സബ് എന്‍ജിനിയര്‍ റാങ്ക് ലിസ്റ്റ് കെ.എസ്.ഇ.ബി അട്ടിമറിച്ചെന്ന് ആക്ഷേപം
തിരുവനന്തപുരം: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ സബ് എന്‍ജിനിയര്‍ റാങ്ക് ലിസ്റ്റും കെ.എസ്.ഇ.ബി അട്ടിമറിച്ചെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രണ്ടായിരം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട 2015 ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ലിസ്റ്റാണ് അട്ടിമറിക്കപ്പെട്ടത്. ഇത് സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങള്‍ അട്ടിമറിക്കാനാണെന്നും അവര്‍ ആരോപിച്ചു.
നേരത്തെ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതു ചൂണ്ടിക്കാട്ടി ഒരുസംഘം ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇരുനൂറിലധികം ഒഴിവുകള്‍ കെ.എസ.്ഇ.ബി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി 2000 പേരടങ്ങുന്ന ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ കൃത്യമായ ഒഴിവുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ കെ.എസ്.ഇ.ബി തയാറായില്ല. അതേസമയം കെ.എസ്.ഇ.ബിയില്‍ താണ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പെടുത്തി സബ് എന്‍ജിനിയര്‍ തസ്തികയില്‍ നിലവില്‍ ഇല്ലാത്ത 286 ഒഴിവുകളുണ്ടെന്നാണ് ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.താഴ്ന്ന ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കാനാണിതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഉത്തരവുകള്‍ അവഗണിച്ചാണ് ബോര്‍ഡില്‍ ഇപ്പോള്‍ സ്ഥാനക്കയറ്റം നല്‍കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. പത്താം ക്ലാസ് ജയിക്കാത്ത ജീവനക്കാരെ പ്രബന്ധം ഐ.ടി.ഐ എന്ന പരീക്ഷ എഴുതിച്ച് സബ് എന്‍ജിനിയറായി സ്ഥാനക്കയറ്റം നല്‍കുകയാണത്രേ ചെയ്യുന്നത്. പിന്നീട് ഇവര്‍ക്ക് അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തിക വരെ ഉദ്യോഗക്കയറ്റം നല്‍കുന്നു.നിലവില്‍ ഇങ്ങനെ 15 സബ് എന്‍ജിനിയര്‍മാര്‍ സ്ഥാനക്കയറ്റം നേടിയിട്ടുണ്ടെന്നും വിവരാവകാശ രേഖയെ ആധാരമാക്കി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ഇപ്പോള്‍ സബ് എഞ്ചിനിയറായി ജോലി ചെയ്യുന്ന 1654 പേര്‍ക്ക് മിനിമം യോഗ്യതയില്ല.
പി.എസ.്‌സി വഴി നിയമിതരായ 400 സബ് എന്‍ജിനിയര്‍മാര്‍ക്ക് 16 വര്‍ഷമായിട്ടും അസിസ്റ്റന്റ് എന്‍ജിനിയറായി ഉദ്യോഗക്കയറ്റം നല്‍കിയിട്ടുമില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നല്‍കിയ വ്യക്തിക്കു മാത്രം ഉദ്യോഗക്കയറ്റം നല്‍കി ബോര്‍ഡ് കേസില്‍ നിന്ന് തടിയൂരിയെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
പി.എസ്.സി വഴി ആളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2014 മുതല്‍ കെ.എസ്.ഇ.ബി സബ് എന്‍ജിനിയര്‍ ട്രെയിനി എന്ന പേരില്‍ 500 പരം പേര്‍ക്ക് വഴിവിട്ട് നിയമനം നല്‍കിയിട്ടുമുണ്ട്. ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന കോടതി ഉത്തരവും കെ.എസ്.ഇ.ബി അട്ടിമറിച്ചു. തിങ്കളാഴ്ച കാലാവധി തീരുന്ന സബ് എന്‍ജിനിയര്‍ ട്രെയിനികള്‍ക്ക് സമയം നീട്ടി നല്‍കാനും ബോര്‍ഡില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനത്തിന് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പു നല്‍കി.
വൈദ്യുതി ഭവനു മുന്നില്‍ നിരാഹാര ഉപരോധ സമരം അടക്കമുള്ളവ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ലിമിന്‍ കെ. മാത്യു, വി. പവിത്രന്‍, സുജിത് കുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."