നെല്ലും മീനും പച്ചക്കറിയും കൃഷിയില്‍ വിജയഗാഥ രചിച്ച് അസീസ്
കോടഞ്ചേരി: കൃഷിയില്‍നിന്ന് ലഭിക്കുന്ന സുഖം മറ്റൊന്നില്‍നിന്നും കിട്ടില്ലെന്നാണ് നൂറാംതോട് ചന്ദനപ്പുറത്ത് അസീസ് പറയുന്നത്. പന്ത്രണ്ടാം വയസില്‍ പാടത്തിറങ്ങിയ അസീസിന് കൃഷിയുടെ സമയമാകുമ്പോള്‍ ഇരിക്കപ്പൊറുതിയില്ല.
വര്‍ഷങ്ങളായി പേഴുംകണ്ടിയില്‍ കൃഷി ചെയ്തിരുന്ന അസീസ് കുറച്ച് വര്‍ഷമായി നെല്‍കൃഷിയില്‍ നിന്നുമാറി ഓട്ടോ തൊഴിലാളിയായി മാറിയിരുന്നെങ്കിലും കൃഷിയോടുള്ള സ്‌നേഹം ഈ കര്‍ഷകന്‍ മറന്നിരുന്നില്ല. ഓട്ടോയോടിക്കുന്നതിനൊപ്പം ഇക്കൊല്ലം പേഴുംകണ്ടി വയലിലെ തരിശായി കിടന്നിരുന്ന ഒന്‍പത് ഏക്കര്‍ വയലാണ് തന്റെ കഠിനപ്രയത്‌നത്താല്‍ കതിരണിയിച്ചത്.
വയലിന് സമീപമുള്ള രണ്ടു കുളങ്ങളില്‍ മത്സ്യകൃഷിയും വീടിനോട് ചേര്‍ന്നുള്ള ഒന്നരയേക്കറില്‍ പച്ചക്കറികൃഷിയും അസീസ് ചെയ്യുന്നുണ്ട്.
ഏതൊരു കര്‍ഷകനേയും കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിസ്മയ കാഴ്ചയാണ് നെല്ലും മീനും പിന്നെ പച്ചക്കറിയും നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടം. മുണ്ടോന്‍, ചെമ്പാവ്, തവളക്കണ്ണന്‍ എന്നീ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്തു വന്നിരുന്ന വയലില്‍ ഇക്കൊല്ലം കൃഷിഭവനില്‍നിന്ന് ലഭിച്ച ജയ നെല്‍വിത്തും വയനാട്ടില്‍ നിന്ന് വാങ്ങിയ ആതിരയുമാണ് കൃഷി ചെയ്യുന്നത്.
വയല്‍ ഉഴുതു മറിക്കുന്ന ഘട്ടത്തിലും കൊയ്ത്ത്, മെതിക്കല്‍ മുതലായ ഘട്ടങ്ങളിലും യന്ത്രങ്ങളുടെ സഹായമുണ്ട്.
കൊടുവള്ളി മാര്‍ക്കറ്റിലും കിഴക്കോത്ത് മാനിപുരം ഭാഗങ്ങളിലുള്ള അരി മില്ലുകാര്‍ക്കുമാണ് നെല്ല് വില്‍ക്കുന്നത്.
കോടഞ്ചേരി പഞ്ചായത്തിലെ മത്സ്യ വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മത്സ്യ സമൃദ്ധി പദ്ധതിയില്‍ ലഭ്യമായ മത്സ്യ വിത്തുകള്‍ ഉപയോഗിച്ചാണ് വയലിനോടനുബന്ധിച്ചുള്ള കുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നത്. ലഭിച്ച'തിലാപ്പിയ'മത്സ്യങ്ങളാണ് രണ്ടു കുളങ്ങളിലുമുള്ളത്.
മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ നിന്നെടുക്കുന്ന പോഷക സമ്പന്നമായ ജലം നെല്‍കൃഷിക്കും പച്ചക്കറിക്കും ഉപയോഗിക്കുന്നത് വളപ്രയോഗത്തിന്റെ ഗുണവും നല്‍കുന്നു.
നെല്ലും മീനും കഴിഞ്ഞ് പച്ചക്കറി കൃഷിയാണ് ഇദ്ദേഹം വരുമാന മാര്‍ഗമായി കാണുന്നത്. നെല്‍കൃഷിയോട് ചേര്‍ന്ന് പയര്‍, പാവല്‍ തോട്ടങ്ങള്‍ ഈ കര്‍ഷകന്റെ കൃഷിയിലെ പ്രാവീണ്യം വെളിവാക്കുന്നതാണ്. ആവശ്യക്കാര്‍ക്ക് ഉപദേശം നല്‍കാനും ഈ കര്‍ഷകന്‍ തയാറാണ്. 9495030654.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."