പത്മ പുരസ്‌കാരം: സംസ്ഥാനത്തിന്റെ പട്ടിക വെട്ടിനിരത്തി
തിരുവനന്തപുരം: പത്മ പുരസ്‌കാരം നല്‍കുന്നതിനായി സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍നിന്ന് ഒരാള്‍ ഒഴികെ എല്ലാവരെയും വെട്ടിനിരത്തി. കേരളം ശുപാര്‍ശചെയ്ത 42 പേരില്‍ 41 പേരെയും കേന്ദ്രം തള്ളുകയായിരുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നല്‍കിയ വിവരാവകാശ രേഖയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷനും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍, സിനിമാ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, പെരുവനം കുട്ടന്‍മാരാര്‍, കവയത്രി സുഗതകുമാരി എന്നിവര്‍ക്ക് പത്മഭൂഷനും നല്‍കാനായിരുന്നു കേരളത്തിന്റെ ശുപാര്‍ശ. എന്നാല്‍, പട്ടികയിലെ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രമാണ് കേരളത്തിന്റെ അക്കൗണ്ടില്‍ പുരസ്‌കാരം ലഭിച്ചത്.
പട്ടികയിലുണ്ടായിരുന്ന എം.ടിയെ വെട്ടി ആര്‍.എസ്.എസ് താത്വികാചാര്യന്‍ പി. പരമേശ്വരന് പത്മവിഭൂഷന്‍ നല്‍കി. കൂടാതെ കേരളം ശുപാര്‍ശചെയ്യാത്ത ഡോ.എം.ആര്‍ രാജഗോപാലിനും ലക്ഷ്മിക്കുട്ടിയമ്മക്കും പത്മശ്രീയും നല്‍കി.
പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കര്‍ണാടക സംഗീതജ്ഞന്‍ കെ.ജി ജയന്‍, നടന്‍ ജി.കെ പിള്ള, മാതംഗി സത്യമൂര്‍ത്തി, നടന്‍ നെടുമുടി വേണു, ഗായകന്‍ പി. ജയചന്ദ്രന്‍, കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍, ഡോ.ബി. ഇക്ബാല്‍, ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍, എഴുത്തുകാരനായ ടി.പദ്മനാഭന്‍, എം.കെ സാനു, സി. രാധാകൃഷ്ണന്‍, ഫാ. ഡേവിസ് ചിറമേല്‍, സൂര്യാ കൃഷ്ണമൂര്‍ത്തി, ചവറ പാറുക്കുട്ടി, കലാനിലയം പരമേശ്വരന്‍, സദനം കൃഷ്ണന്‍കുട്ടി നായര്‍, കാനായി കുഞ്ഞിരാമന്‍, പണ്ഡിറ്റ് രമേശ് നാരായണന്‍, എം. സുബ്രമഹ്മണ്യ ശര്‍മ്മ, കലാമണ്ഡലം വിമല മേനോന്‍, പുതുമന ഗോവിന്ദന്‍ നമ്പൂതിരി, പഴയന്നൂര്‍ പരമേശ്വരന്‍, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ഇ.പി ഉണ്ണി, ഡോ.സഞ്ജീവ് തോമസ്, എം.കെ രാമന്‍ മാസ്റ്റര്‍, ഡോ. ജയകുമാര്‍, ഡോ. ശശിധരന്‍, ടെയോട്ട സണ്ണി, സായിറാം ഭട്ട്, ഇ. ചന്ദ്രശേഖരന്‍ നായര്‍, അശ്‌റഫ് താമരശ്ശേരി, വാണിദാസ് എളയാവൂര്‍, ഗ്രേഷ്യസ് ബെഞ്ചമിന്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കാനായിരുന്നു കേരളത്തിന്റെ ശുപാര്‍ശ.
പട്ടിക തയാറാക്കുന്നതിനായി മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി, കമ്മിറ്റി സെക്രട്ടറി, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഈ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച ശേഷം കേന്ദ്രത്തിന് കൈമാറുകയായിരുന്നു.
അതിനിടെ, പത്മവിഭൂഷന്‍ പുരസ്‌കാരത്തിന് പി. പരമേശ്വരനെ ശുപാര്‍ശചെയ്തത് നാലുപേരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ഒരാള്‍ അദ്ദേഹം തന്നെയാണ്. തിരുവനന്തപുരം സ്വദേശികളായ 'കെ' എന്നയാള്‍, സുരേഷ്, രാജ്യസഭയിലെ മലയാളിയായ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ എന്നിവരും പരമേശ്വരനെ ശുപാര്‍ശ ചെയ്തു.
ഇതില്‍ 'കെ'യും സുരേഷും സ്വാമി പ്രകാശാനന്ദയുടെ പേരും കോട്ടയം സ്വദേശി അനിരുദ്ധ് ഇന്ദുചൂഡന്‍ എന്നയാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരും അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."