HOME
DETAILS

അപരാജിതന്‍

  
backup
February 18 2018 | 01:02 AM

aparajithan-sunday-main

''ചെറു പ്രായത്തില്‍ ഒരു കനത്ത പരാജയമെങ്കിലും രുചിക്കുന്നത് എപ്പോഴും നല്ലതാണ്. വരാനിരിക്കുന്നതിനെയൊക്കെ നേരിടാന്‍ അതു നമ്മെ പ്രാപ്തമാക്കും. അങ്ങനെയൊരു പരാജയം രുചിച്ചതു കാരണം തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുമ്പോഴും ഭയമില്ലാതെ ജീവിതത്തെ നേരിടാന്‍ എനിക്കായിട്ടുണ്ട്.''

 

ലോകത്തെ രണ്ടാമത്തെ വലിയ മാധ്യമ-വിനോദ കമ്പനിയായ 'ദ വാള്‍ട്ട് ഡിസ്‌നി കമ്പനി'യുടെ സ്ഥാപകന്‍ വാള്‍ട്ട് ഡിസ്‌നിയുടേതാണു വാക്കുകള്‍. യുവാവായിരിക്കെ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തില്‍നിന്ന് സര്‍ഗാത്മകത പോരെന്നു പറഞ്ഞ് ഡിസ്‌നിക്കു പുറത്തുപോരേണ്ടി വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് പറയുന്നത് ശതകോടികളുടെ നഷ്ടവും സഹിച്ചാണ് കമ്പനി ഇന്നു കാണുന്ന നിലയിലെത്തിയതെന്നാണ്. സ്വന്തം സ്ഥാപനമായ ആപ്പിള്‍ കമ്പനിയില്‍നിന്നു വരെ ഒരു തവണ പുറത്താക്കപ്പെട്ടയാളാണ് സ്റ്റീവ് പോള്‍ ജോബ്‌സ് എന്ന് എത്ര പേര്‍ക്കറിയാം?
എന്നാല്‍ ഒരു തോല്‍വിയല്ല, തോല്‍വി പരമ്പരകള്‍ തന്നെ നേരിടേണ്ടി വന്നാല്‍ എന്തു ചെയ്യും? ശരിക്കും പതറിപ്പോകില്ലേ? പരാജയഘോഷയാത്രകള്‍ ഒന്നിനു പിറകെ ഒന്നൊന്നായി വന്നുപോയിട്ടും വീണ്ടും പുതിയ പരീക്ഷണങ്ങളിലേക്കിറങ്ങി വിജയാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച ഒരാളുണ്ട്. കഴിഞ്ഞ വാരം ലോകം ആഘോഷിച്ച ബഹിരാകാശ ദൗത്യം 'ഫാല്‍ക്കണ്‍ ഹെവി'യുടെ പിതാവ് ഇലോണ്‍ മസ്‌ക് തന്നെ. തോല്‍വികളുടെ കളിക്കൂട്ടുകാരന്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം മസ്‌കിനെ.


എല്ലാ കുട്ടികളെയും പോലെ വെറും സ്വപ്നലോകത്തായിരുന്നില്ല, പലപല മനോരാജ്യങ്ങളിലായിരുന്നു കൊച്ചു മസ്‌ക് ജീവിച്ചിരുന്നത്. അയഥാര്‍ഥ ലോകത്തെ കുറിച്ചും അസംഭവ്യമായി തോന്നുന്ന കാര്യങ്ങളെ കുറിച്ചും സ്വപ്നം കണ്ടു നടക്കും. സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമൊന്നും 46-ാം വയസിലും സഫലമായിട്ടില്ലെങ്കിലും ഒരു തരത്തിലുമുള്ള അനുഭവ പരിജ്ഞാനമില്ലാതിരുന്ന രണ്ടു ലോകങ്ങളെ സ്വന്തം കാല്‍ക്കീഴിലാക്കിയിരിക്കുന്നു ഇന്ന് മസ്‌ക്. ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ല ഓട്ടോമോട്ടിവ് കമ്പനിയും, ബഹിരാകാശ പേടക, റോക്കറ്റ് നിര്‍മാണ രംഗത്ത് ചരിത്രം രചിച്ച സ്‌പെയ്‌സ് എക്‌സും, പരാജയക്കൊടുമുടി താണ്ടി ഇലോണ്‍ മസ്‌ക് കെട്ടിപ്പടുത്തുണ്ടാക്കിയതാണ്.

