സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി: കുടുംബശ്രീ സര്‍വ്വെ തുടങ്ങി
കല്‍പ്പറ്റ: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ (ലൈഫ് മിഷന്‍) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഗുണഭോക്തൃ സര്‍വ്വെ തുടങ്ങി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനം ഉറപ്പാക്കുന്നതാണ് ലൈഫ് മിഷന്‍.
കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയാറാക്കിയ പട്ടിക, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ 'ദിശ' പരിപാടിയുടെ ഭാഗമായി തയാറാക്കിയ പട്ടിക എന്നിവയില്‍ അംഗങ്ങളായ ഗുണഭോക്താക്കളുടെ വിവരങ്ങളാണ് സര്‍വ്വെയിലൂടെ ശേഖരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും രണ്ട് ദിവസം കൊണ്ട് സര്‍വ്വെ പൂര്‍ത്തിയാക്കാനാണുദ്ദേശിച്ചിരുന്നത്. എന്നാല്‍ ചില തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഗുണഭോക്തൃ പട്ടിക കൈമാറാതിരുന്ന ഇടങ്ങളില്‍ സര്‍വ്വെ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടും. എ, ബി, സി, ഡി എന്നീ ഫോറങ്ങള്‍ ഉപയോഗിച്ചാണ് കടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വ്വെ നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനം തയാറാക്കിയ ഭവനരഹിതര്‍ (എ) ഫോറം ഉപയോഗിച്ചും ഭൂരഹിത ഭവനരഹിതര്‍ (ബി) ഫോറം ഉപയോഗിച്ചും സര്‍വ്വെ നടത്തണം.
ഈ പട്ടികയിലുള്‍പ്പെടാത്തവരും കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ തയാറാക്കിയ പട്ടികയിലുള്‍പ്പെട്ടവരുമായ ഗുണഭോക്താക്കളെ സി, ഡി ഫോറങ്ങള്‍ ഉപയോഗിച്ചാണ് സര്‍വ്വെ നടത്തേണ്ടത്. പൂരിപ്പിച്ച എ, ബി സര്‍വ്വെ ഫോറങ്ങള്‍ സി.ഡി.എസ് തലത്തില്‍ എല്ലാ ദിവസവും ക്രോഡീകരിക്കും. ഇതില്‍ 10 ഫോറങ്ങള്‍ മേല്‍ പരിശോധനക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥന് കൈമാറും. ഗ്രാമ പ്രദേശങ്ങളില്‍ വി.ഇ.ഒമാരും, നഗര പ്രദേശങ്ങളില്‍ ജെ.എച്ച്.ഐമാരുമാണ് മേല്‍ പരിശോധന നടത്തേണ്ടത്. കുടുംബശ്രീ അയല്‍കൂട്ടം തയാറാക്കിയ പട്ടിക പ്രകാരം സര്‍വ്വെ നടത്തിയ സി.ഡി ഫോറങ്ങള്‍ പൂര്‍ണമായും മേല്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍വ്വെ ഫോറങ്ങള്‍ കുടുംബശ്രീ ഐ.ടി യൂനിറ്റുകള്‍ മുഖേന ഡാറ്റാ എന്‍ട്രി നടത്തിയ ശേഷം ജില്ലാ തലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപന സെക്രട്ടറി പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിച്ച് അര്‍ഹരായവരെ കൂട്ടിച്ചേര്‍ത്ത് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ക്ക് കൈമാറും. തുടര്‍ന്ന് പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ജില്ലാ കലക്ടര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരം ലഭിക്കും. ഇതിന്‍മേല്‍ റവന്യു ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ പരിശോധന നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."