സഹപാഠികള്‍ക്ക് വെളിച്ചമെത്തിക്കാന്‍ വിദ്യാര്‍ഥികള്‍
കൂത്തുപറമ്പ്: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ പങ്കാളികളായി വിദ്യാര്‍ഥികളും. പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാരാണ് പിണറായി ഗ്രാമപഞ്ചായത്തിലെ രണ്ടു വീടുകളില്‍ വയറിങ് നടത്തുന്നത്. സ്‌കൂളിലെ വിദ്യാര്‍ഥികളും സഹോദരങ്ങളുമായ മയൂഖ, അഭിനവ് എന്നിവരുടെ വീടുകളാണിത്. മൂന്നു വര്‍ഷത്തോളമായി ഇവര്‍ ഈ വീട്ടില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം വീട് വൈദ്യുതീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഈ വീട്ടിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
വിദ്യാര്‍ഥികള്‍ മുന്നോട്ടു വന്നതോടെ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ പിണറായി ഏറിയ കമ്മിറ്റിയും വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങളുമായി രംഗത്തുവന്നു. ഈ വീടിനു പുറമെ ഉമ്മന്‍ചിറയില്‍ ഉമൈബയുടെ വീട്ടിലുമാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വയറിങ് നടത്തുന്നത്. വയറിങ് പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ നിര്‍വഹിച്ചു. കെ.പി അസ് ലം അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ആര്‍ ഉഷ നന്ദിനി, എ ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."