സിറിയന്‍ സംഘര്‍ഷം ഒഴിയുന്നു; ഏറ്റുമുട്ടലില്‍നിന്ന് പിന്മാറാന്‍ യു.എസ്-തുര്‍ക്കി ധാരണ
അങ്കാറ: വടക്കന്‍ സിറിയയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അറുതിയാകുന്നു. മേഖലയില്‍ പരസ്പരം ഏറ്റുമുട്ടുന്ന തുര്‍ക്കി-യു.എസ് സൈന്യങ്ങള്‍ ആക്രമണത്തില്‍നിന്നു പിന്മാറാന്‍ ധാരണയിലെത്തി. തര്‍ക്കം നിലനില്‍ക്കുന്ന മന്‍ബിജ് നഗരത്തില്‍നിന്നു പിന്മാറാനാണ് ഇരുകക്ഷികളും തീരുമാനിച്ചിരിക്കുന്നത്.
സിറിയയില്‍ തുര്‍ക്കിക്കും അമേരിക്കയ്ക്കുമിടയില്‍ ഉടലെടുത്ത സംഘര്‍ഷത്തിലേക്കു നയിച്ച തര്‍ക്കങ്ങള്‍ മറികടക്കാന്‍ ഇരുരാജ്യങ്ങളും വേണ്ട നടപടികളെടുക്കുമെന്ന് യു.എസ്-തുര്‍ക്കി നേതാക്കള്‍ അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്‌ലു എന്നിവര്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍ബിജിന്റെ കാര്യത്തിലാണ് ആദ്യം തീരുമാനമുണ്ടാകുകയെന്ന് ടില്ലേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയില്‍ നയതന്ത്ര സന്ദര്‍ശനത്തിനെത്തിയതാണ് ടില്ലേഴ്‌സന്‍.
മന്‍ബിജില്‍ യു.എസ് സഖ്യത്തിലുള്ള കുര്‍ദ് സൈന്യമായ വൈ.പി.ജി പോരാളികള്‍ക്കെതിരേയാണ് തുര്‍ക്കി സൈനിക നടപടിക്കു മുതിര്‍ന്നത്. സമീപത്തെ അതിര്‍ത്തി ഗ്രാമമായ ആഫ്രീനില്‍ ആഴ്ചകളായി തുര്‍ക്കി-വൈ.പി.ജി സൈന്യങ്ങള്‍ തമ്മില്‍ പോരാട്ടം നടക്കുന്നുണ്ട്.
ഇവിടെ തുര്‍ക്കിക്ക് ഏറെക്കുറെ മേധാവിത്വം ലഭിച്ചിട്ടുണ്ട്. അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘമായ വൈ.പി.ജികളെ സഹായിക്കുന്ന അമേരിക്കയുടെ നയം തങ്ങളുടെ പരമാധികാരത്തിനുനേരെയുള്ള കൈയേറ്റമാണെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്.
2016ല്‍ ഐ.എസില്‍ നിന്ന് വൈ.പി.ജി സൈന്യം തിരിച്ചുപിടിച്ച പ്രദേശങ്ങളില്‍ ഒന്നാണ് മന്‍ബിജ്. ഇവിടെ അമേരിക്കയുടെ സൈനികസാന്നിധ്യവുമുണ്ട്. മന്‍ബിജിലെ യു.എസ് സഖ്യസേനയെ ശക്തമായി നേരിടുമെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനുശേഷമാണ് ഇരുകക്ഷികളും രഞ്ജിപ്പിലായത്. യു.എസ് സംയുക്ത സൈന്യം ഉടന്‍ ചേര്‍ന്ന് മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് നാറ്റോ സഖ്യകക്ഷികള്‍ അറിയിച്ചു.
തുര്‍ക്കി മന്‍ബിജ് ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് യു.എസ് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കിയിരുന്നു. തിരിച്ചടിച്ചാല്‍ ഓട്ടോമന്‍ സൈന്യത്തില്‍നിന്ന് ഏറ്റ ചരിത്രപരമായ പ്രഹരം വീണ്ടും ഏറ്റുവാങ്ങേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."