അയ്യപ്പനുവേണ്ടി സുരേഷ് ഒരുക്കുന്നു; ഒറിജിനലിനെ വെല്ലുന്ന പുലിയെ
നിലമ്പൂര്‍: സുരേഷ് കുമാര്‍ ഒരുക്കിയ പുലിയെ കണ്ടാല്‍ ആരും ഒന്നു ഞെട്ടും. മണലൊടിയിലെ ഇലക്ട്രീഷ്യന്‍ ആയ കൂടംതൊടി സുരേഷ് കുമാറാണ് ശില്‍പികളെ പോലും അമ്പരപ്പിച്ച് അയ്യപ്പക്ഷേത്രത്തിനായി ഒറിജിനലിനെ വെല്ലുന്ന പുലിരൂപം തയാറാക്കിയിരിക്കുന്നത്. ഭഗവാന്‍ അയ്യപ്പന്റെ വാഹനമായ പുലിയുടെ രൂപമാണ് മൂന്ന് ദിവസം കൊണ്ട് ഫൈബറില്‍ സുരേഷ് കുമാര്‍ നിര്‍മിച്ചത്. മുമ്മുള്ളി അയ്യപ്പന്‍ കാവിനു വേണ്ടിയാണ് പുലിയുടെ രൂപം തയാറാക്കിയിരിക്കുന്നത്.
ഏകദേശം നാല് അടി നീളവും രണ്ടര അടി ഉയരവുമുള്ള പുലിയെ പൂര്‍ണമായും ഫൈബറിലാണ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ മോള്‍ഡ് ഉണ്ടാക്കിയാണ് ഇത്തരം രൂപങ്ങള്‍ ഫൈബറില്‍ ഒരുക്കാറുള്ളതെങ്കിലും ഒറിജിനലിനെ വെല്ലുന്ന ഈ പുലിയെ നിര്‍മിക്കാനായി മോള്‍ഡുപോലും ഒരുക്കിയിരുന്നില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. പുലിയുടെ രൂപം ചിത്രത്തില്‍ നോക്കി നിര്‍മിക്കുകയായിരുന്നു.
നിര്‍മാണം പൂര്‍ത്തിയായ പുലിയെ ക്ഷേത്രം ഭാരവാഹികളെത്തി കൊണ്ടുപോയി. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ പുലി വാഹകനായ അയ്യപ്പന്റെ പ്ലോട്ടും ഈ ശില്‍പം ഉപയോഗിച്ച് തയാറാക്കി. നേരത്തെ ആനകളുടെ യാഥാര്‍ഥ വലിപ്പത്തിലുള്ള ഏഴ് രൂപങ്ങള്‍ തയാറാക്കി പ്രശസ്തി നേടിയിട്ടുണ്ട്.
ജന്മനാ ലഭിച്ച കഴിവുകളാണ് ഒരിടത്തും പോകാതെ സ്വന്തമായി ശില്‍പികളെ വെല്ലുന്ന ശില്‍പകലകള്‍ സുരേഷിന്റെ കരവിരുതില്‍ ഒരുങ്ങുന്നത്. ചുമര്‍ചിത്രങ്ങളും മറ്റു ശില്‍പ കലകളിലും പ്രാവീണ്യമുള്ള സുരേഷ് കിണര്‍ റീച്ചാര്‍ജ്ജ് സംവിധാനവും സ്വന്തമായി തയാറാക്കി നല്‍കി വരുന്നുണ്ട്. വണ്ടൂര്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ ജോലി ചെയ്യുന്ന ഭാര്യ പ്രീതയും, മക്കളായ അമര്‍നാഥും, അഖിന്‍ സുരേഷും പ്രോല്‍സാഹനമായി കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."