മരുഭൂമിയിലെ ശില്‍പവിസ്മയം
ഒരു നുള്ളു മണല്‍ കണ്ടാല്‍ നീലാംബികയുടെയും ഗൗരിയുടെയും മനസില്‍ ഉയരുന്ന ചിന്തകളിലൂടെ രൂപപ്പെടുന്നത് അമ്പരപ്പെടുത്തുന്ന ശില്‍പങ്ങളായിട്ടായിരിക്കും. പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യയില്‍നിന്ന് സഊദിയിലെത്തിയ ഈ സഹോദരിമാര്‍ക്കു നിറഞ്ഞ കൈയടിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷങ്ങള്‍ കൊണ്ട് ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ കൈകൊണ്ടു രൂപപ്പെടുത്തുന്നതില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ഇവരുടെ പ്രകടനം. മണല്‍ക്കാട്ടിലെത്തി മണല്‍ കൊണ്ട് ശില്‍പങ്ങള്‍ നെയ്‌തെടുത്തു വ്യത്യസ്തരാകുകയായിരുന്നു നീലാംബികയും ഗൗരിയും.
റിയാദില്‍ നടക്കുന്ന കിങ് അബ്ദുല്‍ അസീസ് ഒട്ടകമേളയില്‍ സഊദി അധികൃതരുടെ പ്രത്യേക ക്ഷണപ്രകാരമാണ് കര്‍ണാടക സ്വദേശിനികളായ എം.എന്‍ ഗൗരിയും നീലാംബരിയും ഇവിടെയെത്തിയത്. മൈസൂര്‍ സാന്‍ഡ്‌സ് കള്‍ചര്‍ മ്യൂസിയത്തിലെ കലാകാരികളായ ഇരുവരില്‍ ഗൗരി ഒരു പതിറ്റാണ്ടായി ഇന്ത്യയിലെ അറിയപ്പെട്ട മണല്‍ശില്‍പിയാണ്. ചെറുപ്പത്തില്‍ തന്നെ മണല്‍ശില്‍പത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഗൗരി കര്‍ണാടക ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ശില്‍പകലയില്‍ ബിരുദം നേടിയാണ് ഈ രംഗത്ത് തന്റെ കഴിവ് തെളിയിച്ചത്. മൈസൂരിലെ പ്രത്യേകമായ മണല്‍മ്യൂസിയത്തില്‍ ഇവരുടെ മണല്‍ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്. 115 ട്രക്ക് ലോഡ് മണല്‍ കൊണ്ട് ഏകദേശം 150 ശില്‍പങ്ങളാണ് ഇവര്‍ ഇവിടെ നിര്‍മിച്ചത്. പുരാണ ഇതിഹാസം, മതം, ജ്യോതിശാസ്ത്രം എന്നിവ ആധാരമാക്കിയുള്ള ശില്‍പങ്ങളാണ് മൈസൂര്‍ മ്യൂസിയത്തില്‍ ഇവര്‍ നിര്‍മിച്ചത്. കരിയറില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണെങ്കിലും ശില്‍പനിര്‍മാണത്തില്‍ അപാര വൈദഗ്ധ്യം തന്നെ ഗൗരി തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
സഊദിയില്‍ നടക്കുന്ന ഒട്ടക മത്സരത്തിലാണ് ഇരുവരും തങ്ങളുടെ പ്രത്യേക കഴിവ് പുറത്തിട്ട് കാണികളെ ആശ്ചര്യപ്പെടുത്തിയത്. പ്രകൃതിയുടെ നയനമനോഹാരിത തീര്‍ക്കുന്ന രീതിയില്‍ മണല്‍ക്കാറ്റില്‍ രൂപപ്പെട്ടുവരുന്ന പ്രകൃതിയുടെ വികൃതികളായ പ്രത്യേക രൂപങ്ങള്‍ കണ്ടു ശീലിച്ച അറേബ്യന്‍ ജനതക്കു കൗതുകമായി മാറുകയായിരുന്നു ഇരുവരുടെയും ജീവന്‍ തുടിക്കുന്ന കലാരൂപങ്ങള്‍.. മേളയുടെ പേരു തന്നെ സൂചിപ്പിക്കുന്ന ഒട്ടകവും അതോടൊപ്പം ഒട്ടകത്തിന്റെ ശരീരത്തില്‍ തല ചായ്ച്ചു കിടക്കുന്ന അറേബ്യന്‍ ഗ്രാമീണനായ ആട്ടിടയനും ഇവര്‍ മണലില്‍ തീര്‍ത്തത് ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. കൂടാതെ, 'സഊദി വിഷന്‍ 2030'ന്റെ ശില്‍പവും ഇവര്‍ മനോഹാരിതയോടെ മണലില്‍ തീര്‍ത്തിരുന്നു.
റിയാദ് ഒട്ടകമേളയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ രണ്ട് യുവതികള്‍. പതിനാലു ലോഡ് മണല്‍കൊണ്ടാണ് ഇവര്‍ ഇവിടെ വിവിധതരം ശില്‍പങ്ങള്‍ നിര്‍മിച്ചത്. കുന്നുകൂട്ടിയിട്ട മണലില്‍ വെള്ളം ചേര്‍ത്താണു ശില്‍പങ്ങള്‍ ഒരുക്കിയെടുത്തത്. ത്രിമാന സ്വഭാവത്തില്‍ രൂപപ്പെടുത്തിയെടുക്കുന്ന ശില്‍പനിര്‍മാണത്തിനു മുന്നോടിയായി അറേബ്യന്‍ കപ്പലിന്റെ പൂര്‍ണ വിവരങ്ങള്‍ ഇവര്‍ മനസിലാക്കിയിരുന്നു. ഒട്ടകശില്‍പം പൂത്തിയാകാന്‍ അഞ്ചു ദിവസവും 'സഊദി വിഷന്‍ 2030' എംബ്ലം രൂപപ്പെടുത്താന്‍ മൂന്നു ദിവസവുമാണ് ഇവര്‍ ചെലവഴിച്ചത്.
ഡിസംബര്‍ 25ന് റിയാദിലെത്തിയ ഇവരുടെ കന്നി സഊദിയാത്രയാണിത്. അറേബ്യന്‍ സംസ്‌കാരവും ജീവിതവും തങ്ങളുടെ മനം കവര്‍ന്നുവെന്നും ഇരുവരും പറഞ്ഞു. ആധുനികതയുടെ വേലിയേറ്റം ഉണ്ടാകുമ്പോഴും തങ്ങളുടെ പാരമ്പര്യവസ്ത്രങ്ങളും നാടോടി കലകളും ഭക്ഷണരീതികളും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് അറബികളുടെ മാത്രം പ്രത്യേകതയാണ്. ലോകത്തൊരിടത്തും ഇത്തരം സംഭവം കാണാന്‍ കഴിയില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. റിയാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ റൂമയില്‍ നടന്ന ഒട്ടകമേളയില്‍ ഗൗരിയും നീലാംബികയും അവതരിപ്പിച്ചത് തങ്ങളുടെ അറുപതാമത്തെ പ്രൊജക്ടാണ്. ശില്‍പകലയില്‍ സഊദി പാരമ്പര്യത്തിന്റെ ഒരു സമഗ്രമ്യൂസിയം സൃഷ്ടിക്കാന്‍ ഇവര്‍ക്കു പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."