കലാപകാരിയാവാന്‍ പേര് മാത്രം മതിയോ
''ആദ്യം നിങ്ങള്‍ ദലിതരെ ചുട്ടുകൊന്നു. പിന്നെ മുസ്‌ലിംകളെ കൊന്നൊടുക്കി. ഇപ്പോഴിതാ പിഞ്ചുകുഞ്ഞുങ്ങളെയും കടന്നാക്രമിക്കുന്നു.''
ഇതു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജ്യതലസ്ഥാനത്തെ ഛത്രശാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ്. വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയക്കാര്‍ നമ്മുടെ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകള്‍ക്കെതിരേയുള്ള കുരിശുയുദ്ധം പ്രഖ്യാപിക്കലായിരുന്നു ആ പ്രസംഗം.
ഖരക്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആളാണു കെജ്‌രിവാള്‍. ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞു രാഷ്ട്രീയത്തിലിറങ്ങിയ ഈ അമ്പതുകാരന്‍ ഡല്‍ഹി ഭരിക്കുന്ന ഏറ്റവും ചെറുപ്പക്കാരനായ മന്ത്രിമുഖ്യനാണ്. അഴിമതിക്കെതിരായ പോരാട്ടത്തിനു 'കുറ്റിച്ചൂല്‍' ചിഹ്നമായി സ്വീകരിച്ചു പാര്‍ട്ടിയുണ്ടാക്കി അഞ്ചുവര്‍ഷമായി ഡല്‍ഹി സംസ്ഥാനം ഭരിക്കുകയാണ് നേതൃവൈഭവത്തിനു രമോണ്‍ മഗ്‌സസെ അവാര്‍ഡ് അടക്കം പുരസ്‌കാരങ്ങള്‍ പലതു നേടിയ കെജ്‌രിവാള്‍.
'പത്മാവത് ' എന്ന ചലച്ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിച്ചതിനെതിരായാണു മുഖ്യമന്ത്രിയുടെ നിശിതവിമര്‍ശനം. ''അവര്‍ മുസ്‌ലിംകളെ കൊലചെയ്തപ്പോള്‍ നാം നിശബ്ദരായി ഇരുന്നു. അവര്‍ ദലിതരെ തീകൊളുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോഴും ചുമ്മാതെ ഇരുന്നു. ഇന്നിപ്പോള്‍ അവര്‍ നമ്മുടെ കുട്ടികളെ കല്ലെറിയുന്നു. എനിക്ക് രാത്രി ഉറങ്ങാന്‍ തന്നെ സാധിച്ചില്ല.'' അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടുന്നതായിരുന്നു.
സ്‌കൂളുകളിലേയ്ക്കു സുരക്ഷിതമായി കുട്ടികളെ അയക്കാനൊക്കുമോയെന്നു ചോദിച്ചു പല രക്ഷിതാക്കളും അധ്യാപകരും തന്നെ വന്നു കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയും പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഭീമാ-കൊറിഗവോണ്‍ പരിപാടികള്‍ക്കിടയില്‍ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണു സംരക്ഷിക്കുന്നതെന്നു ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍ കുറ്റപ്പെടുത്തിയത് ഓര്‍ക്കുക. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോ. ബി.ആര്‍ അംബേദ്കറുടെ പൗത്രനാണു പ്രകാശ്. ഇന്ത്യയില്‍ ദലിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇംഗ്ലണ്ടില്‍പ്പോലും പ്രകടനം നടന്നു. വുള്‍വര്‍നാംടണില്‍ തുടങ്ങി ബര്‍മിങ്ഹാം വരെ നടന്ന പ്രതിഷേധപ്രകടനത്തില്‍ മുന്‍ മേയറുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
മഹാരാഷ്ട്ര അഹമ്മദ് നഗര്‍ ജില്ലയിലെ സോണായ വില്ലേജില്‍ മൂന്നു ദലിതരെ വധിച്ച കേസില്‍ ആറുപേര്‍ക്കു വധശിക്ഷ ലഭിച്ചത് ആഴ്ചകള്‍ക്കു മുമ്പാണ്. എന്നിട്ടും മേല്‍ജാതിക്കോമരങ്ങളുടെ നരനായാട്ടിനു അവസാനമുണ്ടാകുന്നില്ല. അധികാരിവര്‍ഗത്തിന്റെ ഒത്താശയോടെ ഇത്തരം അതിക്രമങ്ങള്‍ നിര്‍ബാധം നടക്കുമ്പോഴും വര്‍ഗീയകലാപങ്ങള്‍ നാട്ടില്‍ കുറഞ്ഞുവരികയാണെന്നാണു ന്യൂനപക്ഷകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി കേരളത്തില്‍വരെ വന്നു പ്രസംഗിക്കുന്നത്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ വ്യാപകമായ അക്രമമാണു നടന്നത്. മുസ്‌ലിം ന്യൂനപക്ഷപ്രദേശമായ അവിടെ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ചടങ്ങിനിടയിലാണു സംഭവം. പാകിസ്താന്‍ മുദ്രാവാക്യമുയര്‍ത്തുന്നു എന്നാരോപിച്ചു നൂറില്‍പ്പരം മോട്ടോര്‍ബൈക്കുകളിലായി എത്തിയവരാണു കലാപത്തിനു കലാപത്തിനു വഴിമരുന്നിട്ടത്. തൊട്ടടുത്ത മൈതാനിയുടെ കവാടത്തിലെ മിനാരം തകര്‍ക്കാന്‍ ശ്രമിച്ച കലാപകാരികളെ നാട്ടുകാര്‍ തടഞ്ഞു. പിന്നെ സംഘട്ടനമായി, വെടിവയ്പ്പായി.
