കാറ്റലന്‍ നേതാവിന് തിരിച്ചടിയായി സ്പാനിഷ് കോടതിയുടെ വിധി
മാഡ്രിഡ്: കാറ്റലോണിയയുടെ ഭരണം ഏറ്റെടുക്കാനുള്ള മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിന്റെ നീക്കം തടഞ്ഞ് സ്പാനിഷ് കോടതി. വിദേശത്തിരുന്ന് പ്രദേശത്തിന്റെ പ്രസിഡന്റ് പദവി വഹിക്കാനാകില്ലെന്ന് മാഡ്രിഡിലെ സുപ്രിംകോടതി വ്യക്തമാക്കി.
സ്പാനിഷ് സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം ഡിസംബര്‍ 24നു നടന്ന കാറ്റലോണിയ പൊതുതെരഞ്ഞെടുപ്പില്‍ പുജിമോന്റിന്റെ നേതൃത്വത്തിലുള്ള കക്ഷികള്‍ ഉജ്ജ്വല വിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പുജിമോന്റ് മാത്രമായിരുന്നു സ്ഥാനാര്‍ഥിയായി ഉണ്ടായിരുന്നത്.
സര്‍ക്കാരിന്റെ നേതൃത്വം വിദേശത്തുവച്ച് ഏറ്റെടുക്കാന്‍ പുജിമോന്റ് നീക്കം നടത്തുന്നതിനിടെയാണു കോടതിയുടെ തിരിച്ചടി. വിദേശത്തുവച്ച് പ്രാദേശിക ഭരണകൂടത്തിന്റെ അധികാരം കൈയാളാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പുജിമോന്റ് നേരിട്ട് കാറ്റലന്‍ പാര്‍ലമെന്റില്‍ എത്തുകയും മുന്‍കൂട്ടി അനുവാദം വാങ്ങുകയും ചെയ്താല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
എന്നാല്‍, വിഡിയോ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പുജിമോന്റിന് ഭരണം സുഗമമായി നിര്‍വഹിക്കാനാകുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വാദിച്ചു. രാജ്യത്തെ ഒരു പിടികിട്ടാപ്പുള്ളി ഇവിടത്തെ പ്രാദേശിക പാര്‍ലമെന്റിനു നേതൃത്വം നല്‍കുന്നതിന്റെ നിയമപരമായ തടസങ്ങള്‍ സ്പാനിഷ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു.
നേരത്തെ, ജനഹിത പരിശോധനയെ തുടര്‍ന്ന് ഒക്ടോബറില്‍ പുജിമോന്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാറ്റലോണിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പാര്‍ലമെന്റ് ഇത് പാസാക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെ സര്‍ക്കാരിനെ സ്പാനിഷ് ഭരണകൂടം പുറത്താക്കുകയും മന്ത്രിമാര്‍ അടക്കമുള്ള സ്വാതന്ത്ര്യവാദികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് ഏതാനും മന്ത്രിമാരുമായി പുജിമോന്റ് ബെല്‍ജിയത്തിലേക്കു കടന്നത്. സ്‌പെയിനില്‍ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."