ഗൗരി നേഹയുടെ മരണം: അന്വേഷണം ഭയന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി നല്കി
കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ക്കിടെ പ്രിന്‍സിപ്പല്‍ രാജി നല്കി. മാനേജ്മെന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണ്‍ രാജി നല്‍കിയത്. കുറ്റാരോപിതരായ അധ്യാപകരെ തിരിച്ചെടുത്ത നടപടിയാണ് പ്രിന്‍സിപ്പലിന് കുരുക്കായത്. പൊലിസ് ഇവരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ്.
പ്രിന്‍സിപ്പല്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിന് മുന്നോടിയായി വരുംദിവസങ്ങളില്‍ പ്രിന്‍സിപ്പലിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രിന്‍സിപ്പലിനെതിരേ ഗൗരിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. കൊല്ലം വെസ്റ്റ് സി.ഐ ബിജുവിനാണ് അന്വേഷണ ചുമതലയെന്ന് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ് പറഞ്ഞു.
ഗൗരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട അധ്യാപികമാരെ വന്‍ വരവേല്‍പ്പ് നല്‍കിയാണ് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ തിരിച്ചെടുത്തത്.
കേക്ക് മുറിച്ചായിരുന്നു അധ്യാപികമാരുടെ തിരിച്ചുവരവ് ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായിതിന് പിന്നാലെയാണ് സസ്പെന്ഷന് കാലയളവ് അവധിയായി കണക്കാക്കി അധ്യാപികമാര്‍ക്ക് ശമ്പളം നല്കാന് തീരുമാനിച്ചത്. കമ്മിഷണര്‍ എ. ശ്രീനിവാസ് ഇതുസംബന്ധിച്ച് സ്കുള് മാനേജ്മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ വിശദീകരണം തൃപ്തികരമല്ലായിരുന്നു. ഇതിനിടെ, അധ്യാപികമാര്‍ക്ക് മാനേജ്മെന്റ് നിര്‍ബന്ധിത അവധി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."