല്‍കിണറുകള്‍ കുഴിക്കുന്നു
വി.എം. ഷണ്മുഖദാസ്
പാലക്കാട്: വേനല്‍ ശക്തിപ്പെട്ടതോടെ ജലസ്രോതസുകളെല്ലാംവരളുന്നു. കിണറുകളിലെയും, കുളങ്ങളിലെയും വെള്ളം വറ്റി. പുഴകളിലും ഒഴുക്ക് നിലച്ചു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായതോടെ ജില്ലയില്‍ കുഴല്‍കിണറുകള്‍ വ്യാപകമായി കുഴിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് നൂറിലധികം കുഴല്‍കിണര്‍ കുഴിക്കാനുള്ള ഡ്രില്ലറുകള്‍ എത്തിക്കഴിഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി തുകയാണ് ഇപ്പോള്‍ കുഴല്‍കിണര്‍ കുഴിക്കാന്‍ ഈടാക്കി വരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍കിണറുകള്‍ കുഴിച്ചതിനാല്‍ ജിയോളജി വകുപ്പ് ക്രിട്ടിക്കല്‍ ഏരിയയായി പ്രഖ്യാപിച്ച ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലും ഇപ്പോള്‍ ധാരാളം കുഴല്‍കിണറുകള്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്.
ഡിസ്റ്റിലറികളും കുടിവെള്ള കമ്പനികളും പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ കുടിവെള്ളത്തിനു കുഴല്‍ കിണര്‍ കുഴിച്ചാലും രക്ഷയില്ലാത്ത അവസ്ഥ. ഏറ്റവുമധികം നദികളും ഡാമുകളുമുള്ള ജില്ലയാണെങ്കിലും ഏറ്റവും കൂടുതല്‍ കുഴല്‍ കിണറുകളും ജില്ലയിലാണ്. 11 കുടിവെള്ള കമ്പനികളാണ് ജില്ലയില്‍നിന്ന് ജലമൂറ്റുന്നത്. 500ഉം 600ഉം അടി വരെ താഴ്ത്തിയാലും വെള്ളം കിട്ടുന്നില്ല. ഒരു മാസം ജില്ലയില്‍ കുഴിക്കുന്നത് നൂറു കണക്കിനു കിണറുകള്‍. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ 900ലധികം കുഴല്‍ കിണറുകള്‍ ജില്ലയില്‍ കുഴിച്ചിട്ടുണ്ട്.
ജില്ലാ ഭൂജല വകുപ്പ് ഓഫിസില്‍നിന്ന് അനുമതി വാങ്ങിയശേഷമേ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പാടുള്ളുവെന്ന നിയമം ഉണ്ടെങ്കിലും അതൊന്നും പാലിക്കാറില്ല. ഈ ഓഫിസില്‍ വ്യക്തമായ കണക്കുമില്ല. കിണര്‍ കുഴിക്കുന്നതു പരിശോധിക്കാന്‍ സംവിധാനവുമില്ല. ലോറികളില്‍ ഡ്രില്ലറുകളുമായി എത്തുന്നവര്‍ രാത്രിയാണ് കുഴിക്കുന്നത്. രാവിലെ ആവുമ്പോഴേക്കും പൂര്‍ത്തിയാക്കി അവര്‍ സ്ഥലം വിടും. അനുമതി വാങ്ങാതെയാണ് മിക്കവിടങ്ങളിലും കുഴല്‍ക്കിണര്‍ ഉണ്ടാക്കുന്നത്.
കഞ്ചിക്കോട് പെപ്‌സി കമ്പനി പ്രവര്‍ത്തിക്കുന്ന ചുള്ളിമട പ്രദേശത്ത് ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കകള്‍ ഉയര്‍ത്തുന്നവിധം താഴ്ന്നിരിക്കുകയാണ്. ഈ ഭാഗത്ത് കുഴല്‍ കിണറുകളില്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ മുമ്പേയുണ്ട്. 600 അടിയോളം താഴ്ത്തി കുഴല്‍ കിണര്‍ കുഴിച്ചിട്ടും ഒരു തുള്ളി വെള്ളംപോലും കിട്ടാത്ത ഹതഭാഗ്യരെ ഇവിടെ കാണാം. കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുമെന്ന് ഉറപ്പില്ല, ലക്ഷങ്ങള്‍ ചെലവാകുകയും ചെയ്യും. കുറച്ചുകൂടി ചെലവ് കുറഞ്ഞതും വെള്ളം കിട്ടുമെന്ന് ഉറപ്പുള്ളതുമായ മാര്‍ഗമാണ് കുഴല്‍ കിണര്‍. പക്ഷെ അതിനും ഇപ്പോള്‍ ഒരു ഗ്യാരണ്ടിയുമില്ലാതായി.