ചന്ദന്‍ഗുപ്തയെന്ന ഇരുപത്തൊന്നുകാരനും രാഹുല്‍ ഉപാധ്യായയെന്ന ഇരുപത്തിനാലുകാരനും കൊല്ലപ്പെട്ടു എന്ന പേരിലായി തുടര്‍കലാപം. എന്നാല്‍, ചന്ദന്‍ഗുപ്തയെ തീവ്രവാദികളായ ഹിന്ദുയുവാക്കള്‍ വെടിവയ്ക്കുന്ന വീഡിയോ ദൃശയമാണു പൊലിസിനു കിട്ടിയത്. മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ ഉപാധ്യായയാകട്ടെ തന്റെ പേരില്‍ ആരും മുതലെടുക്കേണ്ടെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും പറഞ്ഞു കോട്‌വാലി പൊലിസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു.
നടന്ന അതിക്രമങ്ങള്‍ നാണംകെട്ടവയാണെന്നു ഗവര്‍ണര്‍ രാംനായിക് പ്രസ്താവിക്കുകകൂടി ചെയ്തതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിനു ഉത്തരവിട്ടു. 118 പേരെ അറസ്റ്റ് ചെയ്തു.
കത്തിക്കരിഞ്ഞ വ്യാപാരസ്ഥാപനങ്ങളില്‍ 99 ശതമാനവും മുസ്‌ലിംകളുടെതാണെന്നാണു പൊലിസ് ഐ.ജി ഡി.കെ താക്കൂര്‍ പറഞ്ഞത്. സംഭവം നടന്ന സ്ഥലത്തെ എസ്.പിയെ മീററ്റിലെ പൊലിസ് പരിശീലന സ്‌കൂളിലേയ്ക്കു മാറ്റുകയും ചെയ്തു.
സ്‌കൂള്‍ കുട്ടികള്‍ക്കു നേരേ ആയിരിക്കുന്നു ഇപ്പോഴത്തെ ആക്രമണങ്ങള്‍. ഗോരക്ഷയുടെ പേരിലാണു തുടക്കം കുറിച്ചത്. വന്ദേമാതര ഗാനാലാപനം കൂട്ടിച്ചേര്‍ത്തു അവരതിനെ കൊഴുപ്പിച്ചു. ആട്ടിറച്ചി വ്യാപാരികളെ ഗോവധക്കാരെന്നാരോപിച്ച് അടിച്ചുകൊല്ലുന്നിടത്തു കാര്യങ്ങളെത്തി.
ചത്തപശുവിന്റെ തൊലിയുരിഞ്ഞു പാരമ്പര്യമായി തുകല്‍ വില്‍പ്പന നടത്തിക്കിട്ടുന്ന പണം കൊണ്ടു ജീവിതം തള്ളിനീക്കുന്ന ദലിതര്‍ക്കെതിരെയും വ്യാപകമായ അക്രമങ്ങളുണ്ടായി. പശുക്കളെ മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി. ദലിതരായ പ്രവീണ്‍ ശ്രീവാസ്തവയെയും ഉമാഭായിയെയും പിടികൂടി തല മൊട്ടയടിച്ചു രസ്‌റാ പട്ടണത്തിലൂടെ ജാഥ നടത്തിയതു മൂന്നാഴ്ച മുമ്പാണ്.
