സൗന്ദര്യത്തിന്റെ മതമാണ് ഇസ്‌ലാം
സാമൂഹ്യജീവിതത്തിനു സുശക്തമായ അടിത്തറ ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുണ്ട്. നവ്യമായ ജീവിതത്തിന്റെ നിത്യസുന്ദരമായ ആവിഷ്‌കാരമാണ് ഇസ്‌ലാം. സമ്പത്തും സന്താനങ്ങളും ജീവിതത്തിന്റെ സൗന്ദര്യമായിട്ടാണു ഖുര്‍ആന്‍ വിലയിരുത്തുന്നത്. കണ്ണിനു കുളിര്‍മ നല്‍കുന്ന സന്താനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാണു ഖുര്‍ആന്റെ ആവശ്യം.
'ദാരിദ്ര്യം ദൈവ നിഷേധത്തിലെത്തിക്കു'മെന്നു നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.
'ഈ ലോകത്ത് നല്ലത് നല്‍കേണമേ. പരലോകത്തും നല്ലത് നല്‍കേണമേ. നരകശിക്ഷയില്‍നിന്നു ഞങ്ങളെ രക്ഷിക്കേണമേ'. ഖുര്‍ആന്‍ പഠിപ്പിച്ച അര്‍ഥഗര്‍ഭമായ പ്രാര്‍ഥനയാണിത്. കഅ്ബാ പ്രദക്ഷിണം നടത്തുമ്പോള്‍ പ്രവാചകന്‍ ഈ പ്രാര്‍ഥന ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇഹപരജീവിതം നന്മയുടെ പ്രതീകമാക്കി മാറ്റണമെന്ന സന്ദേശമാണിത്.
'നന്മയ്ക്കു നന്മയല്ലാതെ മറ്റെന്താണു പ്രതിഫലം' എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു.
വീടിന്റെ വിശാലത പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നു. നാലുകാര്യങ്ങള്‍ ഒരാളുടെ സൗഭാഗ്യത്തില്‍പ്പെട്ടതാണെന്നു പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. (1) സന്മാര്‍ഗിയായ ഭാര്യ. (2) വിശാലമായ വീട്. (3) ഉത്തമനായ അയല്‍വാസി. (4) സൗകര്യപ്രദമായ വാഹനം.
വീട് മോടിപിടിപ്പിക്കുന്നത് ഇസ്‌ലാം നിരോധിച്ചിട്ടില്ല. അനുവദനീയമായ അലങ്കാരങ്ങള്‍, സുന്ദരമായ നിറങ്ങള്‍, മനോഹരമായ കൊത്തുപണികള്‍ തുടങ്ങിയവ വീടിന്റെ ആകര്‍ഷണീയതയും വെടിപ്പും ഭംഗിയും വര്‍ധിപ്പിക്കും. 'വൃത്തി ഈമാനിന്റെ പാതിയാണ്.' എന്നു പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. സൗന്ദര്യാസ്വാദകര്‍ക്കുവേണ്ടി ഇസ്‌ലാമിക നാഗരികത പടുത്തുയര്‍ത്തിയ കലാശില്‍പ്പങ്ങളില്‍ പള്ളികള്‍, കൊട്ടാരങ്ങള്‍, വിനോദമന്ദിരങ്ങള്‍, മനോഹരമായ ഉദ്യാനങ്ങള്‍, വിജ്ഞാനസദനങ്ങള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
കോര്‍ദോവയിലെ വലിയ പള്ളിയും ഇന്ത്യയിലെ താജ്മഹലും കുത്തബ് മിനാറും ചാര്‍മിനാറും പുണ്യാത്മാക്കളുടെ അന്ത്യവിശ്രമകേന്ദ്രങ്ങളും ഈ ഇനത്തില്‍പ്പെട്ട വൈവിധ്യമുള്ള മനോഹരശില്‍പ്പങ്ങളാണ്. സ്‌പെയിനിലെ ഭരണാധികാരി ഖലീഫ മുഅ്തമിദിന്റെ ഭാര്യ സെഹലിലൂടെ സഞ്ചരിക്കുമ്പോള്‍ മഞ്ഞുമൂടിക്കണ്ട പര്‍വതത്തെ നോക്കി പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതു കണ്ട് അദ്ദേഹമൊരു തീരുമാനമെടുത്തു.
