കരിപ്പൂരിനായി ഇനി നാം തന്നെ ചെയ്യണം
സംസ്ഥാനത്തിന്റെയും ജനതയുടെ ആകമാനവും സ്വപ്നസാക്ഷാത്കാരമായി മാറിയ ഒരു വിമാനത്താവളം. അത് കരിപ്പൂര്‍ എന്ന സ്ഥലനാമം മാത്രമായി മാറിയേക്കാവുന്ന സാഹചര്യം സംജാതമായിട്ടും പ്രതിരോധശബ്ദങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതെ പോകുന്നുണ്ടോ? പ്രതിഷേധസ്വരങ്ങളും കൂട്ടായ്മകളും വൈകാരിക പ്രകടനങ്ങളുടെ ഭാഗമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ? ഒരു പത്രമാധ്യമം എന്ന സാധ്യതകള്‍ക്കും പരിമിതികള്‍ക്കും നടുവില്‍നിന്ന് സുപ്രഭാതം കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംവാദത്തില്‍ ആശങ്കയുളവാക്കുന്നതും പ്രതീക്ഷ നല്‍കുന്നതുമായ ഒരുപിടി വസ്തുതകളും നിലപാടുകളുമാണ് ഉരുത്തിരിഞ്ഞത്.
അവഗണനയ്‌ക്കെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരും എയര്‍പോര്‍ട്ട്, ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരും ഒരു മേശക്ക് ചുറ്റുമിരുന്ന് സംവദിച്ചപ്പോള്‍ പതിവ് അഭിപ്രായപ്രകടന വേദികളേക്കാളുപരി രണ്ട് മണിക്കൂര്‍ നീണ്ട ആ ചര്‍ച്ച അര്‍ഥപൂര്‍ണമാവുകയായിരുന്നു. 'വിശാലമായ ആകാശവും കരുത്തുള്ള ചിറകും; നാമെന്തുചെയ്യണം' എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച സംവാദം നാം തന്നെയാണ് ചെയ്യേണ്ടതെന്ന ഉറച്ച ബോധ്യത്തിലാണ് ഒടുവില്‍ പര്യവസാനിച്ചത്. അവഗണനയ്‌ക്കെതിരായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന സാങ്കേതിക അറിവുകളും നിയമസാധുതകളും വിവിധ രാജ്യങ്ങളില്‍ ഹജ്ജ് കര്‍മം നടത്തുന്നതിന് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും ഏറ്റവും ഒടുവിലായി ജല്ലിക്കെട്ട് വിഷയത്തല്‍ തമിഴ്ജനത നടത്തിയ ചരിത്രപ്രക്ഷോഭം വരെയും സംവാദത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു.
കരിപ്പൂരിനോടുള്ള അവഗണന, ഹജ്ജ് സബ്‌സിഡി ഇല്ലാതാക്കല്‍, ഹജ്ജ് വിമാന ടിക്കറ്റ് ചാര്‍ജിലെ പിടിച്ചുപറി തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു ചര്‍ച്ച നടന്നത്.
ഈ വിഷയത്തില്‍ പ്രക്ഷോഭങ്ങള്‍ ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി, ആരോട് എന്ന ചോദ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനാകുന്ന രീതിയിലാണ് സംവാദത്തില്‍ പങ്കെടുത്ത മുഴുവന്‍പേരും വാദഗതികള്‍ ഉന്നയിച്ചത്.
കരിപ്പൂരിലെ എംബാര്‍ക്കേഷന്‍ ഔദാര്യമല്ല
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി (സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍)
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ പുനസ്ഥാപിച്ചു തരണമെന്നത് ആരുടെയും ഔദാര്യമായി കാണാനാകില്ല. ഹാജിമാരുടെ സ്ഥലവും സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്തിയാണ് കരിപ്പൂരില്‍ ഹജ്ജ്ഹൗസ് സ്ഥാപിച്ചത്.
