മന്ത്രിയുടെ മെഡി.കോളജ് സന്ദര്‍ശനം; എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ രോഗികള്‍
മെഡിക്കല്‍ കോളജ്: അധികാരമേറ്റ ശേഷം ആദ്യമായി ആരോഗ്യവകുപ്പ് മന്ത്രി എ.കെ.ഷൈലജ മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചു. രണ്ടു ദിവസം മുന്‍പായിരുന്നു സന്ദര്‍ശനം. ആശുപത്രിയിലെത്തിയ മന്ത്രി പക്ഷേ,വാര്‍ഡുകളിലേക്കു വന്നില്ലെന്നു രോഗികള്‍ക്കു പരാതിയുണ്ട്. ആശുപത്രിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും വകുപ്പ് മേധാവികളുമായും ആശയവിനിമയം നടത്തിയ മന്ത്രി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേരിട്ടിടപെടുന്ന ജീവനക്കാരെ ആരെയും കണ്ടില്ലെന്നും പരാതിയുണ്ട്.
മന്ത്രി എത്തുന്നതറിഞ്ഞ് രോഗികളും അവരുടെ ബന്ധുക്കളും പരാതികളും നിവേദനങ്ങളുമായി കാത്തു നിന്നെങ്കിലും മന്ത്രിയുടെ അടുത്തേക്കു പോകാന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ല.
ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചു വ്യാപക പരാതികളാണുള്ളത്. മരുന്നു ക്ഷാമമാണ് അതില്‍ പ്രധാനം. ആശുപത്രിയില്‍ നിന്നു കുറിച്ചു നല്‍കുന്ന മരുന്നുകളധികവും ഇവിടെ തന്നെയുള്ള ഫാര്‍മസികളില്‍ കിട്ടാറില്ല. മരുന്നുകള്‍ ഇരട്ടിവില കൊടുത്തു പുറത്തു നിന്നു വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. സ്‌കാനിങ് വിഭാഗത്തില്‍ അടിക്കടിയുണ്ടാകുന്ന യന്ത്രത്തകരാറും രോഗികളെ വലക്കുന്നുണ്ട്. ആശുപത്രി ക്യാംപസിനുള്ളിലെ വഴിയോരക്കച്ചവടക്കാരുടെ തട്ടിപ്പുകളെ കുറിച്ചു വ്യാപക പരാതിയാണുള്ളത്. രാത്രി കാലങ്ങളില്‍ ആശുപത്രി പരിസരത്തെ സാമൂഹ്യ വിരുദ്ധ ശല്യവും രോഗികളെ ഭയപ്പെടുത്തുന്നുണ്ട്. പുതുതായി അധികാരമേറ്റ മന്ത്രി എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് രോഗികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."