കോര്‍ദോവയിലെ കുന്നിന്‍പുറത്ത് ബദാം തൈകള്‍ നട്ടുപിടിപ്പിക്കണമെന്നും അതിന്മേല്‍ മഞ്ഞുമൂടിക്കിടക്കുമ്പോള്‍ ഉണ്ടാകുന്ന സൗന്ദര്യം പൊതുജനം കാണട്ടെയെന്നും. ഗ്രീസിലെ ഉദ്യാനങ്ങളേക്കാള്‍ അതു മനോഹരമായിരുന്നു.
ഭംഗിയുള്ള വസ്ത്രം ധരിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. വസ്ത്രങ്ങള്‍, വീടുകള്‍, വഴികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ നബി (സ്വ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാം സൗന്ദര്യത്തിന്റെ മതമാണ്. 'അല്ലാഹു സുന്ദരനാണ്, സൗന്ദര്യത്തെ അവന്‍ ഇഷ്ടപ്പെടുന്നു'വെന്നു വൃത്തിഹീനനായ ഒരാളോടു പ്രവാചകന്‍ പറയുകയുണ്ടായി. മുടിയുള്ളവന്‍ ആ മുടിയെ ബഹുമാനിച്ചുകൊള്ളട്ടെ. എണ്ണയും സുഗന്ധവുമുപയോഗിച്ചു വാര്‍ന്നുവച്ചായിരിക്കണം ആദരിക്കേണ്ടത്. പട്ടും സ്വര്‍ണവും സ്ത്രീകള്‍ക്കു മാത്രമേ അലങ്കാരവസ്തുവായി അനുവദിച്ചിട്ടുള്ളൂ.
അത്യാഡംബരം സമുദായങ്ങളുടെ സമൂലനാശത്തിനിടവരുത്തുമെന്നാണ് ഖുര്‍ആന്റെ വീക്ഷണം. അതു സമൂഹത്തിലെ ദരിദ്രരോടുള്ള അവഗണനയാകയാല്‍ സാമൂഹ്യമായ അതിക്രമത്തിന്റെ പ്രകടനമായിത്തീരും.
ഭൂരിപക്ഷം വരുന്ന ദരിദ്രരെ പരിഗണിക്കാതെ സുഖലോലുപരായ ന്യൂനപക്ഷം അമിതത്വം കാണിക്കുന്നത് അല്ലാഹുവിന്റെ ശിക്ഷയ്ക്കു കാരണമായിത്തീരാറുണ്ട്. ഇസ്‌ലാമിന്റെ ചൈതന്യത്തിനു നിരക്കാത്ത എല്ലാതരം ആഡംബരങ്ങളും നബി(സ്വ) നിഷിദ്ധമാക്കിയിട്ടുണ്ട്.
സ്വന്തം ആത്മസംതൃപ്തിക്കു വേണ്ടിയുള്ള സന്തോഷകരമായ അനുഭവം മാത്രമാണു സംഗീതം. സൂഫികളുടെ ലോകത്ത് മനസ്സിന്റെ സൗന്ദര്യാവിഷ്‌കരണമാണത്.
അവതാരകന്റെ ശരീരഭാഷയില്‍ ശ്രോതാക്കളും ഒത്തുചേരുമ്പോഴുണ്ടാകുന്ന നൃത്തമാണ് 'റക്ക്‌സും സമാഉം'. പണ്ഡിതലോകത്ത് ഇതേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇതു സംബന്ധിച്ച് ചിന്താബന്ധുരമായ വീക്ഷണമാണ് ഇമാം ഗസ്സാലി ഇഹ്‌യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
യൂറോപ്പില്‍ നിലനില്‍ക്കുന്ന കലയായിരുന്നില്ല സൂഫികള്‍ വിഭാവനം ചെയ്തിരുന്നത്. മുതലാളിത്വത്തിന്റെ പേരക്കുട്ടിയായാണു സംഗീതത്തെ ഇബ്‌നുഖുല്‍ദൂന്‍ മുഖദ്ദിമയില്‍ വിശേഷിപ്പിക്കുന്നത്.
