ട്രംപിനെ വെല്ലുവിളിച്ച് ഉ.കൊറിയയുടെ മിസൈല്‍
പ്യോങ്‌യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. മിസൈല്‍ പരീക്ഷണം ദ.കൊറിയന്‍ പ്രസിഡന്റിന്റെ ഓഫിസായ ബ്ലൂ ഹൗസും സ്ഥിരീകരിച്ചു. വടക്കന്‍ പ്യോങ്്‌യാങ്ങ് മേഖലയിലെ ബാങ്്‌യോനില്‍ പ്രാദേശിക സമയം രാവിലെ 7.55 നാണ് പരീക്ഷണം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തി സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനമെന്നത് ശ്രദ്ധേയമാണ്.
അമേരിക്കയും യു.എസും 100 ശതമാനം സഖ്യമായി തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. കിഴക്കന്‍ ജപ്പാന്‍ കടലില്‍ 500 കി.മി അടുത്താണ് മിസൈല്‍ പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസൈല്‍ പരീക്ഷണം അസഹനീയമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.
മിസൈല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്ന് ജപ്പാന്‍ സൈന്യവും അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ട്രംപ് ജപ്പാനും ദ.കൊറിയയുമായുള്ള സഖ്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജപ്പാനില്‍ കൂടുതല്‍ യു.എസ് സൈനിക സാന്നിധ്യം ഏര്‍പ്പെടുത്താനാണ് ധാരണയായത്. ഇത് ഉത്തര കൊറിയയെ ലക്ഷ്യംവച്ചുള്ളതാണ്.
കഴിഞ്ഞ വര്‍ഷം ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉള്‍പ്പെടെ നിരവധി തവണ മിസൈല്‍ പരീക്ഷണങ്ങളും ഉ.കൊറിയ നടത്തിയിരുന്നു. അമേരിക്കയെ ലക്ഷ്യം വച്ചുള്ള മിസൈലുകളും പരീക്ഷിച്ചു. ഉ.കൊറിയക്കെതിരേ യു.എസും യു.എന്നും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജപ്പാന്‍ ഉള്‍ക്കടലിന് മുകളില്‍ 500 കിലോ മീറ്ററോളം പറന്നതിന് ശേഷമാണ് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ വക്താവ് പറഞ്ഞു. ഏതിനത്തിലുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സീയുള്‍ സന്ദര്‍ശനത്തിനിടെ ഏത് തരത്തിലുള്ള ആയുധ പരീക്ഷണവും കര്‍ശനമായി അടിച്ചമര്‍ത്തുമെന്ന് യു.എസ് പുതിയ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രസ്താവന നടത്തിയിരുന്നു.
യുഎസിനും സഖ്യകക്ഷികള്‍ക്കും എതിരേയുള്ള എന്തെങ്കിലും ആക്രമണങ്ങള്‍ക്ക് തക്കമറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.എസിന്റെ ഭീഷണികള്‍ക്കുള്ള ഉത്തര കൊറിയയുടെ പ്രതികരണമാണ് മിസൈല്‍ പരീക്ഷണം എന്ന് ദക്ഷിണ കൊറിയ പ്രസ്താവനയില്‍ പറയുന്നു. 4000 കി.മി ദൂരപരിധിയുള്ള മുസുദാന്‍ മിസൈലും അമേരിക്കയെ ലക്ഷ്യംവച്ച് ഈയിടെ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."