തെരുവുനായ ശല്യം: ജസ്റ്റിസ് സിരിജഗന്‍ കമ്മിഷന്‍ സുപ്രിം കോടതിയില്‍
തിരുവനന്തപുരം: തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി. തെരുവുനായ്ക്കള്‍ പെറ്റു പെരുകുന്നത് തടയുന്നത് മാത്രമല്ല തെരുവ് നായ ശല്യം പരിശോധിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനെയും അവഹേളിച്ചു.
ജസ്റ്റിസ് സിരിജഗന്‍ തന്നെയാണ് സര്‍ക്കാര്‍ സഹകരിക്കുന്നില്ലായെന്ന് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍കൂട്ടി അറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജില്ലാ കലക്ടര്‍മാരോ വിളിച്ചു ചേര്‍ത്ത ഹിയറിങ്ങുകളില്‍ പങ്കെടുത്തില്ലായെന്നും സിരിജഗന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിരിജഗന്‍ കമ്മിറ്റിയുടെ മൂന്നാമത്തെ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിന് എതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നഷ്ട പരിഹാരത്തിനായി വിവിധ ജില്ലകളില്‍ നിന്ന് 402 പരാതികള്‍ കമ്മിറ്റി മുമ്പാകെ ലഭിച്ചു.
എന്നാല്‍ പരാതികള്‍ കേള്‍ക്കുന്നതിനായി വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച സിറ്റിങ്ങുകളില്‍ സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരോ കലക്ടറോ പങ്കെടുത്തില്ല.
റവന്യൂ സെക്രട്ടറിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടി എങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.19 പരാതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 33,37,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിറ്റി കോടതിയോട് ശുപാര്‍ശ ചെയതിട്ടുണ്ട്. എന്നാല്‍ വളര്‍ത്തുനായയുടെ കടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കില്ല. തെരുവ് നായ കാരണം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കാഞ്ഞിരംകുളം സ്വദേശി പി.എസ് ബിജുവിന് ഗ്രാമ പഞ്ചായത്ത് പതിനെട്ടര ലക്ഷം രൂപ നല്‍കണം.
സമാനമായ മറ്റൊരപകടത്തില്‍ ഭര്‍ത്താവ് മരിച്ച കൊല്ലം സ്വദേശിനി ഷെമിക്ക് കൊല്ലം കോര്‍പറേഷന്‍ ഏഴു ലക്ഷത്തി അറുപതിനായിരം രൂപ നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."