മന്ത്രിയുടെ ഫോണിനായി കൂട്ടത്തിരച്ചില്‍
കൊടുങ്ങല്ലൂര്‍: മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നറിഞ്ഞ് എം.എല്‍.എയും പൊലിസും കൂട്ടത്തിരച്ചില്‍ നടത്തി. പരക്കം പാച്ചിലിനൊടുവില്‍ ഫോണ്‍ തിരികെ കിട്ടി. അഴീക്കോട് അഴിമുഖത്ത് ഡ്രഡ്ജിങ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഫോണ്‍ ആണ് കാണാതായത്. ഡ്രഡ്ജിങ് ഉദ്ഘാടനത്തിനായി ബോട്ട് യാത്ര കഴിഞ്ഞെത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കിടെ ഫോണ്‍ മന്ത്രിയുടെ കൈയിലില്ലെന്നറിഞ്ഞതോടെ തിരച്ചില്‍ ആരംഭിച്ചു. പൊലിസും, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയുള്‍പ്പെടെയുള്ള ജനപ്രതിനിധികളുമെല്ലാം തിരച്ചിലില്‍ പങ്കെടുത്തു. ഇതിനിടെ മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയതായുള്ള വിവരം എം.എല്‍.എക്ക് ലഭിച്ചു.
അഴീക്കോട്ടേക്ക് എത്തും മുന്‍പ് മന്ത്രി പങ്കെടുത്ത എടവിലങ്ങ് ഹയര്‍ സെക്കന്‍ഡറിയിലെ ഹൈടെക് സ്കൂള്‍ ഉദ്ഘാടന വേദിയില്‍ നിന്നുമാണ് മറന്നു വച്ച ഫോണ്‍ കിട്ടിയത്. അഴീക്കോട് നിന്ന് മടങ്ങും വഴി മന്ത്രി നന്ദിപൂര്‍വ്വം ഫോണ്‍ കൈപ്പറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."