 

 

 

 

ഏകാന്തബാല്യം


1971 ജൂണ്‍ 28ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ജനനം. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന അച്ഛന്‍ ഇരോള്‍ മസ്‌ക് ദക്ഷിണാഫ്രിക്കക്കാരനും, മോഡലും ഡയറ്റീഷ്യനുമായിരുന്ന അമ്മ മായെ മസ്‌ക് കാനഡക്കാരിയുമായിരുന്നു. ചെറുപ്രായത്തില്‍ വിഭ്രമാത്മക കഥകളും സയന്‍സ് ഫിക്ഷനുകളും ഒഴിച്ചുനിര്‍ത്തിയാല്‍ കൂട്ടുകാരെന്നു പറയാവുന്ന അധികം പേരുണ്ടായിരുന്നില്ല മസ്‌കിന്. ഇംഗ്ലീഷ് എഴുത്തുകാരന്‍ ജെ.ആര്‍.ആര്‍ ടോള്‍ക്കീന്റെ ഫാന്റസി നോവലായ 'ദ ലോര്‍ഡ് ഓഫ് ദ റിങ്‌സും' അമേരിക്കന്‍ എഴുത്തുകാരന്‍ ഐസക് അസിമോവിന്റെ സയന്‍സ് ഫിക്ഷന്‍ 'ഫൗണ്ടേഷന്‍ സീരീസും' ആയിരുന്നു ഏകാന്തതയിലെ കൂട്ടുകാര്‍. എട്ടാം വയസില്‍ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു. രണ്ടു സഹോദരങ്ങള്‍ക്കൊപ്പം പിന്നീട് അമ്മയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ പലയിടങ്ങളിലായി കഴിഞ്ഞു. മകന്റെ അന്തര്‍മുഖത്വം മാറ്റാനായി അമ്മ പെണ്‍കുട്ടികളെയൊക്കെ വീട്ടില്‍ കൊണ്ടുവന്നു പരിചയപ്പെടുത്തും. മസ്‌ക് പക്ഷെ ടേബിളില്‍ കിടക്കുന്ന ഏതെങ്കിലും പുസ്തകമെടുത്ത് മുഖം മറച്ചുപിടിക്കും.


പതിനൊന്നാം വയസില്‍ പ്രിട്ടോറിയയിലെ പിതാവിന്റെ അടുത്തേക്കു തന്നെ തിരിച്ചുപോയി. അച്ഛന്‍ അമേരിക്കയിലേക്കു കൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ തിരിച്ചുപോക്ക്. മുന്‍പൊരിക്കല്‍ അച്ഛനൊപ്പം അമേരിക്കയില്‍ പോയിരുന്നു. അമേരിക്കയിലെ ചലച്ചിത്രങ്ങളും ഹാസ്യപരിപാടികളും സാങ്കേതികവിദ്യയും സ്വാതന്ത്ര്യവുമെല്ലാമായിരുന്നു മസ്‌കിനെ ആകര്‍ഷിച്ചത്. എന്നാല്‍, അച്ഛന്‍ മകന്റെ ആഗ്രഹത്തിനു ചെവികൊടുത്തില്ല.
പതിനേഴാം വയസില്‍ ഒറ്റയ്ക്ക് കാനഡയിലേക്കു വിമാനം കയറി. അവിടെ അമ്മയുടെ ബന്ധുക്കളുടെ കൂടെക്കൂടി. പലപ്പോഴും ഒരു ഡോളറിന് ഓറഞ്ച് വാങ്ങി ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ അനുഭവവുമുണ്ടായി അതിനിടക്ക്. അക്കാലത്തു തന്നെ ഒന്റാറിയോയിലെ ക്വീന്‍സ് സര്‍വകലാശാലയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. രണ്ടു വര്‍ഷത്തിനു ശേഷം അവിടെനിന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലേക്കു മാറ്റം കിട്ടി. അവിടെനിന്ന് ഭൗതികശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദങ്ങളും സ്വന്തമാക്കി. 24-ാ വയസില്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി ഗവേഷണത്തിനു ചേര്‍ന്നു. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അപ്പണി തനിക്കു ചേരില്ലെന്നു മനസിലാക്കി പി.എച്ച്.ഡി പഠനം ഉപേക്ഷിച്ചു.

