രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കുന്നതില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴുപേരെ വിട്ടയക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ഇക്കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുന്നുവെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് മൂന്നുമാസത്തെ കാലാവധിയും നല്‍കി. രാജീവ് ഗാന്ധിയെ സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതി മുന്‍പാകെയുള്ളത്.
1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കവെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. വിചാരണക്കോടതി കേസിലെ 26 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്ക് മാത്രമായി വധശിക്ഷ ചുരുക്കി.
പിന്നീട് ഇവരുടെ ശിക്ഷ ജീവപര്യന്തമായും കുറച്ചു. ദയാഹരജിയില്‍ രാഷ്ട്രപതി തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 23 വര്‍ഷം പ്രതികള്‍ ജയിലില്‍ കഴിഞ്ഞത് പരിഗണിച്ചായിരുന്നു സുപ്രിം കോടതി ഇളവുനല്‍കിയത്. ഇതേത്തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് ചോദ്യംചെയ്ത് അന്നത്തെ യു.പി.എ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് തമിഴ്‌നാടിന്റെ നടപടി സുപ്രിം കോടതി സ്‌റ്റേചെയ്തു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സി അന്വേഷിച്ച കേസാണിത്.
പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ടത് രാജ്യദ്രോഹവും വിധ്വംസക പ്രവര്‍ത്തനങ്ങളുമുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ്. അതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാരിനുമാത്രമെ അധികാരമുള്ളൂവെന്നും സംസ്ഥാനങ്ങള്‍ക്കില്ലെന്നുമുള്ള കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചായിരുന്നു സുപ്രിം കോടതി ഉത്തരവ്.
പിന്നീട് കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടായതോടെ ഇവരെ വിട്ടയക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2016 മാര്‍ച്ചില്‍ തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ ഈ ആവശ്യവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം എതിര്‍ത്തു.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് പേരറിവാളന്‍ നല്‍കിയ ഹരജിയും കോടതിയുടെ മുന്‍പാകെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."