കെല്‍ടെക്‌സ് അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി
നിലമ്പൂര്‍: വ്യവസായ വകുപ്പിന്റെ കീഴിലുള്ള ആതവനാട്ടെ സഹകരണ വീവിങ് യൂനിറ്റായ കേരള ഹൈടെക് ടെക്‌സ്റ്റൈല്‍സ് കോ-ഓപറേറ്റിവ് ലിമിറ്റഡില്‍ (കെല്‍ടെക്‌സ്) നടന്ന വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം തുടങ്ങി.
വിജിലന്‍സ് സംഘം കെല്‍ടെക്‌സില്‍ എത്തി രേഖകള്‍ പരിശോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച പരിശോധന വൈകിട്ട് മൂന്നുവരെ നീണ്ടു. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ ടെക്‌സ്‌ഫെഡില്‍നിന്ന് അച്ചടക്കനടപടിക്ക് വിധേയനായ ആളെ ഉയര്‍ന്ന പ്രായപരിധി മറച്ചുവച്ച് ഉന്നതസ്ഥാനത്ത് നിയമിച്ചെന്നാണ് പ്രധാന പരാതി. കെല്‍ടെക്‌സിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്ന് എട്ടുകോടി ഉപയോഗിച്ച് യന്ത്രസാമഗ്രികള്‍ വാങ്ങിയതിലും കെട്ടിടനിര്‍മാണത്തിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യവസായമന്ത്രി എ.സി മൊയ്തീന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മറ്റു രേഖകള്‍ മലപ്പുറം വിജിലന്‍സ് ആസ്ഥാനത്ത് എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."