 

പരാജയ പര്‍വം


പ്രിട്ടോറിയയിലെ സ്‌കൂള്‍ പഠനകാലം തൊട്ടേ ഒറ്റപ്പെട്ട ജീവിതമായിരുന്നു മസ്‌കിന്റേത്. ആരോടും സൗഹൃദത്തിനൊന്നും പോകാതെ പുസ്തകങ്ങളിലും കംപ്യൂട്ടറിലും ചടഞ്ഞുജീവിച്ചതു കാരണം സഹപാഠികള്‍ക്കിടയില്‍ പരിഹാസപാത്രമായി മാറി. ആയിടക്ക് അവരില്‍ ചില വില്ലന്മാര്‍ വന്ന് അവനെ കോണിപ്പടിയില്‍നിന്ന് താഴേക്കു തള്ളിയിട്ടു. മാരകമായി പരുക്കേറ്റ മസ്‌ക് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു.


കോളജ് പഠനകാലത്ത് സാങ്കേതികരംഗത്ത് ജോലി നേടുന്നതിനെ കുറിച്ചായി ചിന്ത. പ്രമുഖ വെബ് ബ്രൗസര്‍ കമ്പനിയായിരുന്ന നെറ്റ്‌സ്‌കേപ്പ് ഓഫിസില്‍ ചെന്നു ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയില്ലെന്നു പറഞ്ഞ് അപേക്ഷ തള്ളിപ്പോയി. നിരാശാഭരിതനായി വീട്ടില്‍ മടങ്ങിയെത്തിയ മസ്‌ക് പക്ഷെ ഒരു കാര്യം തീരുമാനിച്ചു. സ്വന്തമായൊരു വെബ് സോഫ്റ്റ്‌വെയര്‍ തുടങ്ങുക. അങ്ങനെ സഹോദരനുമായി ചേര്‍ന്നു തുടങ്ങിയ സിപ്2 പച്ചപിടിച്ചുതുടങ്ങിയെങ്കിലും തലവര വീണ്ടും പ്രതികൂലമായി വന്നു. കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന മസ്‌കിനെ ഡയരക്ടറേറ്റ് ബോഡി ചേര്‍ന്ന് അയോഗ്യനെന്നു പറഞ്ഞു സ്ഥാനത്തുനിന്നു നീക്കി. കമ്പനിയിലുണ്ടായിരുന്ന ഓഹരി നിലനിര്‍ത്തുകയും ചെയ്തു. ഒടുവില്‍ കമ്പനി വിറ്റപ്പോള്‍ 22 മില്യന്‍ ഡോളറാണ് മസ്‌കിനും സഹോദരനുമായി ലഭിച്ചത്.
ഇതിനു ശേഷം ആരംഭിച്ച ഓണ്‍ലൈന്‍ പെയ്‌മെന്റ് വെബ്‌സൈറ്റായ 'പേപാലി'ന്റെയും സി.ഇ.ഒ ആയി നിയമിതനായത് മസ്‌ക് തന്നെയായിരുന്നു. അവിടെയും നിര്‍ഭാഗ്യം പിന്തുടര്‍ന്നു കൊണ്ടിരുന്നു. കമ്പനിയിലെ ചില ഓഹരി ഉടമകളുമായുണ്ടായ അഭിപ്രായവ്യത്യാസം വീണ്ടും സി.ഇ.ഒ പദവി തെറിപ്പിച്ചു. ആദ്യ ഭാര്യ ജസ്റ്റിന്‍ വില്‍സണുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കുമ്പോഴായിരുന്നു ആ വേദനാജനകമായ വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. കമ്പനി ആരംഭിക്കുന്നതിനു രണ്ടുനാള്‍ മുന്‍പാണ്, ക്വീന്‍സ് പഠനകാലത്ത് കണ്ടുമുട്ടിയ ഭ്രമാത്മക നോവലിസ്റ്റ് കൂടിയായ ജസ്റ്റിന്‍ വില്‍സണെ ജീവിതപങ്കാളിയാക്കുന്നത്.(ഈ ബന്ധത്തില്‍ ഓരോ വീതം ഇരട്ടകളും ത്രിത്രയങ്ങളും അടക്കം അഞ്ചു മക്കളുണ്ട് മസ്‌കിന്. 2008ല്‍ ജസ്റ്റിന്‍ വില്‍സണുമായി വേര്‍പിരിഞ്ഞ് ഇംഗ്ലീഷ് നടിയായ റിലെയെ കൂടെക്കൂട്ടി.)


