അല്‍പം മസ്തിഷ്‌ക ചിന്തകള്‍
മനുഷ്യനെ മനുഷ്യനാക്കുന്നത് മസ്തിഷ്‌കമാണെന്നാണല്ലോ പറയാറ്. ചിന്തിക്കാനും ചിരിക്കാനുമുള്ള അത്ഭുതാവഹമായ കഴിവ് കൈമുതലായിട്ടുള്ളവനാണു മനുഷ്യന്‍. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തിന്റെ കേന്ദ്രമാണു മസ്തിഷ്‌കം. സെറിബ്രം, സെറിബെല്ലം, ബ്രെയിന്‍ സ്റ്റം എന്നീ മൂന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണു മസ്തിഷ്‌കം.
ഇതില്‍ ഏറ്റവും വലിയ ഭാഗം സെറിബ്രം ആണ്. സെറിബ്രത്തെ രണ്ട് അര്‍ധഗോളങ്ങളായി-വലതെന്നും ഇടതെന്നും- തിരിച്ചിരിക്കുന്നു. ഓരോ അര്‍ധഗോളങ്ങളിലും നാലു ഭാഗങ്ങളുണ്ട്. ഫ്രോണ്ടല്‍(-frontal), ടെംപോറല്‍-(-temporal), പരീറ്റല്‍-(-parietal), ഓക്‌സിപിറ്റല്‍(occipital) എന്നിവയാണത്. ഓരോ ഭാഗത്തിനും കൃത്യമായ ചുമതലകളുമുണ്ട്. തിരിച്ചറിവു മുതല്‍ പ്രതികരണം വരെ-ഓര്‍മ, വികാരങ്ങള്‍ തുടങ്ങി- ഒരു വ്യക്തിയുടെ കാര്യനിര്‍വാഹക സംഘം എന്നു വേണമെങ്കില്‍ മസ്തിഷ്‌ക കോശങ്ങളെ വിളിക്കാം.
രക്തക്കുഴലുകള്‍ വഴി തടസമില്ലാതെ ഓക്‌സിജനും ഗ്ലുക്കോസും എത്തുന്നതു കൊണ്ടാണു മസ്തിഷ്‌കം നമുക്കു വേണ്ടി കൃത്യമായി പണിയെടുക്കുന്നത്. രക്തക്കുഴലുകള്‍ വഴിയുള്ള ഈ യാത്ര കൃത്യമായി നടക്കാതിരിക്കുകയും തലച്ചോറിന്റെ ഒരു ഭാഗത്തിന് ഓക്‌സിജനും ഗ്ലുക്കോസും കിട്ടാതിരിക്കുകയും ചെയ്യുമ്പോഴാണു മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. ഒരു വര്‍ഷം ഒരു ലക്ഷം പേരില്‍, 180 മുതല്‍ 300 പേര്‍ക്കു വരെ മസ്തിഷ്‌കാഘാതം സംഭവിക്കുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാന്‍സറും ഹൃദ്‌രോഗങ്ങളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണകാരണമായിട്ടുള്ളത് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതമാണ്. മസ്തിഷ്‌കാഘാതം വന്നവരില്‍, അഞ്ചുപേരില്‍ ഒരാള്‍ എന്ന നിരക്കിലാണു മരണം സംഭവിക്കുന്നത്. അതു കൂടാതെ ജീവിതത്തിലേക്കു തിരിച്ചുവരുന്നവരില്‍ പകുതി പേരും വൈകല്യങ്ങളോടെയാണു ശിഷ്ടകാലം ജീവിക്കുന്നത്.