വീടിനു പുറത്ത് അംബേദ്കറുടെ ചിത്രങ്ങള്‍ പതിച്ചുവെന്നതിനു മുസഫര്‍നഗറിലെ പര്‍ഖാസിയില്‍ ദലിതനെ പിടികൂടി 'ജയ്ശ്രീറാം' മുദ്രാവാക്യം വിളിപ്പിച്ച വാര്‍ത്തയും പിന്നാലെ വന്നു. മൂന്നുതവണ എം.എല്‍.എയായിരുന്ന മുന്‍മന്ത്രി സിദ്ദീഖ് അഹമദിനോടുപോലും ഇന്ത്യന്‍ പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെടുന്ന അവസ്ഥയുണ്ടായി.
കസക്കിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലുമൊക്കെ ചെന്ന്, 'ഭീകരവാദം തള്ളിക്കളഞ്ഞ ഇസ്‌ലാമികപാരമ്പര്യമാണ് ഇന്ത്യയുടേതെന്നു വലിപ്പം പറയുന്ന മോദി ഭരിക്കുന്ന നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്.
തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ ഒരാഴ്ച മുമ്പു പൊലിസിനെ കല്ലെറിഞ്ഞുവെന്നാരോപിച്ചു സുരക്ഷാഭടന്മാര്‍ വെടിവെച്ചു കൊന്ന രണ്ടു ചെറുപ്പക്കാരുടെ കഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
നിരപരാധികളാണു കൊല്ലപ്പെട്ട ജാവെദ് അഹമദും സുഹൈല്‍ ജാവെദുമെന്നാണു റിപ്പോര്‍ട്ട്. പൂനെയില്‍ നിന്നു ഭീകരപ്രവര്‍ത്തനത്തിനായി ചാവേറായി വന്നുവെന്നു പൊലിസ് ആരോപിച്ച ഇരുപതുകാരിയുടെ കൈയില്‍ ഒരായുധവുമുണ്ടായിരുന്നില്ലെന്നും അവര്‍ കാമുകനെ തെരഞ്ഞുവന്നതായിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഗുജറാത്തിലെ കലാപത്തില്‍ പങ്കെടുത്തുവെന്നു പറഞ്ഞു പൊലിസ് പിടികൂടിയ ഹനീഫ് പകത്‌വാല എന്ന അഹമ്മദാബാദിലെ വ്യാപാരപ്രമുഖനെ 14 വര്‍ഷം ജയിലിലിട്ട ശേഷമാണു കഴിഞ്ഞ മാര്‍ച്ചില്‍ നിരപരാധിയാണെന്നു കണ്ടു വിട്ടയച്ചത്.
ഡല്‍ഹിയില്‍ 2000-ലെ ചെങ്കോട്ട ആക്രമണത്തില്‍ പങ്കെടുത്തുവെന്നു പറഞ്ഞു പിടികൂടിയ ശ്രീനഗര്‍ സ്വദേശി ബിലാല്‍ അഹമദ് എന്ന മുപ്പത്തേഴുകാരന്‍ ചികിത്സയ്ക്കായി ഡല്‍ഹിയില്‍പ്പോയ ഹൃദ്രോഗിയായിരുന്നുവെന്നാണു മാതാവ് പറഞ്ഞത്.
കൂട്ടിവായിക്കാനുള്ളത്, ഒമ്പതുമാസം മുമ്പു കേരളത്തില്‍വന്ന ഇര്‍ഷാദ് അഹമദ് മാലിക് എന്ന പൊതുപ്രവര്‍ത്തകന്റെ വാക്കുകളാണ്. ഏഴായിരം രൂപ ശമ്പളത്തില്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഓഫര്‍ തിരസ്‌കരിച്ചതിനാണു പതിനൊന്നുവര്‍ഷം തനിക്കു പ്രതിസ്ഥാനത്തു നില്‍ക്കേണ്ടി വന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 2008-ലെ ജയ്പൂര്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാനെത്തിയ തന്നെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു ജയിലില്‍ അടയ്ക്കുകയായിരുന്നുവെന്ന് അന്ന് അദ്ദേഹത്തോടൊപ്പമെത്തിയ റഷീദ് ഹുസൈനും വെളിപ്പെടുത്തി.
കോഴിക്കോട്ടെ ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കവെ അവരിരുവരും പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഗൂഢാലോചനക്കേസ് ഉണ്ടാക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു മുസ്‌ലിം പേരുകാരനുണ്ടായാല്‍ മതി.' പരിശുദ്ധ ഹജ്ജ് കാര്യങ്ങള്‍ സംസാരിക്കാന്‍ വിശുദ്ധ മക്കയിലേയ്ക്കുവരെ പോവുന്ന ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇതു കേള്‍ക്കുന്നുണ്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."