മാന്യമായി വസ്ത്രം ധരിച്ച സുന്ദരിയായ വനിത പരാതിയുമായി ഭരണാധികാരിയായ ഖലീഫ ഉമര്‍(റ)നെ സന്ദര്‍ശിച്ചു. കൂടെ വൃത്തിരഹിതനായ യുവാവുമുണ്ടായിരുന്നു. വികലമായ വേഷം ധരിച്ച യുവാവിന്റെ മുടിയും താടിയും നഖവും അനിയന്ത്രിതമായി വളര്‍ന്നിരുന്നു. അടുക്കുന്തോറും ദുര്‍ഗന്ധം.
അയാള്‍ ആ സുന്ദരിയായ വനിതയുടെ ഭര്‍ത്താവാണ്. രണ്ടുമാസമേ ആയുള്ളൂ വിവാഹിതരായിട്ട്. ഈ ബന്ധം ഒഴിവാക്കിത്തരാനാണു യുവതി ഭരണാധികാരിയെ സന്ദര്‍ശിച്ചത്. ഉമര്‍(റ) പിറ്റേന്നു വരാന്‍ പറഞ്ഞു യുവതിയെ തിരിച്ചയച്ചു.
ബാര്‍ബറെ വരുത്തി യുവാവിന്റെ മുടിയും താടിയും ഭംഗിയായി വെട്ടി കുളിപ്പിച്ചു, പുതിയ വസ്ത്രം ധരിപ്പിച്ചു, ശരീരത്തില്‍ സുഗന്ധം പുരട്ടി, മുടി വാര്‍ന്നുവച്ചു. യുവാവ് കാഴ്ചയില്‍ വളരെ സുന്ദരനായി മാറി.
പിറ്റേന്ന് ഉമര്‍(റ)ന്റെ അടുക്കല്‍ യുവതി വന്നപ്പോള്‍ അദ്ദേഹത്തിന്റെ സമീപത്ത് സുന്ദരനായ ആ യുവാവുമുണ്ടായിരുന്നു.
'ഇതു നിന്റെ ഭര്‍ത്താവാണ്.' ഉമര്‍(റ) പറഞ്ഞു.
യുവതി ആ യുവാവിനെ സൂക്ഷിച്ചു നോക്കി. സുമുഖന്‍, സുന്ദരന്‍. അവള്‍ക്കു തന്റെ ഭര്‍ത്താവിനെ ഇഷ്ടപ്പെട്ടു. വിവാഹമോചനത്തില്‍നിന്നു പിന്മാറി.
വൃത്തി ഈമാനിന്റെ പാതിയാണെന്നോര്‍ക്കുമ്പോള്‍ വിശ്വാസിക്ക് എങ്ങനെ വൃത്തിയും വെടിപ്പുമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് ഉമര്‍(റ) യുവാവിനോടു ചോദിച്ചു.
സദസ്സിലുള്ളവരോടു ഖലീഫ പറഞ്ഞു: 'നിങ്ങളുടെ ഭാര്യമാര്‍ സുന്ദരികളാവണമെന്നും ഭംഗിയുള്ള വസ്ത്രം ധരിക്കണമെന്നും ആഗ്രഹിക്കുന്നവരല്ലേ നിങ്ങള്‍.
അതുപോലെയാണ് അവരും നിങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടു ദമ്പതിമാര്‍ അന്യോന്യം ഭംഗിയിലും ആകര്‍ഷകമായ രീതിയിലും പെരുമാറണം.' ഇങ്ങനെ ഉപദേശിച്ചാണ് ഖലീഫ അവരെ പറഞ്ഞയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."