സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ഗസ്റ്റ് ഹൗസില്‍ സൗജന്യ താമസം തുടരും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള അതിഥി മന്ദിരങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു സൗജന്യ താമസം വിലക്കിക്കൊണ്ടുള്ള മന്ത്രി ജി. സുധാകരന്റെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തി. കേസ് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിഥി മന്ദിരങ്ങളില്‍ താമസിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി.
സി.ബി.ഐക്ക് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഗസ്റ്റ് ഹൗസില്‍ സൗജന്യ താമസം അനുവദിക്കാനാവില്ലെന്നും മുന്‍പ് സൗജന്യമായി ഉപയോഗിച്ചതിന് ഈടാക്കണമെന്നുമായിരുന്നു സുധാകരന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് മുഖ്യമന്ത്രി പുതിയ ഉത്തരവിറക്കിയത്.
സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സുധാകരന്റെ ഉത്തരവനുസരിച്ചു നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ 9,40,000 രൂപ മുറി വാടക ഇനത്തില്‍ സി.ബി.ഐ കുടിശ്ശിക വരുത്തിയതായി കണ്ടെത്തിയിരുന്നു. ഈ തുക സി.ബി.ഐയില്‍ നിന്ന് ഈടാക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."