മസ്തിഷ്‌കാഘാതം രണ്ടു തരത്തില്‍ സംഭവിക്കാം. രക്തക്കുഴലില്‍ രക്തക്കട്ട വന്നു നിന്ന് തടസം സംഭവിക്കുമ്പോള്‍ ആണ് ഒന്ന്. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയ ഭാഗങ്ങളോടു ചേര്‍ന്നാണ് ഈ രക്തക്കട്ടകള്‍ കൂടുതലായും ഉണ്ടാകുന്നത്. മറ്റൊന്ന്, രക്തക്കുഴലുകള്‍ പൊട്ടുന്നതു വഴി രക്തസ്രാവം ഉണ്ടാവുന്നതാണ്. അനിയന്ത്രിതമായ അമിത രക്തസമ്മര്‍ദമാണ് ഇതിനുള്ള പ്രധാന കാരണം.
മസ്തിഷ്‌കാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ നമ്മുടെ ജീവിതശൈലിയിലും അതുവഴി വരുന്ന ജീവിതശൈലി രോഗങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്. അവ ഇവയൊക്കെയാണ്:
-പുകവലി
-മദ്യപാനം
-രക്തസമ്മര്‍ദം
-ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നത്
-അമിതവണ്ണം
-ഹൃദയ സംബന്ധമായ അസുഖങ്ങള്‍
തിരിച്ചറിയാനും ശരിയായ ചികിത്സ ലഭ്യമാക്കാനുമുള്ള കാലതാമസമാണു മസ്തിഷ്‌കാഘാതത്തിന്റെ കാര്യത്തില്‍ നമ്മുടെ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നം. സ്‌ട്രോക്ക് സംഭവിച്ച് ആദ്യത്തെ നാലുമണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണ്. സമയം വൈകുംതോറും നാശം സംഭവിക്കുന്ന മസ്തിഷ്‌ക കോശങ്ങളുടെ എണ്ണവും കൂടുന്നു. ഒരിക്കല്‍ നഷ്ടപ്പെടുന്ന കോശങ്ങളെയാവട്ടെ തിരികെ കൊണ്ടുവരാനും സാധിക്കുന്നില്ല. സമയദൈര്‍ഘ്യം കുറച്ചു കൊണ്ട്, പരിപൂര്‍ണ നാശത്തില്‍നിന്നു കോശങ്ങളെ രക്ഷിക്കുക എന്നുള്ളതാവണം മസ്തിഷ്‌കാഘാത അവബോധത്തിന്റെ പ്രധാന ലക്ഷ്യം.
സ്‌ട്രോക്ക് എങ്ങനെ വരുന്നു?
തലവേദന, തലകറക്കം, ചര്‍ദി, കൈകാലുകളിലെ മരവിപ്പ്, ഒരു വശത്തെ ബലക്കുറവ്, കാഴ്ചയ്ക്കു മങ്ങലുണ്ടാവുക... അങ്ങനെ ചെറിയ ചെറിയ അസ്വസ്ഥതകളിലൂടെ കടന്നുവരുന്നു സ്‌ട്രോക്ക്. ആഘാതം പിടിമുറുക്കുന്നതു ചലനശക്തിയിലും സ്പര്‍ശനശക്തിയിലുമാണ്. മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങള്‍ രോഗി പറയുന്നതിനെക്കാള്‍ കൂടുതല്‍ ഒരല്‍പം നിരീക്ഷിച്ചാല്‍ കൂടെയുള്ളവര്‍ക്കു മനസിലാക്കാന്‍ സാധിക്കും.
ഒന്ന്-രോഗിയോട് ചിരിക്കാന്‍ പറയുക. മസ്തിഷ്‌കാഘാതം മുഖത്തെ പേശികളുടെ ചലനത്തെ ബാധിക്കുന്നതു കാരണം രോഗിക്കു സ്വാഭാവികമായ രീതിയില്‍ ചിരിക്കാന്‍ സാധിക്കാതെ വരുന്നു.