ഒരുപാട് പ്രതീക്ഷകളോടെയാണ് അവര്‍ ഈ ത്യാഗം ചെയ്തത്. ഇതിനെതിരായ പ്രവര്‍ത്തനം നടത്തുന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. കേരളത്തില്‍ നിന്നുമുള്ള ഹജ്ജ് സംഘങ്ങളില്‍ 85 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ 15 ശതമാനത്തിന്റെ താല്‍പര്യത്തിന് വേണ്ടി 85 ശതമാനം വരുന്നവരെ തഴയുന്നത് യോജിച്ച രീതിയല്ല. കഴിഞ്ഞ വര്‍ഷം സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ മംഗലാപുരത്ത് നടന്ന അപകടത്തെ ഓര്‍മപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.
മംഗലാപുരത്തിന്റെ കാര്യം പറഞ്ഞ് കരിപ്പൂരിനെ അവഗണിക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാന ഗവണ്‍മെന്റും സിവില്‍ ഏവിയേഷന്‍ വിഭാഗവും ഹജ്ജ് കമ്മിറ്റികളും ഇത്തരം നീക്കങ്ങളെ ഭയപ്പെടേണ്ടതുണ്ട്. അനുയോജ്യമായ നടപടിയുണ്ടാകുന്നതിന് കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യമുന്നയിക്കും.
ഹജ്ജ് സബ്‌സിഡി ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമാണ്. എന്നാല്‍, ഇത് ഇപ്പോള്‍ നിലവിലില്ലാത്ത സാഹചര്യമാണുള്ളത്. വിമാന ടിക്കറ്റിന്റെ പേരില്‍ ഹാജിമാരുടെ രക്തം ഊറ്റി, സബ്‌സിഡി നല്‍കുന്നുവെന്ന് മനപ്പൂര്‍വം പ്രചരിപ്പിക്കുകയാണ്. ഇതിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ഥാടകര്‍ക്കുള്ള സേവനം പുണ്യകരം
ജനാര്‍ദ്ദനന്‍
(കാലിക്കറ്റ് എയര്‍പോര്‍ട്ട് അതോറിറ്റി
ഡയറക്ടര്‍)
തീര്‍ത്ഥാടനത്തിനു പോകുന്ന സുഹൃത്തുക്കളെ സഹായിക്കുന്നത് പുണ്യകര്‍മമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇതിന് സാധിക്കുന്നില്ല.
ഔദ്യോഗിക പദവി വഹിക്കുന്ന ആള്‍ എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതികളുണ്ട്. വിമാനത്താവളത്തിന്റെ വിപുലീകരണം പ്രധാന പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗകര്യപ്രഥമായ കേന്ദ്രത്തില്‍ നിന്നു
തീര്‍ഥാടനം ഒരുക്കണം
ടി.വി ബാലന്‍(സി.പി.ഐ)
സൗകര്യപ്രഥമായ കേന്ദ്രത്തില്‍ നിന്നു തീര്‍ത്ഥാടന സൗകര്യമൊരുക്കുകയാണ് ചെയ്യേണ്ടത്. 600 കിലോമീറ്ററോളമുള്ള സംസ്ഥാനത്ത് ഇനിയും ആറ് വിമാനത്താവളം കൂടി നിര്‍മിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. എരുമേലിയിലും തിരുവമ്പാടിയിലും പുതിയ വിമാനത്താവളങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത്രയും വിമാനത്താവളങ്ങള്‍ സംസ്ഥാനത്തിനാവശ്യമില്ല. ഉള്ളവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടത്.
മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നില്ല
പി.എം അബ്ദുറഹ്മാന്‍
( മുന്‍ ഹജ്ജ് കമ്മിറ്റി ജോ. സെക്രട്ടറി)
ഹജ്ജ് സബ്‌സിഡി നിലനിര്‍ത്തുന്ന വിഷയത്തില്‍ മതനേതാക്കളോ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളോ കാര്യമായി ഇടപെട്ടിട്ടില്ല. സര്‍ക്കാരില്‍ നിന്നു വലിയ സഹായം ലഭിച്ചിട്ടാണ് ഹജ്ജിന് പോകുന്നതെന്ന ധാരണ മുസ്‌ലിം മതവിശ്വാസികള്‍ക്കിടയില്‍പോലുമുണ്ട്. 2007ലും 2008ലും ഹജ്ജ് സബ്‌സിഡിക്കെതിരായി സുപ്രിം കോടതയില്‍ ഹരജി നല്‍കിയെങ്കിലും വസ്തുതകള്‍ മനസ്സിലാക്കി കോടതി തള്ളിക്കളയുകയായിരുന്നു.
മഹാരാഷ്ട്രയിലും യു.പിയിലും മറ്റും നടക്കുന്ന കുംഭമേളകള്‍ക്കും ഒടുവിലായി ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ ഗ്ലോബല്‍ മീറ്റിനും കോടിക്കണക്കിന് രൂപ വിവിധ സര്‍ക്കാരുകള്‍ നല്‍കിയിരുന്നു. സബ്‌സിഡി വേണോയെന്ന കാര്യത്തില്‍ മതപണ്ഡിതന്‍മാര്‍ ഉദാരസമീപനമാണ് സ്വീകരിച്ചതെന്നും ഖുര്‍ആനിലെ സൂക്തങ്ങള്‍ ഇതിന് വിരുദ്ധമാണെന്ന വാദവും ഉയര്‍ത്തിക്കാട്ടിയാണ് പത്തു വര്‍ഷം കൊണ്ട് സബ്‌സിഡി ഇല്ലാതാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ ഹജ്ജ് യാത്രക്ക് സബ്‌സിഡി ലഭിക്കുന്നില്ലെന്ന കാര്യം ബോധ്യമാകും. ഹജ്ജ് സീസണില്‍ മൂന്നിരട്ടിയോളം ചാര്‍ജാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഗവണ്‍മെന്റിന്റെ ഒരു കീശയില്‍ നിന്നു മറ്റൊരു കീശയിലേക്കാണ് സബ്‌സിഡി പോകുന്നതെന്ന മാധ്യമവാര്‍ത്ത തീര്‍ത്തും ശരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനുകൂല്യം വേണ്ടെന്നുവയ്ക്കരുത്
എം.സി മായിന്‍ഹാജി
(മുസ്‌ലിം ലീഗ്)
ഹജ്ജ് സബ്‌സിഡിയുടെ കാര്യത്തില്‍ കുരുടന്‍ ആനയെ കണ്ട അവസ്ഥയാണ് പലര്‍ക്കും. ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആനുകൂല്യം വേണ്ടെന്നുവയ്ക്കണമെന്നുള്ള വാദം ശരിയല്ല.
