എസ്.എസ്.എല്‍.സി പരീക്ഷയില്‍ റൈറ്റിങ് ബോര്‍ഡ് ഉപയോഗിക്കാം
മലപ്പുറം: കുണ്ടുംകുഴിയുമുള്ള ഡെസ്ക്കില്‍ പരീക്ഷ എഴുതിയതിനാല്‍ എഴുത്ത് നന്നായില്ലെന്ന പതിവ് പരാതി വേണ്ട. ഇത്തവണ എസ്.എസ്.എല്‍.സി എഴുതുന്നവര്‍ക്ക് റൈറ്റിങ് ബോര്‍ഡ് ഉപയോഗിക്കാന്‍ അനുമതി നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
എസ്.എസ്.എല്‍.സി പരീക്ഷാവേളയില്‍ ചില സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് റൈറ്റിങ് ബോര്‍ഡ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും ചിലയിടങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ അനുവാദം നല്‍കുന്നില്ലെന്നുമുള്ള തരത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബാലവകാശ കമ്മിഷന് നല്കിയ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
എസ്.എസ്.എല്‍.സി പരീക്ഷാസമയത്ത് റൈറ്റിങ് ബോര്‍ഡുകളില്‍ എഴുത്തുകുത്തുകള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇന്വിജിലേറ്റര്മാര്ക്കാണ്.
എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും ഇതുസംബന്ധിച്ച് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."