ഔഡിയല്ല പ്രശ്‌നം; മനോഭാവമാണ്
ദിവസങ്ങള്‍ക്കുമുമ്പ് ചാനല്‍ചര്‍ച്ചയില്‍ ഒരു യുവ എം.എല്‍.എ അതില്‍ പങ്കെടുത്ത മറ്റുള്ളവരെ കൂപമണ്ഡൂകങ്ങളെന്ന് അധിക്ഷേപസ്വരത്തില്‍ വിളിച്ചു. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട ബിനോയ് കോടിയേരി 53.61 ലക്ഷം രൂപയുടെ വായ്പയെടുത്ത് ഔഡി കാര്‍ വാങ്ങുകയും വായ്പാപണം തിരിച്ചടയ്ക്കുകയും ചെയ്യാതിരുന്നതു ശരിയായില്ലെന്ന പരാമര്‍ശമാണ് എം.എല്‍.എയെ ക്ഷുഭിതനാക്കിയത്.
''നിങ്ങളൊക്കെ ഏതു നാട്ടിലാണു ജീവിക്കുന്നത്. കൂപമണ്ഡൂകങ്ങളെപ്പോലെ വിവരക്കേടു പറയരുത്. നമ്മുടെ നാട്ടില്‍ ഇന്നോവ കാറില്‍ സഞ്ചരിക്കുന്നത് ആര്‍ഭാടമല്ലല്ലോ. അതുപോലെ ഗള്‍ഫിലും മറ്റും സാധാരണക്കാര്‍പോലും ഉപയോഗിക്കുന്നതാണ് ഔഡി പോലുള്ള കാറുകള്‍. അതു മനസ്സിലാകണമെങ്കില്‍ കിണറ്റിലെ തവളകളെപ്പോലെ ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞാല്‍പ്പോരാ...'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അദ്ദേഹം പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയാണ്. ഇടയ്ക്കിടെ ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും നമ്മളെപ്പോലുള്ളവരെ സാമ്പത്തികം സമ്മതിക്കില്ലല്ലോ. അതുകൊണ്ട്, 4.8 ദശലക്ഷം യു.എസ് ഡോളര്‍ വിലവരുന്ന കോനിഗ്‌സെഗും 4.5 ദശലക്ഷം ഡോളര്‍ വിലവരുന്ന ലംബോര്‍ഗിനി വെനേനോയും 2.5 മില്യന്‍ ഡോളര്‍ വിലവരുന്ന ഫെറാറി എഫ് 60 യും പോലുള്ള കാറുകളൊക്കെ മറ്റു രാജ്യങ്ങളില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.
അതിനാല്‍, അദ്ദേഹം പറഞ്ഞപോലെ ഗള്‍ഫ്‌നാടുകളിലുള്‍പ്പെടെ സാധാരണക്കാര്‍പോലും ഔഡി കാറുകളിലാണു സഞ്ചരിക്കുന്നതെന്ന വാദം അംഗീകരിക്കുന്നു. അവിടെയൊക്കെ എല്ലാവര്‍ക്കും ജീവിക്കാന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളാണുള്ളതെന്നും വിശ്വസിക്കുന്നു. പക്ഷേ, സംശയം അവിടെയും തീരുന്നില്ല, അമേരിക്കയും ജര്‍മനിയും ഓസ്‌ട്രേലിയയും പോലുള്ള ബൂര്‍ഷ്വാരാജ്യങ്ങളെയും എണ്ണപ്പണം വിളയുന്ന അറേബ്യന്‍ നാടുകളെയും മാതൃകയാക്കിയാണോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്വപ്നം കാണുന്ന, വര്‍ഗസമരസിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അതിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കമ്യൂണിസ്റ്റും അദ്ദേഹത്തിന്റെ കുടുംബവും ജീവിക്കേണ്ടത്.
ഈ ചോദ്യത്തിന് ആ യുവ എം.എല്‍.എയില്‍ നിന്നു കിട്ടിയ മറുപടി പണ്ടൊരു നേതാവു പറഞ്ഞ് എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ അതേ വാചകമായിരുന്നു, ''പരിപ്പുവടയും കട്ടന്‍ചായയും കഴിച്ചു പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ കാലം കഴിഞ്ഞുപോയി.''
