പൂളക്കുന്നുകാര്‍ക്ക് പുറം ലോകത്തെത്താന്‍ കുന്നിറങ്ങണം...... മലകയറണം
കല്‍പ്പറ്റ: പൂളക്കുന്ന് പ്രദേശത്തുകാര്‍ക്ക് പുറം ലോകത്തെത്താന്‍ കുന്നിറങ്ങണം മലകയറണം. വെള്ളാരംകുന്നിന് സമീപത്തെ പൂളക്കുന്ന് പ്രദേശത്തുകാര്‍ക്കാണ് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ചെങ്കുത്തായ ഇറക്കം ഇറങ്ങി അതേപോലുള്ള കയറ്റവും കയറേണ്ട ദുരവസ്ഥയുള്ളത്.
നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ശരിയായ രീതിയില്‍ നടക്കാന്‍ കഴിയുന്ന വഴിപോലുമില്ല. ഇരുന്നൂറിലധികം സ്റ്റെപ്പുള്ള നടപ്പാതയിലൂടെ ഇറങ്ങി നൂറോളം സ്‌റ്റെപ്പ് കയറിയാല്‍ മാത്രമേ ഇവിടുത്തുകാര്‍ക്ക് പുറം ലോകത്തേക്കെത്താന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ സ്‌റ്റെപ്പിലൂടെ ഇറങ്ങുകയായിരുന്ന ഒരു സ്ത്രീ കുഴഞ്ഞ് വീഴുകയും ആശുപത്രിയിലെത്തുന്നതിന് മുന്‍പേ മരണപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഒരു മാസം മുമ്പ് സമാനമായ രീതിയില്‍ ഒരാള്‍ വീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പ്രദേശത്തുകാര്‍ ഏതാണ്ട് അര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ എത്തുന്ന തങ്ങളുടെ വീട്ടിലേക്ക് നിലവില്‍ മൂന്ന് കിലോമീറ്ററിലധികം ദൂരം ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണുള്ളത്.
വീട് നിര്‍മാണത്തിനും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മറ്റും നിലവില്‍ ഇവര്‍ ആശ്രയിക്കുന്നത് വെള്ളാരംകുന്നിലെ പെരുന്തട്ടയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് പാടി റോഡിലൂടെയാണ്.
നിലവില്‍ ഇവിടെ പാലം പണിയുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതിനായി മുഖ്യമന്ത്രിക്കും എം.എല്‍.എക്കും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു.
പാലം നിര്‍മാണത്തിനായി ആവശ്യമുന്നയിച്ചപ്പോള്‍ ഫണ്ട് പാസായിട്ടുണ്ടന്നും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലെന്നും കൂടാതെ ഇവിടെ പാലം നിര്‍മിക്കാന്‍ പറ്റിയ മണ്ണല്ലെന്നുമുള്ള മുടന്തന്‍ ന്യായങ്ങളാണ് കല്‍പ്പറ്റ നഗരസഭയില്‍ നിന്നും പറഞ്ഞത്. എന്നാല്‍ ഇങ്ങനെയൊരു ഫണ്ട് പാസായതായോ പാലം നിര്‍മാണത്തിനായി ശ്രമങ്ങള്‍ നടന്നതായോ അറിവില്ലെന്നും വിവരാവകാശം വഴി കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നതായും നാട്ടുകാര്‍ ആരോപിച്ചു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ നിരാഹാര സമരമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് തയാറെടുക്കുകയാണ് പ്രദേശത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."