അപകടക്കെണിയായി ബൈസണ്‍വാലി ടീക്കമ്പനി ചപ്പാത്ത്
അടിമാലി : ബൈസണ്‍വാലി ടീക്കമ്പനിക്കു സമീപത്ത് കൊടും വളവില്‍ മുതിരപ്പുഴയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന കൈവരികളില്ലാത്ത ഇടുങ്ങിയ ചപ്പാത്ത് അപകടക്കെണിയാകുന്നു.
കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, മുട്ടുകാട് പ്രദേശങ്ങളെ കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയുമായി പെരിയകനാല്‍ ഭാഗത്ത് ബന്ധിപ്പിക്കുന്ന കുഞ്ചിത്തണ്ണി പുതയല്‍പ്പാറ പൊതുമരാമത്ത് റോഡിലാണു ഒരു വാഹനത്തിനു കഷ്ടിച്ച് കടന്നുപോകുവാന്‍ മാത്രം വീതിയുള്ള ചപ്പാത്ത് സ്ഥിതിചെയ്യുന്നത്.
പെരിയാറിന്റെ മുഖ്യ കൈവഴികളിലൊന്നായ മുതിരപ്പുഴയാറിന്റെ ശാഖയാണു പാതയെ മുറിച്ച് ഒഴുകുന്നത്. അവികസിത കുടിയേറ്റ ഗ്രാമമായിരുന്ന ഇവിടെ ആദ്യകാലത്ത് പുഴ ഇറങ്ങിക്കടന്ന് വേണമായിരുന്നു മറുകരയെത്തുവാന്‍.
പാറക്കെട്ട് നിറഞ്ഞ അപകടകാരിയായ പുഴ മഴക്കാലത്ത് ഇരു കരകളും കവിഞ്ഞ് ഒഴുകുമ്പോള്‍ നാട്ടുകാര്‍ക്ക് ഏറെ ദൂരം ചുറ്റി വളഞ്ഞ് സഞ്ചരിക്കണമായിരുന്നു. അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് നാട്ടുകാരുടെ പരാതി പരിഗണിച്ച് തൂക്കുപാലം നിര്‍മ്മിച്ചുവെങ്കിലും ഏറെ നാള്‍ നിന്നില്ല. 20 വര്‍ഷം മുന്‍പാണു ഇന്നുള്ള കോണ്‍ക്രീറ്റ് ചപ്പാത്ത് നിര്‍മ്മിച്ചത്. മൂന്നര മീറ്ററില്‍ താഴെ മാത്രമെ ഇതിനു വീതിയുള്ളു. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ നിര്‍മ്മിച്ചതിനാല്‍ കൈവരികളും സ്ഥാപിച്ചിരുന്നില്ല. ജലനിരപ്പില്‍ നിന്നും അധികം ഉയരമില്ലാത്തതിനാല്‍ കുത്തിറക്കം ഇറങ്ങി വേണം ഇതിലേയ്ക്ക് പ്രവേശിക്കുവാന്‍.
ഇരു കരകളിലെയും അപ്പ്രോച്ച് റോഡിനു എട്ട് മീറ്ററോളം വീതി ഉണ്ടെങ്കിലും ചപ്പാത്തിന്റെ മേല്‍ത്തട്ടിന്റെ വീതിക്കുറവ് മുന്‍ പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് വലിയ ബുധിമുട്ടാണു സൃഷ്ടിക്കുന്നത്. ഇരു ഭാഗത്തും കൊടും വളവുകളും വീതിക്കുറവുള്ള റോഡുമാണെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുകയാണു.
ദിവസേന ഇരുപതോളം ബസ്സുകള്‍ നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നത് ഇടുങ്ങിയ ഈ ചപ്പാത്തിനു മുകളിലൂടെയാണു. ഇതിനു പുറമെ ഭാര വണ്ടികളും, വലുതും ചെറുതുമായ നൂറുകണക്കിനു വാഹനങ്ങളും, കാല്‍നട യാത്രക്കാരും കടന്നു പോകുന്നുണ്ട്. മൂന്നാര്‍ ചിന്നക്കനാല്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സാമിപ്യം മൂലം ബൈസണ്‍വാലി പഞ്ചായത്ത് അതിവേഗം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
വിവിധ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെയും, ചിത്തിരപുരം,ആനച്ചാല്‍, സൂര്യനെല്ലി, ചിന്നക്കനാല്‍, മൂന്നര്‍,ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളുടെയും വാഹനങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കടന്നു പോകുന്നതും ഇതുവഴിയാണു. കുറഞ്ഞ ദൂരത്തില്‍ ദേശീയപാതയില്‍ എത്താമെന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി തമിഴ്‌നാടില്‍ പോയി വരുന്നതിനും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിപണികളില്‍ എത്തിക്കുന്നതിനും ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. പാതയുടെ പ്രാധാന്യം മനസിലാക്കി എത്രയും വേഗം പുതിയ പാലം നിര്‍മ്മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."