പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം: ഇടനിലക്കാരന്‍ ബജ്‌റംഗ്ദളിലെ ബല്‍റാം സിങ്
ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനിടെ അറസ്റ്റിലായ സത്‌നയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബല്‍റാം സിങ് ആണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയെയും ഇന്ത്യയിലെ ചാരസംഘത്തെയും ബന്ധിപ്പിച്ച കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ 11 പേരും നടത്തിയ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സൂക്ഷിച്ച ബല്‍റാം സിങ് തന്നെയാണ് ഐ.എസ്.ഐയെയും ഇന്ത്യന്‍ സംഘത്തെയും തമ്മില്‍ ബന്ധിപ്പിച്ച കണ്ണി. ചാരശൃംഖലയില്‍പ്പെട്ടവര്‍ക്കു ലഭിച്ച പണമിടപാടുകളുടെ രേഖകളും അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്നതായി രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറിയിച്ചു. പിടികൂടിയവരില്‍ ബല്‍റാംസിങ് ഉള്‍പ്പെടെയുള്ള ആറുപേരെ കഴിഞ്ഞദിവസം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കമലേഷ് കുമാര്‍ മുമ്പാകെ ഹാജരാക്കി. അന്വേഷണത്തിന്റെ ഭാഗമായി സംഘത്തെ റിമാന്‍ഡില്‍ വിട്ടുകിട്ടണമെന്ന എ.ടി.എസിന്റെ ആവശ്യം അംഗീകരിച്ച കോടതി, ഇവരെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ളവരെ ഈ മാസം 28 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബല്‍റാമിന്റെ കൈവശമുള്ള നൂറുകണക്കിനുവരുന്ന എ.ടി.എം കാര്‍ഡുകളുടെ രഹസ്യകോഡുകള്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ട്. മുന്നൂറോളം എ.ടി.എം കാര്‍ഡുകളും നിരവധി സിമ്മുകളും ബല്‍റാമില്‍ നിന്നു കണ്ടെടുത്തതായി എ.ടി.എസ് പറഞ്ഞു. ഐ.എസ്.ഐയുടെ യു.എ.ഇയിലെ തലവനുമായുള്ള ബന്ധമാണ് ബല്‍റാമിനെ ചാരവൃത്തിയിലേക്ക് അടുപ്പിച്ചത്. പിന്നീട് നാട്ടിലെത്തിയ ശേഷം ഇദ്ദേഹമാണ് ചാരശൃംഖലയിലേക്ക് ആളുകളെ റിക്രൂട്ട്‌ചെയ്തതെന്നും എ.ടി.എസ് കോടതിയെ അറിയിച്ചു.
വിദേശനിര്‍മിത അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചു ചാരപ്രവര്‍ത്തനം നടത്തിയ 11 പേരെ കഴിഞ്ഞയാഴ്ചയാണ് രാജസ്ഥാന്‍ എ.ടി.എസ് അറസ്റ്റുചെയ്തത്. ഇവരില്‍ മധ്യപ്രദേശ് ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ ധ്രുവ് സക്‌സേനയും ബി.ജെ.പി കൗണ്‍സിലറുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു. അതിദേശീയതയുടെ പേരില്‍ പ്രതിപക്ഷകക്ഷികള്‍ക്കെതിരേ ആഞ്ഞടിച്ചുവരാറുള്ള ബി.ജെ.പിയെ ധ്രുവ് സക്‌സേനയുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ നാലുനേതാക്കളടക്കമുള്ളവരെ അടുത്തിടെ പെണ്‍വാണിഭത്തിന് അറസ്റ്റുചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."