സ്വകാര്യബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി
ചേര്‍ത്തല: വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌റ്റോപ്പുകളില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ വിദ്യാര്‍ഥികളെ ബസില്‍ പ്രവേശിപ്പിക്കാത്ത പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. സ്‌റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ പോകുന്നത് പലയിടങ്ങളിലും പതിവാണ്. വൈകുന്നേരങ്ങളില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് സമയത്ത് വീട്ടിലെത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
ഇരുട്ടില്‍ യാത്രചെയ്യേണ്ട ദുരവസ്ഥ നിമിത്തം കുട്ടികളും വീട്ടുകാരും ആശങ്കപ്പെടുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു.
യൂണിഫോമില്‍ കുട്ടികളെ കണ്ടാല്‍ ബസ് നിര്‍ത്തുകയോ അവരെ കയറ്റുകയോ ചെയ്യാത്തത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്റ് പി.എസ് പുഷ്പരാജും സെക്രട്ടറി സി ശ്യാംകുമാറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."