ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ല- സുപ്രിം കോടതി
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രിം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. വിവാഹവും കേസും രണ്ടാണ്. ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
വിവാഹം നിയമവിരുദ്ധമായ നടപടിയല്ലെന്ന് സുപ്രിം കോടതി വിലയിരുത്തി.വിവാഹത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ല. വിവാഹം കഴിച്ചയാള്‍ നല്ലയാളാണോ ചീത്തയാളാണോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢന്‍ നിരീക്ഷിച്ചു.
ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച് വിവാഹം റദ്ദാക്കാനാവില്ല. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം റദ്ദാക്കാനാവില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് രക്ഷിതാക്കള്‍ക്കൊപ്പം വിടാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ വിധിയായി സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടില്ല.
കേസില്‍ ഹാദിയയുടെ ഭാഗം വ്യക്തമാക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. ഈ കേസില്‍ ഹാദിയയെ കൂടി കോടതി കക്ഷി ചേര്‍ത്തു. വിവാഹവുമായി ബന്ധപ്പെട്ട നിലപാട് സത്യവാങ്മൂലം വഴി ഹാദിയക്ക് സമര്‍പ്പിക്കാം.
കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റി.
ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിപരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ്പരിഗണിച്ചത്.
കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രിംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."