പദ്ധതി രൂപീകരണ പ്രക്രിയ മെയ് അഞ്ചിനകം പൂര്‍ത്തിയാക്കണം
കൊച്ചി: ഈ വര്‍ഷത്തെ പദ്ധതി രൂപീകരണ പ്രക്രിയ മെയ് അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ് പറഞ്ഞു. അനിവാര്യപദ്ധതികളും മുന്‍ഗണന അര്‍ഹിക്കുന്നതുമായ പദ്ധതികള്‍ ആദ്യഘട്ടത്തില്‍ തന്നെ ജില്ലാ ആസൂത്രണ സമിതിക്കു മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം തേടണം. ഇതിനായി മെയ് അഞ്ചിനു മുമ്പു മൂന്ന് ആസൂത്രണ സമിതികള്‍ ചേരണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എപ്രില്‍ 29, മെയ് രണ്ട്, അഞ്ച് തീയതികളില്‍ സമിതികള്‍ കൂടുന്നതിനു ധാരണയായി. 13-ാം പഞ്ചവത്സര പദ്ധതിയിലെ 2017-18 വാര്‍ഷിക പദ്ധതിയുടെ മാര്‍ഗരേഖകള്‍ വിശദീകരിക്കുകയായിരുന്നു ടി.കെ. ജോസ്.
വാര്‍ഷിക പദ്ധതി തയ്യാറാക്കുമ്പോള്‍ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, സമഗ്ര വിദ്യാഭ്യാസ പരിപാടി എന്നിവയ്ക്കു ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതം നൂറു ശതമാനം ചെലവഴിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പദ്ധതി വിഹിതത്തിന്റെ 70 ശതമാനവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പദ്ധതി വിഹിതത്തിന്റെ 30 ശതമാനവും ചെലവഴിച്ചിരിക്കണം. സ്പില്‍ ഓവര്‍ വര്‍ക്കുകള്‍ ജൂണ്‍ 30നു മുമ്പും പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31ന് ഡി.പി.സി. അംഗീകരിച്ച എല്ലാ പദ്ധതികളും സ്പില്‍ ഓവറായി പരിഗണിക്കും.
മാര്‍ഗനിര്‍ദ്ദേശ അവതരണത്തിനുശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അസി. എന്‍ജിനീയര്‍മാരുടെ കുറവു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു.
ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ കബിര്‍. ബി. ഹാരൂണ്‍ പ്ലാസ്റ്റിംഗ് ഷ്രഡ്ഡിംഗ് യൂനിറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചു. എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും ബ്ലോക്കുകളിലും ഓരോ യൂണിറ്റെങ്കിലും ആരംഭിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. അനിവാര്യ പദ്ധതിയിലെ (മാലിന്യ സംസ്‌ക്കരണം) 10 ശതമാനം തുക ഇതിനായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനില്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ്. വൈ. സഫീറുള്ള, പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധ്യക്ഷന്മാര്‍, ജില്ലാ ആസൂത്രണ സമിതി മെമ്പര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."