കുരീപ്പുഴക്ക് നേരെയുള്ള ആക്രമണം അപലപനീയം: കവി പി കെ ഗോപി
ദമാം: പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്‍.എസ്.എസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും, ജാതിമതശക്തികള്‍ അസഹിഷ്ണുത പരത്തുന്ന വര്‍ത്തമാനകേരളത്തിന്റെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും പ്രശസ്തകവിയും ഗാനരചയിതാവുമായ പി.കെ.ഗോപി പറഞ്ഞു.
നവയുഗം സാംസ്‌കാരികവേദിയുടെ അതിഥിയായി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങാന്‍ ദമാം എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹം, മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
കേരളം കലയും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും സാമൂഹികപരിവര്‍ത്തനങ്ങളും വഴി ദശകങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ട് നേടിയ പുരോഗമനസമൂഹത്തെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന സംഘടിതപ്രവര്‍ത്തനങ്ങളാണ് ഇന്ന് ജാതിമതവര്‍ഗ്ഗീയ കോമരങ്ങള്‍ നടത്തുന്നത്.
സ്വതന്ത്രചിന്തയുള്ള മനുഷ്യര്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അവരെ കായികമായി ആക്രമിയ്ക്കുന്ന പ്രവണത അത്യന്തം അപകടകരമാണ്. ജാതിമതഭ്രാന്തിന്റെ പുതിയ മുഖമാണോ അതോ കേന്ദ്രഭരണം കൈവെള്ളയില്‍ ഉള്ളതിന്റെ ബാക്കിപത്രമാണോ ഈ അസഹിഷ്ണുത എന്ന് ബന്ധപ്പെട്ടവര്‍ പറയണം. ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ കേരളസമൂഹവും ഭരണാധികാരികളും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."