സബ്‌സിഡി വേണ്ടെന്നും തീരുമാനിച്ചത് സര്‍ക്കാരല്ല, കോടതിയാണ്. ഇതുമായി ബന്ധപ്പെട്ട് തന്റെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. പിടിച്ചുപറിച്ചു വാങ്ങുന്ന രീതി ശരിയല്ലെന്ന ബോധ്യത്തിലാവാം മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യമുന്നയിക്കാത്തതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രം പോരാട്ടത്തിന്റേത്
കെ.ടി രഘുനാഥ് (മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ്)
കരിപ്പൂര്‍ വിമാനത്താവളം നേടിയെടുത്തതിന്റെ പിന്നില്‍ ദീര്‍ഘമായ പോരാട്ടവും സമരവുമുണ്ട്. അതിനു മുന്നില്‍ നില്‍ക്കാന്‍ അവസരമുണ്ടായ ഒരാളാണ് ഞാന്‍. ലോകത്ത് എവിടേയുമില്ലാത്തവിധം വിമാനത്താവളത്തിനും അതിന്റെ വികസനത്തിനുമായി പ്രക്ഷോഭങ്ങള്‍ നടക്കുന്നത് കരിപ്പൂരില്‍ മാത്രമാണ്. 1977 മുതലാണ് വിമാനത്താവളത്തിനായുള്ള സമ്മര്‍ദ്ദം ശക്തമായത്. 1981 ല്‍ ഇന്ദിരാഗാന്ധി കോഴിക്കോട്ട് വന്നപ്പോള്‍ മാനാഞ്ചിറയില്‍ വച്ച് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ വിമാനത്താവളത്തെകുറിച്ച് അവരോട് പറഞ്ഞപ്പോഴാണ് അവര്‍ അദ്യമായി സമ്മതം മൂളിയത്. എന്നിട്ടും ഏഴു വര്‍ഷം കഴിഞ്ഞ് 1988 ലാണ് സ്വപ്നം പൂവണിഞ്ഞത്. ഈ സ്ഥലം വിമാനത്താവളത്തിനായി നിങ്ങളുടെ ശത്രു നിശ്ചയിച്ചു തന്നതാണോ എന്ന് അന്ന് കരിപ്പൂരില്‍ വന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ഷല്‍ ഷാഹുല്‍ ചോദിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് അന്തര്‍ദേശീയ വിമാനങ്ങള്‍ പറന്നതു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ്.
ആദ്യമായി എയര്‍ ഇന്ത്യയുടെ വിമാനം ഷാര്‍ജയിലേക്കാണ് പറന്നത്. അതും വലിയ സമ്മര്‍ദ്ദത്തിനു ശേഷമാണ് നടന്നത്. ആറായിരം അടിയില്‍ നിന്നു 9000 അടിയാക്കാന്‍ വീണ്ടും സമരങ്ങള്‍ കുറേ വേണ്ടിവന്നു. കരിപ്പൂര്‍ വികസിക്കണമെങ്കില്‍ ജനങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടം ഇനിയും അത്യാവശ്യമാണ്.
ജല്ലിക്കെട്ട് സമരം പോലുള്ള
പ്രക്ഷോഭങ്ങള്‍ വേണം
അഡ്വ. കെ.പി മുത്തുക്കോയ തങ്ങള്‍(മുന്‍ എയര്‍ ഇന്ത്യ മാനേജര്‍)
കരിപ്പൂരിനോടുള്ള അവഗണനയുടെ പ്രഥമ തെളിവാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിര്‍ത്തലാക്കിയത്. ഏറ്റവും ദുഷ്‌കരമായ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നു 750 ഹാജിമാര്‍ക്ക് മാത്രം പോകാനായി അവിടെ എംബാര്‍ക്കേഷന്‍ പോയിന്റ് നല്‍കുമ്പോഴാണ് കോഴിക്കോടിനുള്ള അവഗണന. ഈ മാസം 28ന് മുമ്പായി അനുവദിച്ചു കിട്ടിയില്ലെങ്കില്‍ പിന്നെ കരിപ്പൂരിന് ഈ വര്‍ഷം സൗകര്യം ലഭിക്കില്ല. ജല്ലിക്കെട്ട് സമരം പോലുള്ള പ്രക്ഷോഭങ്ങള്‍ സമരപോരാട്ടങ്ങള്‍ക്ക് വലിയ മാതൃകയാണ് തീര്‍ത്തിരിക്കുന്നത്. ഈ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നു വരണം. യഥാര്‍ഥ പ്രശ്‌നങ്ങളും സാങ്കേതിക വശങ്ങളും മനസ്സിലാക്കാതെ വിഷയങ്ങളെ വൈകാരികമായി കണ്ടതുകൊണ്ടാണ് നമ്മുടെ പ്രക്ഷോഭങ്ങള്‍ ഫലം കാണാതെ പോകുന്നത്. