പറമ്പിക്കുളം ആളിയാര്‍ കരാര്‍: പുനരവലോകന റിപ്പോര്‍ട്ട് ഫ്രീസറില്‍
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിനായി തയാറാക്കിയ റിപ്പോര്‍ട്ട് 15 വര്‍ഷംമുന്‍പ് പൂഴ്ത്തിയതായി രേഖ. ഇരുസംസ്ഥാനങ്ങളും പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഉന്നത ഉദ്യോഗസ്ഥ ലോബിയും ഭരണകൂടവും ചേര്‍ന്ന് പൂഴ്ത്തിയത്.
റിപ്പോര്‍ട്ട്പ്രകാരം കരാര്‍ പുനരവലോകനം നടത്താന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയാറായില്ല. എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കരാറിനെക്കുറിച്ചു പഠിക്കാന്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടെക്‌നിക്കല്‍ കമ്മിറ്റി ഉണ്ടാക്കിയത്. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടി.കെ ശശി, ജലസേചന വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ ടി. രാജഗോപാല്‍, കെ.എസ്.ഇ.ബി മെമ്പര്‍ സി. അബ്ദുല്ല (ട്രാന്‍സ്മിഷന്‍), തമിഴ്‌നാട്ടിലെ ജലവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരായ എസ്. മുത്തുബൊമ്മു, ഡി. ഹരി റാം, കെ.എസ് .ഇ.ബി ചീഫ് എന്‍ജിനീയര്‍ വി. ഗണപതി എന്നിവരടങ്ങിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കി 2003ല്‍ സമര്‍പ്പിച്ചത്. 1994ല്‍ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ആറ് കരാര്‍ ലംഘനങ്ങള്‍ തമിഴ്‌നാട് നടത്തിയതായി കണ്ടെത്തിയിരുന്നു. കാടമ്പാറ ഡാം, വണ്ടാല്‍ ഡാം തുടങ്ങിയവ സ്വന്തം ഇഷ്ടപ്രകാരം തമിഴ്‌നാട് നിര്‍മിച്ചിരുന്നു. കൂടാതെ കരാറില്‍ പറഞ്ഞതിലും കൂടുതല്‍ വെള്ളം തമിഴ്‌നാട് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. കരാറില്‍ കേരളത്തിന് ദോഷകരമായി ഉണ്ടായിട്ടുള്ള വ്യവസ്ഥകള്‍ മാറ്റാനും ഇരുകൂട്ടരും ഒന്നിച്ചു നടപ്പാക്കേണ്ട കാര്യങ്ങള്‍ തമിഴ്‌നാട് ഏകപക്ഷീയമായി നടപ്പാക്കരുതെന്നും പദ്ധതിപ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ കേരളവുമായി ആലോചിച്ച ശേഷമേ നടപ്പാക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. 197പേജ് വരുന്ന റിപ്പോര്‍ട്ട് ഇപ്പോഴും സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ചുകിടക്കുകയാണ്. മുന്‍ മദ്രാസ് സംസ്ഥാനത്തിന്റെ ആദ്യകാല പറമ്പിക്കുളം പദ്ധതി അന്നത്തെ തിരുകൊച്ചി സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട ്‌കേരളാ സംസ്ഥാന രൂപീകരണത്തിനുശേഷമാണ് അന്നത്തെ ഇ.എം.എസ് സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചത്. ഈ കരാറിന്റെ നിയമ സാധുതയെക്കുറിച്ചും സംശയമുണ്ട്. മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ കരാര്‍ പുനരവലോകനം നടത്താമെന്ന വ്യവസ്ഥയുണ്ടെങ്കിലും സര്‍ക്കാരുകള്‍ അതിന് തയാറായില്ല. ഈ വരുന്ന നവംബര്‍ ഒന്‍പതിന് 60 വര്‍ഷം തികയും. അതിനുള്ളിലെങ്കിലും പുനരവലോകനം നടത്താന്‍ സര്‍ക്കാര്‍ തയാറാവുമോയെന്നാണ് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. 15 വര്‍ഷം മുന്‍പ് ഇരുസംസ്ഥാനത്തെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നാണ് ഈരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പുതിയ സാഹചര്യത്തില്‍ തമിഴ്‌നാട് കരാറിന് വിരുദ്ധമായി അണക്കെട്ടുകളും ചെക്ക്ഡാമുകളുമൊക്കെ നിര്‍മിച്ച് കേരളത്തിലേക്ക് എത്തേണ്ട മഴവെള്ളംപോലും തടഞ്ഞുകൊണ്ടിരിക്കുമ്പോഴും കേരളം അനങ്ങാപ്പാറ നയം സ്വീകരിച്ചുവരുന്നതില്‍ ദുരൂഹതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."