ചര്‍ച്ചയില്‍ ചിലര്‍ തന്റെ പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും അദ്ദേഹത്തിന്റെ മകനുമെതിരേ പറഞ്ഞ പരാമര്‍ശത്തില്‍ തിളച്ചുനില്‍ക്കുകയായിരുന്നു ആ യുവനേതാവ്. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ഗള്‍ഫില്‍നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന പേരില്‍ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ഔഡി കാറു വാങ്ങാന്‍ 3,13,200 ദിര്‍ഹവും ബിസിനസ് ആവശ്യങ്ങള്‍ക്കായി 45 ലക്ഷം ദിര്‍ഹവും വായ്പയെടുത്തെന്നും തിരിച്ചടവു മുടക്കിയെന്നും ഈടായി നല്‍കിയ ചെക്ക് അക്കൗണ്ട് നിലവിലില്ലാത്തതിനാല്‍ മടങ്ങിയെന്നുമാണു ദുബായിലെ ജാസ് ടൂറിസം ഉടമ ഹസ്സന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍മര്‍സൂഖിയുടെ പരാതിയായി പുറത്തുവന്നത്.
പണം കൊടുക്കാനുണ്ടെന്നതു ശുദ്ധനുണയാണെന്നും 2016 ല്‍ ഈ സാമ്പത്തികപ്രശ്‌നം ഒത്തുതീര്‍പ്പായതാണെന്നും ആരോപണം വാര്‍ത്തയായ ഘട്ടത്തില്‍ത്തന്നെ ബിനോയിയും കോടിയേരിയും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അതുതന്നെയാണ് യുവ എം.എല്‍.എയും ആവര്‍ത്തിച്ചത്. ബിനോയ് നിരപരാധിയാണെന്നു തങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ തെളിയിക്കുമെന്നും അപ്പോള്‍ മാധ്യമങ്ങള്‍ മാപ്പുപറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശരിയാണ്, അദ്ദേഹം പറഞ്ഞപോലെ ബിനോയിക്കെതിരേ ഔദ്യോഗികമായി ഒരു പരാതിയും കേരളത്തിലോ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലുമോ ഉണ്ടായിട്ടില്ല. ദുബായിലെ ജാസ് ടൂറിസം ഉടമയുടേതാണെന്നു പറഞ്ഞു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച കത്തു മാത്രമാണ് ആകെയുള്ള തുമ്പ്. അതിനാല്‍, ബിനോയ് തട്ടിപ്പു നടത്തിയെന്നും കോടിയേരിക്ക് ആ തട്ടിപ്പ് അറിയാമായിരുന്നെന്നും കണ്ണുമടച്ചു കുറ്റപ്പെടുത്താനാകില്ല. അതു ശരിയോ തെറ്റോ എന്നു നീതിപീഠത്തിനു മുന്നില്‍ തെളിയിക്കപ്പെടേണ്ടതാണ്. അതിനാല്‍ ആ ആരോപണം മാറ്റിവയ്ക്കാം.
പക്ഷേ, അവഗണിക്കാനാവാത്ത വിഷയം വേറേയുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലുള്ളയാള്‍ ആര്‍ഭാടജീവിതം നയിക്കാമോ എന്നതാണത്. കമ്മ്യൂണിസ്റ്റോ കമ്മ്യൂണിസ്റ്റിന്റെ മകനോ മകളോ ഭാര്യയോ ബിസിനസ് ആവശ്യത്തിനു പണം വായ്പയെടുക്കുന്നതു സ്വാഭാവികം. എടുത്ത കാശു സമയത്തിനു തിരിച്ചുകൊടുത്താല്‍ മതി. ബിസിനസ് ആവശ്യത്തിനായി വാഹനം വാങ്ങിയാലും കുറ്റം പറയാന്‍ കഴിയില്ല.
എന്നാല്‍, വാങ്ങുന്നെങ്കില്‍ ദശലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വാഹനം തന്നെയായിരിക്കണമെന്നു ശഠിക്കണമോ. ഔഡി ഒരു പ്രതീകം മാത്രമാണ്. കമ്മ്യൂണിസ്റ്റുകളുടെയും അവരുടെ കുടുംബത്തിന്റെയും ആര്‍ഭാടജീവിതത്തിന്റെ പ്രതീകം. പരിപ്പുവടയും കട്ടന്‍ചായയും മാത്രം കഴിച്ചല്ല പോയകാലത്തെ കമ്മ്യൂണിസ്റ്റുകള്‍ ജീവിച്ചതെന്നു നമുക്കറിയാം. അതൊരു പ്രതീകമായിരുന്നു, കമ്മ്യൂണിസ്റ്റിന്റെ ലാളിത്യത്തിന്റെ പ്രതീകം. ആര്‍ഭാടത്തില്‍ ജീവിക്കുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗത്തിന്റെ പ്രതീകമായിരിക്കുകയാണോ ഔഡി.