ഇടക്കാലത്ത് മലേറിയ ബാധിച്ച് മരണത്തോടു മല്ലടിച്ചതും മകന്റെ അപ്രതീക്ഷിതമായ മരണവും സ്‌പെയ്‌സ് എക്‌സ് റോക്കറ്റുകളുടെ പരീക്ഷണങ്ങള്‍ അടിക്കടി പരാജയപ്പെട്ടതും ടെസ്‌ലയിലെ സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി തിരിച്ചടികളുടെ വന്‍കടല്‍ നീന്തിക്കടന്നാണ് മസ്‌ക് വിജയങ്ങളുടെ അപാരതീരമണഞ്ഞത്.

 

സംരംഭകനിലേക്ക്


പരാജയങ്ങളും തിരിച്ചടികളും ഒരു ഭാഗത്തു വന്നുപോയ്‌ക്കൊണ്ടിരുന്നപ്പോഴും മറുഭാഗത്ത് സ്വന്തമായ സംരംഭങ്ങളുമായി കറങ്ങിനടക്കുകയായിരുന്നു മസ്‌ക്. പത്താം വയസില്‍തന്നെ മസ്‌ക് എന്ന സംരംഭകന്‍ ജനിച്ചിരുന്നു. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലും വിഡിയോ ഗെയിം നിര്‍മാണത്തിലുമൊക്കെ സ്വന്തം നിലക്കു തന്നെ പഠനവും പരീക്ഷണവും നടത്തിത്തുടങ്ങി. അങ്ങനെയാണു സ്വന്തമായൊരു വിഡിയോ ഗെയിം നിര്‍മിച്ചത്. ബ്ലാസ്റ്റര്‍ എന്നായിരുന്നു ഗെയിമിന്റെ പേര്. പ്രമുഖമായൊരു സാങ്കേതികവിദ്യാ മാഗസിന് ആ ഗെയിം 500 ഡോളറിന് വില്‍ക്കുകയും ചെയ്തു ആ കൊച്ചുമിടുക്കന്‍. ബിരുദ പഠനകാലത്തും സഹോദരനൊപ്പം ചേര്‍ന്നും ഒറ്റയ്ക്കും പലതരം പരീക്ഷണങ്ങളില്‍ മുഴുകി.
പി.എച്ച്.ഡി പഠനം നിര്‍ത്തിയത് ഗൗരവമായി തന്നെ സ്വയംസംരംഭങ്ങള്‍ ആരംഭിക്കാനായിരുന്നു. പഠനം നിര്‍ത്തി നേരെ തിരിഞ്ഞത് ഒരു മാധ്യമസംരംഭത്തിലേക്കാണ്. സഹോദരന്‍ കിംബലിനെ കൂടെക്കൂട്ടി സിപ്2 എന്ന പേരില്‍ ഒരു വെബ് സോഫ്റ്റ്‌വെയര്‍ സ്ഥാപനം തുടങ്ങി. ന്യൂയോര്‍ക്ക് ടൈംസ്, ചിക്കാഗോ ട്രിബ്യൂണ്‍ അടക്കമുള്ള മുന്‍നിര പത്രങ്ങളില്‍നിന്നു വരെ കമ്പനിക്ക് കോണ്‍ട്രാക്ടുകള്‍ ലഭിച്ചു.


