പങ്കാളിത്ത പെന്‍ഷന്‍: പ്രത്യേക സമിതിയെ നിയോഗിക്കും
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിശ്ചിത കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടും. പുതുതായി സര്‍വിസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സമ്പ്രദായം നിലവില്‍വന്നശേഷം സര്‍വിസില്‍ കയറിയ 65,692 പേരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് 370 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ പുഞ്ചക്കാട്ട് പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രകാരമുള്ള പുനരധിവാസവും നഷ്ടപരിഹാരത്തിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി. കൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംഭരണശാല തുടങ്ങുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ ടേംസ് ഓഫ് റഫറന്‍സ് സമര്‍പ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്. സംഭരണശാല തുടങ്ങുന്നതിന് ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്ടറേറ്റ്, പെട്രോളിയം & എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ആവശ്യമാണ്. സുരക്ഷ സംബന്ധിച്ചുള്ള സൈറ്റ് അപ്രൈസല്‍ ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സും നല്‍കേണ്ടതുണ്ട്. അതനുസരിച്ച് മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയുള്ളൂ. ഇതുസംബന്ധിച്ച് കമ്പനി അപേക്ഷ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."