മാര്‍ക്‌സിസം ലെനിനിസത്തെക്കുറിച്ചും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും അല്‍പ്പമെങ്കിലും വായിച്ചറിവുള്ള ആളുകള്‍ക്കു മനസ്സിലാകാത്തത് അതാണ്. ഈ മനസ്സിലാകായ്കയെയാണ് ആ യുവ എം.എല്‍.എ കൂപമണ്ഡൂകബുദ്ധിയെന്നു വിശേഷിപ്പിച്ചത്. ഇത് ഒരു ബിനോയിയുടെ മാത്രം പ്രശ്‌നമല്ല. ലോകത്തിന്റെ മറ്റു ദിക്കുകളിലേക്കും ദേശങ്ങളിലേക്കും പോകേണ്ട, ഈ ഇന്ത്യയില്‍, അതിനുള്ളിലെ കൊച്ചുകേരളത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും അവരുടെ മക്കളുടെയും ജീവിതനിലവാരം വളരെയേറെ മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് ഇന്നോവയും ഔഡിയും ബി.എം.ഡബ്ലിയുവും മെഴ്‌സിഡസ് ബെന്‍സുമൊക്കെ ആര്‍ഭാടത്തിന്റെ ചിഹ്നമല്ലാതായിക്കഴിഞ്ഞു. അവരുടെ മക്കള്‍ ബിരുദകോഴ്‌സ് കടന്നുകിട്ടിയാല്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയാകാന്‍ അര്‍ഹതയുള്ളവരാകും. അതല്ലെങ്കില്‍ കോടീശ്വരന്മാരുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വൈസ്പ്രസിഡന്റായിത്തീരും. ഏതെങ്കിലും എന്‍ജിനീയറിങ് കോഴ്‌സ് വിജയിച്ചാലുടന്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ സി.ഇ.ഒ ആകാം. അവരുടെ മക്കള്‍ക്കു ബിസിനസ് തുടങ്ങാന്‍ ധനകാര്യസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ടതില്ല. കോടിക്കണക്കിനു രൂപ ഒഴുകിയെത്തും.
കോണ്‍ഗ്രസ്സുകാരിലും ബി.ജെ.പിക്കാരിലും മറ്റും ഇതൊന്നുമില്ലേയെന്നു മറുചോദ്യത്തിനു സാധ്യതയുണ്ട്. തീര്‍ച്ചയായും ഇതിന്റെ പതിന്മടങ്ങ് ഉണ്ടാകാം. പക്ഷേ, അവയൊന്നും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളല്ല, ബൂര്‍ഷ്വാ പാര്‍ട്ടികളാണ്. അത്തരം പാര്‍ട്ടികളുടെ നേതാക്കള്‍ ചെയ്യുന്ന തെറ്റ് അതുപോലെ ആവര്‍ത്തിക്കരുതല്ലോ കമ്മ്യൂണിസ്റ്റ് നേതാക്കള്‍.
സമ്പന്നകുടുംബങ്ങളില്‍ പിറന്നിട്ടും അടിച്ചമര്‍ത്തപ്പെട്ടവരുടെ വികാരങ്ങള്‍ നെഞ്ചേറ്റി അവര്‍ക്കുവേണ്ടി സകലതും ത്യജിച്ചു സമരരംഗത്തേയ്ക്ക് എടുത്തചാടി ജന്മികളുടെയും പൊലിസിന്റെയും പട്ടാളത്തിന്റെയും അടിയും ഇടിയും കൊണ്ട എത്രയോ സഖാക്കള്‍ ഇവിടെയുണ്ടായിരുന്നു. അവര്‍ സ്വന്തം സൗഭാഗ്യം തേടിപ്പോയവരല്ല. സമസ്തജനങ്ങളെയും പട്ടിണിയില്‍നിന്നു കരകയറ്റണമെന്നതായിരുന്നു അവരുടെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് ഓര്‍ക്കാനെങ്കിലും ഓര്‍ക്കേണ്ടതാണ് അത്.
പരിപ്പുവടയും കട്ടന്‍ചായയും കഴിച്ചു പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട കാലം അതിക്രമിച്ചെന്നു തോന്നുന്നവരുണ്ടാകാം. എന്നാല്‍, ദിവസത്തില്‍ ഒരു നേരം അരവയറെങ്കിലും നിറയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്ന കോടിക്കണക്കിനു മനുഷ്യര്‍ ജീവിക്കുന്ന നാടാണ് ഇന്ത്യ. ഇന്നോവയിലും ഔഡിയിലും സഞ്ചരിക്കുമ്പോള്‍ നമ്മള്‍ അതു മറക്കരുത്. മറന്നാല്‍ ചരിത്രം നമ്മെ കുറ്റക്കാരെന്നു വിധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."