അസ്ലം വധം: അവസാന പ്രതിയും പിടിയിലായി; ആയുധങ്ങള്‍ ഇതുവരെ കണ്ടെത്തിയില്ല
നാദാപുരം: വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം വധക്കേസില്‍ അവസാന പ്രതിയും പൊലിസ് പിടിയിലായി. വളയം കല്ലുനിര കാലികുളമ്പ് സ്വദേശി പ്രമോദിനെയാണ് ഇന്നലെ നാദാപുരം പൊലിസ്് പിടികൂടിയത്. മറ്റൊരു പ്രതിയായിരുന്ന വളയം ചുഴലി സ്വദേശി പുഴക്കല്‍ സുമോഹന് കഴിഞ്ഞ ദിവസം കീഴടങ്ങിയതിനു പിന്നാലെയാണ് പ്രമോദിനെയും അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട കാളിയാറമ്പത്ത് താഴക്കുനി അസ്ലമിനെ 2016 ആഗസ്റ്റിലായിരുന്നു വെള്ളൂരില്‍ വച്ച് കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ മുഴുവന്‍ പിടിയിലായെങ്കിലും സംഭവസമയത്ത് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ പൊലിസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല .
2017 ജനവരി ഒന്നിനു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പതിനാറു പ്രതികളാണുള്ളത്. ഇതില്‍ നാലുപേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോസാണ് തൊട്ടില് പ്പാലം സ്വദേശി രാജീവനെ ഒന്നാം പ്രതിയാക്കി 1200 ലേറെ പേജുള്ള കുറ്റപത്രം നാദാപുരം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊലിസ് ചെയ്തതെന്ന് അസ്ലമിന്റെ ബന്ധുക്കളും മുസ്ലിം ലീഗും നേരത്തേ ആരോപിച്ചിരുന്നു. ഇപ്പോള്‍ പിടിയിലായ രണ്ടു പേരും സംഭവത്തിനു ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു . കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അസ്ലമിന്റെ മാതാവ് സുബൈദ ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."