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് എവിടെ വേണമെന്ന് ശുപാര്‍ശ ചെയ്യാനുള്ള അധികാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുണ്ട്. ഇത് ഉപയോഗപ്പെടുത്തണം. തദ്ദേശ ഭരണകൂടവുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്. ഹജ്ജ് അപേക്ഷയില്‍ കരിപ്പൂര്‍ വിമാനത്താവളം എംബാര്‍ക്കേഷന്‍ പോയിന്റായി കാണിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമപരമായി നടപടി സ്വീകരിക്കുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. കഴിഞ്ഞ രണ്ട് വര്‍ഷവും വിമാനത്താവളം അടച്ചിരുന്നില്ല. അന്നുണ്ടായിരുന്ന സൗകര്യങ്ങളില്‍പ്പോലും ഹജ്ജ് സര്‍വീസ് നടത്താമായിരുന്നു. അതിലും സൗകര്യങ്ങള്‍ കുറഞ്ഞ ഒമ്പത് വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
മലേഷ്യന്‍ മാതൃക പിന്‍തുടരണം
ഹസ്സന്‍ തിക്കോടി
(മുന്‍ കുവൈറ്റ് എയര്‍വേയ്‌സ് മാനേജര്‍)
മുസ്‌ലിം സമുദായത്തിനായി എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന രീതിയിലാണ് സമൂഹം ഹജ്ജ് സബ്‌സിഡിയെ കാണുന്നത്. സബ്‌സിഡി വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളില്‍ 2012ല്‍ സുപ്രിം കോടതി വിധി വന്ന സാഹചര്യത്തില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. ഹജ്ജ് സബ്‌സിഡി വേണ്ടെന്നു വയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതപണ്ഡിതന്‍മാരുടെ അഭിപ്രായ രൂപീകരണം നടത്തണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 1,25,000 തീര്‍ഥാടകരെയാണ് കൊണ്ടുപോകുന്നത്. ഇതിനായി ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഹജ്ജ് സീസണില്‍ വിമാനങ്ങള്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് വിമാനങ്ങള്‍ വാടകക്കെടുത്ത് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ടിക്കറ്റ് ചാര്‍ജ് തോന്നിയ പോലെ ഈടാക്കുകയാണ്. ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. ഹജ്ജ് യാത്ര നടത്തി തിരികെ വരുമ്പോള്‍ കാലിയായി മടങ്ങേണ്ടി വരുന്നു എന്ന ന്യായവും ബാലിശമാണ്. കാലിയായി മടങ്ങിയാലും ഓപറേറ്റിങ് ചാര്‍ജില്‍ വ്യത്യാസമുണ്ടാകുന്നില്ലെന്ന വസ്തുത തിരിച്ചറിയണം. മലേഷ്യയില്‍ നടപ്പാക്കിയ തബാംഗ് ഹജ്ജ് മാതൃകയില്‍ ഒരു പ്രത്യേക ബോര്‍ഡ് നമുക്കും ഉണ്ടാക്കാന്‍ സാധിക്കണം. അവിടെ ഹജ്ജ് യാത്രക്കാര്‍ക്കായി പ്രത്യേക സംവിധാനം സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. വേണമെങ്കില്‍ മലേഷ്യയിലേക്ക് വിദഗ്ധ സമിതിയെ അയച്ച് പഠനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണം. ഹജ്ജ് കമ്മിറ്റികള്‍ ഇതിനായി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ചു നില്‍ക്കണം
സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍
ജമലുല്ലൈലി
(കോഴിക്കോട് ഖാസി)
കരിപ്പൂരിനായി ഒരുമിച്ചുള്ള പോരാട്ടമാണ് നടക്കേണ്ടത്. ഇതു കേരളത്തിലെ ഒരു വിഭാഗം ജനങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ജീവിതോപാധിക്കായി വിദേശത്തുപോവുന്ന അനേകായിരങ്ങളുടെ അത്താണിയാണിത്.
ഇതിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായുള്ള പോരാട്ടത്തില്‍ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കണം. മത,ജാതി ചിന്തകള്‍ക്കതീതമായുള്ള മുന്നേറ്റമാണ് വേണ്ടത്. ഇതിനായി നാം ഒരുമിച്ചു നില്‍ക്കുകയാണ് ചെയ്യേണ്ടത്.
പിന്നില്‍ ഗൂഢ നീക്കങ്ങള്‍
കെ. എം ബഷീര്‍(മലബാര്‍ ഡവലപ്‌മെന്റ്
ഫോറം)
കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ നീക്കങ്ങള്‍ക്കെതിരേ മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിരന്തരമായ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്. പുതിയ നീക്കങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കും. ഗൂഢമായ നീക്കങ്ങളാണ് വിമാനത്താവളത്തിനെതിരായി നടക്കുന്നത്. ഇത് ചെറുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.
കരിപ്പൂരിന്റെ പ്രതാപം തകര്‍ക്കാന്‍ ശ്രമം
എന്‍.കെ അബ്ദുല്‍ അസീസ്
(ഐ.എന്‍.എല്‍)
ഹജ്ജ്‌സബ്‌സിഡി സ്വീകരിക്കേണ്ടതില്ലെന്നാണ് എന്റെ പാര്‍ട്ടിയുടെ അഭിപ്രായം. ഹജ്ജ് സാമ്പത്തികമായി കഴിവുള്ളവര്‍ക്കാണ് നിര്‍ബന്ധിതമായി ബാധ്യതയുള്ളത്. എന്നാല്‍ കരിപ്പൂരിനായി നാം എല്ലാവരും ഒരുമിച്ചു നില്‍ക്കണം. കരിപ്പൂരിന്റെ പ്രതാപം തകര്‍ക്കാനായി ചില ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ട്. എന്റെ അഭിപ്രായം ഇതാണ്, നെടുമ്പാശേരി വിമാനത്താവളത്തില്‍ ഷെയറുള്ളവര്‍ക്കു കരിപ്പൂര്‍ വിമാനത്താവളത്തിലും ഷെയര്‍ കൊടുത്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും.
കൂട്ടായ പ്രവര്‍ത്തനം അനിവാര്യം
സി.ഇ ചാക്കുണ്ണി (മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍)
കരിപ്പൂരിന്റെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുന്നതിനായി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഹജ്ജ് എംബാര്‍ക്കേഷന്‍ മാറ്റാനുള്ള ശ്രമം ആസൂത്രിതമായി നടന്നിട്ടും കാര്യമായ പ്രതികരണങ്ങളുണ്ടായിട്ടില്ല. റണ്‍വേയുടെ ശേഷി പതിന്‍മടങ്ങ് വര്‍ധിച്ചിട്ടും വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാത്തതും പ്രതിഷേധാര്‍ഹമാണ്.
ഇഛാശക്തിയോടെ പോരാടണം
എസ്.എം സൈനുദ്ദീന്‍
( ജമാഅത്തേ ഇസ്്‌ലാമി)
കരിപ്പൂരിലെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയന്റ് നിലനിര്‍ത്താന്‍ തന്നെയാണ് പോരാടേണ്ടത്.
ഈ വര്‍ഷം അതിനു കഴിഞ്ഞില്ലെങ്കില്‍ അടുത്ത വര്‍ഷമെങ്കിലും അതു പിടിച്ചു നിര്‍ത്താനുള്ള ദീര്‍ഘദൃഷ്ടിയോടെയുള്ള സമരവും പ്രക്ഷോഭവുമാണ് വേണ്ടത്.
ഇതിനായി എല്ലാവരേയും ഒരുമിച്ചു നിര്‍ത്തണം. രാഷട്രീയ പാര്‍ട്ടികളുടെ സഹകരണവും ഉറപ്പു വരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."