രണ്ട്-രോഗിയോട് കൈകള്‍ രണ്ടും സമാന്തരമായി മുകളിലേക്ക് ഉയര്‍ത്താന്‍ പറയുക. ആഘാതം സംഭവിച്ച വശത്തിന് എതിര്‍വശത്തെ കൈ ഉയര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
മൂന്ന്-രോഗിയോട് സംസാരിക്കാന്‍ അല്ലെങ്കില്‍ തുടര്‍ച്ചയായി എണ്ണാന്‍ പറയുക. അതിനുള്ള ബുദ്ധിമുട്ട് മസ്തിഷ്‌കാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കില്‍ രോഗിക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുക. ഇതുകൂടാതെ രോഗിയുടെ ചലനത്തിലോ പ്രതികരണങ്ങളിലോ അസ്വാഭാവികതകള്‍ തോന്നുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തിക്കുക.
ശരിയായ ശരീരപരിശോധന, സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയവയിലൂടെയാണ് ആശുപത്രിയില്‍ വച്ചു മസ്തിഷ്‌കാഘാതം സ്ഥിരീകരിക്കുന്നത്. ഇതുകൂടാതെ ഇ.സി.ജി, രക്തപരിശോധനകള്‍ എന്നിവ നടത്തി അപകടഘടകങ്ങളെ കണ്ടെത്തുന്നു.
മസ്തിഷ്‌കാഘാതം എങ്ങനെ ചികിത്സിക്കാം എന്നതിലേക്കു വരാം.
രക്തക്കട്ട രക്തക്കുഴലില്‍ അടിഞ്ഞുണ്ടാകുന്ന സ്‌ട്രോക്ക് ആണെങ്കില്‍, രക്തക്കട്ട അലിയിച്ചു കളയാനുള്ള മരുന്ന് നല്‍കുന്നു. ഇതിന് 'ത്രോംബോളൈസിസ് '(thrombolysis) എന്നാണു പറയുന്നത്. ഇതിനു തുടര്‍ച്ചയായി രക്തം കട്ടപിടിക്കാതിരിക്കാനും രക്തത്തിന്റെ കനം കുറയ്ക്കാനുമുള്ള മരുന്നുകള്‍ നല്‍കുന്നു. ഇതുകൂടാതെ ശസ്ത്രക്രിയ വഴി രക്തക്കട്ട എടുത്തുകളയുകയും ചെയ്യുന്നുണ്ട്.
രക്തക്കുഴല്‍ പൊട്ടിയുണ്ടാകുന്ന മസ്തിഷ്‌കാഘാതങ്ങളില്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ വഴിയും ചികിത്സിക്കപ്പെടുന്നു.
മസ്തിഷ്‌കാഘാത രോഗികളെ നിത്യജീവിതത്തിലേക്കു പുനരധിവസിപ്പിക്കാന്‍ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയവയുടെ സഹായം കൂടെ ലഭ്യമാക്കേണ്ടതുണ്ട്.
മസ്തിഷ്‌കാഘാതം സംശയിക്കപ്പെടുന്ന രോഗിക്ക് എത്രയും വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കുക. 'FAST' ആയി കാര്യങ്ങള്‍ ചെയ്യുക. നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ 'FAST'ല്‍ ഉണ്ട്. Face, Arm, Speech, Time to call emergency. അഥവാ മുഖം, കൈകള്‍, സംസാരം എന്നിവ ശ്രദ്ധിക്കുക. ഇതൊരു അടിയന്തിര ഘട്ടമാണെന്നു മനസിലാക്കുക.
മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇതു മാത്രമായിരിക്കണം എന്നു നിര്‍ബന്ധമില്ല. ഈ ലക്ഷണങ്ങള്‍ കാണിക്കാതെയും മസ്തിഷ്‌കാഘാതം സംഭവിക്കാം. മിക്ക സാഹചര്യങ്ങളിലും കൂടുതലായും കണ്ടുവരുന്ന ലക്ഷണങ്ങള്‍ എന്ന നിലയിലും, സാധാരണക്കാരനു മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്തവ എന്ന നിലക്കുമാണ് FAST പ്രാധാന്യമര്‍ഹിക്കുന്നത്. അതുകൊണ്ടുതന്നെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ രോഗിക്കു സമയനഷ്ടം സംഭവിക്കാതെ ഡോക്ടറുടെ ഉപദേശം തേടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."