ജുബൈല്‍ എസ്‌കെഐസി -എസ് വൈഎസ് മനുഷ്യജാലിക സംഘടിപ്പിച്ചു
ദമാം: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സുന്നി യുവജന സംഘം ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു.
നിരവധി പ്രവര്‍ത്തകര്‍ അണി നിരന്ന ജാലികയില്‍ ഇന്ത്യയിലെ മതേതര മനസ്സ് കാത്തു സൂക്ഷിക്കണമെന്നും അതിനായി സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിക്കണമെന്നും വിവിധ മതങ്ങളോട് സഹിഷ്ണുതയോടും പെരുമാറണമെന്നും ഓര്‍മ്മിപ്പിച്ചു.
വര്‍ത്തമാന കാലത്ത് ഇന്ത്യയില്‍ വിവിധ കാരണങ്ങളാല്‍ മനുഷ്യ ഹൃദയങ്ങളെ വിഭജിക്കുകയാണെന്നും അതിനായി ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ മഹിതമായ സൗഹൃദ പാരമ്പര്യത്തെ തകര്‍ത്ത് വര്‍ഗ്ഗീയ ദ്രുവീകരണം നടത്തി അധികാരം നിലനിര്‍ത്താനുള്ള ഭരണകൂട ശ്രമത്തെ നഖ ശിഖാന്തം എതിര്‍ക്കാന്‍ മത നിരപേക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
നാനാതത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യ അതിന്റെ ഭരണഘടന നിലപാടുകളില്‍ ഉറച്ചു തന്നെ നീങ്ങണമെന്നും സംഗമം ആവശ്യപ്പെട്ടു.
സുലൈമാന്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാഖവി ജാലിക സന്ദേശം നല്‍കി. നൗഷാദ് കെ എസ് പുരം മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുദ്ധീന്‍ മൗലവി, അബ്ദുസ്സലാം കൂടരഞ്ഞി, അബ്ദുസ്സലാം ഹുദവി ചെമ്മാട്, അബൂജിര്‍ഫാസ് മൗലവി, കബീര്‍ ഫൈസി ദമാം, അഷ്‌റഫ് അശ്‌റഫി, നൗഫല്‍ നാട്ടുകല്‍ സംസാരിച്ചു. മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."