വെള്ളം കിട്ടാത്ത കുഴല്‍ കിണറുകള്‍ കഞ്ചിക്കോട് മേഖലയില്‍ നിരവധിയാണ്. പെപ്‌സി പോലുള്ള കമ്പനികളും മദ്യ കമ്പനികളും ലക്ഷക്കണക്കിനു ലിറ്റര്‍ നിത്യേന ഊറ്റിയെടുക്കുമ്പോള്‍ പണം കൊടുത്താല്‍ പോലും ജനത്തിനു ദാഹജലം കിട്ടാത്ത അവസ്ഥയാണുളളത്. ഉപരിതല ജലനിരപ്പിനൊപ്പം ഭൂഗര്‍ഭ ജലവും ഏറ്റവും കൂടുതല്‍ താഴ്ന്നുകൊണ്ടിരിക്കുന്ന ജില്ലയാണ് പാലക്കാട്. വേനലിന്റെ തുടക്കത്തില്‍ തന്നെ 38 ഡിഗ്രിക്കു മുകളില്‍ ചൂട് പാലക്കാട് രേഖപ്പെടുത്തികഴിഞ്ഞു.
ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നാല്‍ വരള്‍ച്ചയ്ക്കും കൊടുംചൂടിനും വഴിവെക്കും. ഇപ്പോള്‍തന്നെ കുഴല്‍ക്കിണറുകളില്‍ നിലവിലുള്ള ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇത് കുഴല്‍ കിണറുകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കും.
ജില്ലയിലെ കുഴല്‍ കിണറുകളുടെ കണക്കെടുപ്പ് സര്‍ക്കാര്‍ 2008ല്‍ നടത്തിയിരുന്നു. കണക്കെടുപ്പ് നടത്തിയത് എന്തിനെന്ന് അറിയില്ലെങ്കിലും രണ്ടായിരത്തോളം കുഴല്‍ക്കിണറുകളാണ് അന്നു കണ്ടെത്തിയത്. കുറച്ചുകാലങ്ങളായി വേനല്‍ തുടങ്ങുമ്പോള്‍ തന്നെ ആഴ്ച്ചയില്‍ നൂറിലേറെ കുഴല്‍ കിണറുകളാണ് കുഴിക്കുന്നത്.
കാവശ്ശേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഭൂജല വകുപ്പ് ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ഇവിടെയുള്ള ആയിരത്തോളം വീടുകളില്‍ കുഴല്‍ കിണര്‍ ഇല്ലാത്തത് 150 ല്‍ താഴെ മാത്രമാണ്. മലമ്പുഴ പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ കഴിഞ്ഞയാഴ്ച്ച മാത്രം മുപ്പത് കുഴല്‍കിണറുകള്‍ കുഴിച്ചു. ജലക്ഷാമം അനുഭവപ്പെടുന്ന മലമ്പുഴ ഡാമിനരികിലായി ഇപ്പോള്‍ കുഴല്‍കിണര്‍ കുഴിച്ചു കൊണ്ടിരിക്കുകയാണ്.
വരള്‍ച്ചയില്‍ മുന്നിലായിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിനു കുടിവെള്ളം കിട്ടാതെയിരുന്നിട്ടും മദ്യകമ്പനികള്‍ക്കും കുപ്പിവെള്ള കമ്പനികള്‍ക്കും യഥേഷ്ടം വെള്ളം നല്‍കുന്നു. കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന മദ്യ കമ്പനികള്‍ക്കു പുറമെ 11 കുപ്പിവെള്ള കമ്പനികളും പാലക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം വെള്ളം എടുക്കുന്നതു കുഴല്‍ കിണറുകളില്‍ നിന്നു തന്നെയാണ്. എന്നാല്‍ ഭൂജല വകുപ്പ് ഒരു കമ്പനിയ്ക്ക് ഒരു കുഴല്‍ കിണര്‍ കുഴിക്കാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളുവെന്നതാണ് പറയുന്നത്.
തമിഴ്‌നാട്‌നിന്നുള്ള സംഘങ്ങളാണ് കുഴല്‍ കിണര്‍ കുഴിക്കാനായി വരുന്നത്. ട്രാക്ടര്‍, ലോറി എന്നിവയില്‍ ഘടിപ്പിച്ച യന്ത്രങ്ങളുമായി എത്തിയാണ് കിണര്‍ നിര്‍മാണം. ശരാശരി 250 അടിവരെ കുഴിച്ച് പൈപ്പിടുന്നതിന് 20,000 രൂപ മുതല്‍ 60,000 വരെ ചാര്‍ജ് ഈടാക്കും.
വെള്ളം കിട്ടുന്ന സ്ഥലം ശാസ്ത്രീയമായി നിര്‍ണയിക്കാതെ സൗകര്യപ്രദമെന്ന് തോന്നുന്നിടത്ത് കുഴിക്കലാണ് രീതി. കുഴിക്കാനുള്ള സമയക്കുറവും കുറച്ച് സ്ഥലവും തുറന്ന കിണര്‍ കുഴിക്കുന്നതു പോലുള്ള ചെലവും ഇല്ലെന്നതാണ് കുഴല്‍ കിണറുകളിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."