പകരം ചോദിക്കുമോ മഞ്ഞപ്പട
കൊച്ചി: ഫട്ടോര്‍ദയിലെ കനത്ത പരാജയത്തിന് ഗോവയോട് കൊച്ചിയില്‍ പകരം വീട്ടുമോ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ എഫ്.സി ഗോവയെ നേരിടാന്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഫാന്‍സിന്റെ നെഞ്ചില്‍ പെരുമ്പറ മുഴക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ഉറപ്പിക്കാനുള്ള പോരാട്ടങ്ങളിലേക്ക് കടന്നതോടെ ഏറ്റുമുട്ടലുകള്‍ക്ക് വീറും വാശിയുമേറി. നാലാം പതിപ്പിലെ 12ാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഗോവയുടേത് പത്താം മത്സരവും. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 16 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. 11 മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം 14 പോയിന്റ്. മൂന്ന് വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും.
കളി മികവിലും ഗോള്‍ അടിച്ചുകൂട്ടിയതിലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലാണ് ഗോവക്കാര്‍. 22 ഗോളുകളാണ് ഗോവ എതിരാളികള്‍ക്ക് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്‌സ് അടിച്ചതാകട്ടെ 12 എണ്ണവും. ഓരോ പോരാട്ടങ്ങളും ബ്ലാസ്റ്റേഴ്‌സിന് കലാശപ്പോര് പോലെയാണ്. ഇനി സംഭവിക്കുന്ന പരാജയങ്ങള്‍ സൂപ്പര്‍ ലീഗിലെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുമെന്നര്‍ഥം. സെമി ഫൈനല്‍ മോഹിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഗോവയെ തോല്‍പ്പിച്ചാല്‍ 17 പോയിന്റുമായി ആദ്യ നാലില്‍ എത്താം. തിരിച്ചായാല്‍ ഗോവ വീണ്ടും ഉയരങ്ങളിലേക്ക് പോകും.
താളം വീണ്ടെടുക്കാന്‍
താളവും ലക്ഷ്യബോധവും കൂടെ വിജയവും വീണ്ടെടുക്കുമോ ബ്ലാസ്റ്റേഴ്‌സ്. ഇന്നെങ്കിലും ഒരു ടീമായി മാറിയില്ലെങ്കില്‍ ദുരന്തം വലുതായിരിക്കുമെന്ന് ഡേവിഡ് ജെയിംസിന് നന്നായി അറിയാം. അതിനുള്ള തന്ത്രങ്ങളുമായിട്ടാകും ജെയിംസ് താരങ്ങളെ കളിക്കളത്തിലേക്ക് പറഞ്ഞുവിടുക.
മധ്യനിരയിലെ ഏക പ്രതീക്ഷയായ കെസിറോണ്‍ കിസിറ്റോ പരുക്കിന്റെ പിടിയിലായത് വന്‍ തിരിച്ചടിയായി. പരുക്കില്‍ നിന്ന് മുക്തരാകാത്ത ദിമിത്രി ബെര്‍ബറ്റോവും കിസിറ്റോയും ഇന്നിറങ്ങില്ല. ഇന്നലെ പരിശീലനത്തിനും ഇരുവരും എത്തിയില്ല. പകരം പ്രതിരോധത്തില്‍ നിന്ന് വെബ് ബ്രൗണ്‍ മധ്യനിരയിലേക്ക് വന്നേക്കും. പരുക്ക് മാറി റിനോ ആന്റോ പ്രതിരോധക്കോട്ടയില്‍ എത്തും. പെസിച്ചും ആദ്യ ഇലവനില്‍ ഇറങ്ങും. ജംഷഡ്പൂരിനെതിരേ ഇറങ്ങിയ ടീമില്‍ കാര്യമായ അഴിച്ചു പണി തന്നെ ഡേവിഡ് ജെയിംസ് നടത്തിയേക്കും. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും അഴിച്ചു പണിയാതെ ഗോവയെ നേരിടുക പ്രയാസകരമാണ്. വലയ്ക്ക് കീഴില്‍ സുബാശിഷ് റോയി തിരിച്ചെത്താന്‍ സാധ്യത കുറവാണ്. പോള്‍ റെച്ബുക്ക തന്നെയാകും ഗോള്‍ പോസ്റ്റിന് മുന്നില്‍. ആദ്യ ഇലവനില്‍ മാര്‍ക്ക് സിഫ്‌നിയോസ് എത്താനും സാധ്യതയില്ല. ഹ്യൂം തന്നെ ആക്രമണം നയിക്കും.
പകരക്കാരുടെ ബെഞ്ചില്‍ കരുത്തരില്ലെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എതിര്‍ ടീമുകളെ തിണ്ണമിടുക്ക് കാട്ടി കണ്ടം വഴി ഓടിക്കാനിറങ്ങുന്ന ഫാന്‍സിന്റെ പിന്തുണയില്‍ വിജയം പിടിച്ചെടുക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഫാന്‍സുകളെ തൃപ്തിപ്പെടുത്താനെങ്കിലും ഇന്ന് ഗോവയോട് വിജയം അനിവാര്യമാണ്. ഇല്ലെങ്കില്‍ കലിപ്പടക്കി കപ്പടിക്കാന്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കാം. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ടീമുകള്‍ മെച്ചപ്പെടാറാണ് പതിവ്. തുടക്കം മുതല്‍ പതറിയോടി തുടങ്ങിയ മഞ്ഞപ്പടയില്‍ ഇയാന്‍ ഹ്യൂം അടക്കം സ്ഥിരതയുള്ള രണ്ടോ മൂന്നോ താരങ്ങള്‍ മാത്രമാണ് മികവ് പുലര്‍ത്തുന്നത്. പൂര്‍ണമായും ടീമെന്ന നിലയില്‍ കളി ജയിച്ച ഒരു മത്സരം പോലുമില്ല. ഹ്യൂമിന്റെ വ്യക്തി പ്രഭാവത്തിലായിരുന്നു രണ്ട് വിജയവും.
