ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് പീഡനം: അധ്യാപിക അറസ്റ്റില്‍
തൊടുപുഴ: ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയുടെ പുറത്ത് പേപ്പര്‍ എഴുതി ഒട്ടിച്ച സംഭവത്തില്‍ അധ്യാപികയുടെ അറസ്റ്റ് ഇന്നലെ രാത്രി വൈകി പൊലിസ് രേഖപ്പെടുത്തി.
രാത്രി 8.45 മണിയോടെയാണ് ഇവര്‍ കാളിയാര്‍ പൊലിസ് സ്‌റ്റേഷനിലെത്തിയത്.തൊടുപുഴ കാളിയാര്‍ ജയറാണി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയും നാഗാലാന്‍ഡ് സ്വദേശിനിയുമായ അസ്സന്റെ അറസ്റ്റാണ് പൊലിസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രി തന്നെ ഇവരെ പൊലിസ് വിട്ടയച്ചു. വക്കീലിനും രണ്ട് കേരള ജാമ്യക്കാര്‍ക്കുമൊപ്പമായിരുന്നു അധ്യാപിക സ്റ്റേഷനിലെത്തിയത്. അതേ സമയം ഇവരുടെ യഥാര്‍ത്ഥ പേര് വായിച്ചെടുക്കാനാകാതെ പൊലിസ് കുഴങ്ങുകയാണ്. ഇന്നലെ രാവിലെ ഹാജരാകുവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്.ഐ വിഷ്ണുകുമാര്‍ എസ്.പിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു. വരുന്നതായി അറിയിച്ചെങ്കിലും മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് വിവാദ നായിക എത്തിയത്.
കഴിഞ്ഞ ഒമ്പതിനാണ് സ്‌കൂളില്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ അധ്യാപിക പേപ്പര്‍ ക്‌ളിപ്പ് ചെയ്തത്. ഇംഗ്ലീഷില്‍ എഴുതിയിരുന്ന പേപ്പറില്‍ 'ഞാന്‍ അനുസരണയില്ലാത്തയാളാണ്... എല്ലായിപ്പോഴും മലയാളമേ സംസാരിക്കൂ' എന്നാണ് എഴുതിയിരുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുട്ടികളെ മാനസികമായി തളര്‍ത്തും എന്ന് കാട്ടി പൊലിസ് ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75 പ്രകാരം കേസെടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് ഇവരെ നീക്കിയതായി കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലും അറിയിച്ചിരുന്നു. അതേ സമയം പരാതി നല്‍കിയതല്ലാതെ മൊഴിയെടുക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ കുട്ടിയുടെ പിതാവ് സഹകരിക്കുന്നില്ലെന്ന് എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."