ത്രിപുരയിലെ സി.പി.എം സ്ഥാനാര്‍ഥിയുടെ ആകെ സമ്പാദ്യം 1, 218 രൂപ മാത്രം !
അഗര്‍ത്തല: ത്രിപുരയില്‍ മത്സരിക്കുന്ന ഒരു സി.പി.എം സ്ഥാനാര്‍ഥി, മുഖ്യന്ത്രി മണിക് സര്‍ക്കാരിനേക്കാളും ദരിദ്രന്‍.
ധലായ് ജില്ലയിലെ ഛൗമാനു മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന നിരാജോയ് ആണ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും ദരിദ്രന്‍. അദ്ദേഹത്തിന്റെ കൈയിലുള്ളത് 1,218 രൂപ മാത്രമാണ്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണിക് സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ നിന്ന് 302 രൂപയുടെ കുറവാണ് നിരാ ജോയിയുടേത്.
ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ജനപ്രിതിനിധിയെന്നാണ് കഴിഞ്ഞ തവണ അദ്ദേഹം വിജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തന്നെ വ്യക്തമാക്കിയത്. സമ്പാദ്യം കുറവാണെങ്കിലും പ്രവൃത്തി പരിചയത്തില്‍ വലിയ സമ്പന്നനാണ് അദ്ദേഹമെന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ മൂന്നാം അങ്കത്തിനായാണ് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് താന്‍ ജീവിക്കുന്നത്. അവര്‍ക്കിടയില്‍ കിടന്ന് മരിക്കണമെന്നാണ് ആഗ്രഹം. തനിക്ക് ഒരു പാന്‍ കാര്‍ഡ് എടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു.
എം.എല്‍.എ എന്ന നിലയില്‍ ലഭിക്കുന്ന 55,170 രൂപ ശമ്പളം കൈപ്പറ്റുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ടാണ് പാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്രയും തുക തനിക്ക് ആവശ്യമില്ല. 14,000 രൂപ മാത്രം മതി തനിക്ക് ജീവിക്കാന്‍. ബാക്കിയെല്ലാം തന്റെ മണ്ഡലത്തില്‍ തന്നെ ചെലവഴിക്കുകയാണ് ചെയ്യുന്നതെന്നും ഇദ്ദേഹം പറയുന്നു.
കുമ്മായം തേയ്ക്കാത്ത വീട്ടില്‍ ടി.വി പോലുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ മരിച്ചു.
മകള്‍ക്കൊപ്പമാണ് താമസം. ആകെയുള്ള സമ്പാദ്യം നാല് കസേരകളും ഒരു കട്ടിലും മേശയും ചില മ്യൂസിക്കല്‍ ഉപകരണങ്ങളുമാണെന്നും നിരാജോയ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."