ആക്രമിച്ച് കീഴടക്കാന്‍ ഗോവ
കിക്കോഫ് മുതല്‍ ഫൈനല്‍ വിസിലിന്റെ മുഴക്കം വരെ ആക്രമിക്കുക എന്നതാണ് ഗോവന്‍ ശൈലി. ടിക്കി ടാക്ക ശൈലിയിലുള്ള ആക്രമണ ചൂട് ഗോവയില്‍ നന്നായി തന്നെ ബ്ലാസ്റ്റേഴ്‌സ് അനുഭവിച്ചിരുന്നു. 5-2 ന്റെ വമ്പന്‍ തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ലക്ഷ്യ ബോധമില്ലാതെ മൈതാനത്ത് ഓടുന്ന ബ്ലാസ്റ്റേഴ്‌സ് താര നിരയ്ക്ക് കനത്ത വെല്ലുവിളി തന്നെയാണ് ഗോവന്‍ മുന്നേറ്റം. ഒരിക്കല്‍ കൂടി സന്തേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധം കടുത്ത പരീക്ഷണത്തിന് വിധേയരാകുന്ന ദിനമാണിന്ന്.
ജയിക്കാന്‍ മാത്രമല്ല അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുന്ന ടീം കൂടിയാണ് ഗോവ. ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമായിട്ടും ഇതുവരെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താനായിട്ടില്ല. ഒന്‍പത് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തില്‍ ഒന്നാമനായ ഫെറാന്‍ കൊറോമിനസ് ആണ് പ്രധാന ആക്രമണകാരി. ഏഴ് ഗോളുകളുമായി മൂന്നാമനായ മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടിയാണ് മറ്റൊരു താരം.
ബ്ലാസ്റ്റേഴ്‌സ് പേടിക്കേണ്ടതും ഇരുവരെയും തന്നെ. വേഗതയും കൃത്യതയാര്‍ന്ന ഫിനിഷിങുമാണ് കൊറോമിനസിന്റെ മികവ്. ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടുള്ള എല്ലാ പ്രതിരോധ കാവല്‍ക്കാരും താരത്തിന്റെ ആക്രമണ ചൂടറിഞ്ഞവരാണ്.
കൊറോമിനസിനെ തടുത്തു നിര്‍ത്തുകയെന്ന ഏറെ ദുഷ്‌കരമായ ജോലി പൂര്‍ത്തിയാക്കാന്‍ ജിങ്കനും കൂട്ടര്‍ക്കും കഠിനാധ്വാനം തന്നെ ചെയ്യേണ്ടി വരും. ഗോള്‍ വലയ്ക്ക് മുന്നില്‍ വിശ്വസ്തനായി ലക്ഷമികാന്ത് കട്ടിമണി തന്നെയെത്തും. നാരായണന്‍ ദാസ്, മുഹമ്മദ് അലി, സെര്‍ജിയോ ജെസ്റ്റി, സെറിറ്റണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ക്കും.
മധ്യനിരയില്‍ കളിമെനയാന്‍ മാനുവല്‍ ലാന്‍സറോട്ടിയ്ക്ക് പുറമേ എഡ്യു ബേഡിയ, മാനുവല്‍ അരാന, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദാര്‍ റാവു ദേശായി എന്നിവരില്‍ മൂന്ന് പേര്‍ എത്തും. പരുക്കിന്റെ പിടിയിലായ പോര്‍ച്ചുഗല്‍ താരം ബ്രൂണോ പെനീറോ പ്രതിരോധത്തില്‍ ഉണ്ടാകില്ല. ആക്രമണവും പ്രതിരോധവും തമ്മിലുള്ള ഏറ്റമുട്ടലിനാണ് കൊച്ചിയുടെ കളിത്തട്ട് കാത്തിരിക്കുന്നത്.
ഡേവിഡ് ജെയിംസിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടു. ഇന്ന് ജയിച്ച് മൂന്ന് പോയിന്റ് നേടുക എന്നതാണ് ഗോവയുടെ ലക്ഷ്യം. റഫറിയിങ്ങില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കുറ്റപ്പെടുത്താനില്ല. അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. എവേയെന്നും ഹോം മാച്ചെന്നും വേര്‍തിരിവില്ല. രണ്ട് ടീമും തുല്യരും ശക്തരുമാണ്. ആക്രമണ ശൈലിയില്‍ നിന്ന് പിന്നോട്ട് പോകില്ല. പ്രതിരോധം ശക്തിപ്പെടുത്തും.
സെര്‍ജിയോ ലൊബേറ
(മുഖ്യ പരിശീലകന്‍, എഫ്.സി ഗോവ)
കഴിഞ്ഞ തോല്‍വി മറന്നു കഴിഞ്ഞു. വളരെ നല്ല ഗുണങ്ങളുണ്ട് ഈ ടീമിന്. കളിക്കാരെ വിജയത്തിലേക്ക് പ്രാപ്തരാക്കുക എന്നതാണ് മുഖ്യം. കഠിന പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ജയവും മൂന്ന് പോയിന്റുമാണ് ലക്ഷ്യം.
ഡേവിഡ് ജെയിംസ്
(മുഖ്യ പരിശീലകന്‍, കേരള ബ്ലാസ്റ്റേഴ്‌സ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."