നാലു വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥാപനം വിറ്റവകയില്‍ 22 മില്യന്‍ ഡോളറിന്റെ ഓഹരി തുക ലഭിച്ചു. ആ പണം ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. അങ്ങനെ സഹോദരുമായി ചേര്‍ന്ന് 'പേപാല്‍' എന്ന പേരില്‍ ഒരു കമ്പനിക്കും തുടക്കമിട്ടു. 2002ല്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ഇ-ബേ 'പേപാല്‍' മസ്‌ക് സഹോദരങ്ങളില്‍നിന്നു സ്വന്തമാക്കുന്നത് 160 മില്യന്‍ ഡോളറിനാണ്.

 

ചൊവ്വയിലേക്ക് ചുണ്ടെലികളെ കടത്തിയാല്‍


'പേപാല്‍' വിറ്റതോടെ ഇനിയെന്തെന്നായി ആലോചന. പുതിയ മേഖലകളിലേക്കായിരുന്നു കണ്ണ്. സുഹൃത്തും വ്യവസായിയുമായിരുന്ന ജോര്‍ജ് സക്കരിയെ വിളിച്ചുചോദിച്ചു: ''ചൊവ്വാഗ്രഹത്തിലേക്ക് ചുണ്ടെലികളെ കടത്തിയാല്‍ ജനങ്ങള്‍ എന്നെ കുറിച്ച് ഭ്രാന്തന്‍ എന്നു കരുതുമോ?'' ജോര്‍ജ് തിരിച്ചുചോദിച്ചു: ''ജനങ്ങള്‍ വിചാരിക്കുന്നതു പോകട്ടെ, അവ പിന്നീട് നാട്ടിലേക്കു തിരിച്ചുവരുമോ?''
മുസ്‌ക്: ''അതറിയില്ല..''
ജോര്‍ജ്: ''അവ തിരിച്ചുവന്നില്ലെങ്കില്‍ വളരെ നല്ലത്..''
അപ്പോഴേക്കും മസ്‌കിന്റെ കണ്ണ് ഭൂമി വിട്ട് ബഹിരാകാശത്തെത്തിയിരുന്നു. ഒരു സ്വകാര്യ ബഹിരാകാശ സംരംഭത്തെ കുറിച്ചു തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്നേരം. ബഹിരാകാശത്തേക്കു പേലോഡുകള്‍ അയക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ അന്വേഷിച്ച് റഷ്യയിലേക്കു തിരിച്ചു. കോളജിലെ ഉറ്റസുഹൃത്ത് അഡിയോ റെസ്സിയും ബഹിരാകാശ പേടകങ്ങളുടെ വിതരണക്കാരനായ ജിം കാന്‍ട്രലും കൂടെയുണ്ടായിരുന്നു. പ്രമുഖ ബഹിരാകാശ കമ്പനികളായ കോസ്‌മോത്രാസ് അടക്കം റഷ്യയിലെ പല മിസൈല്‍ നിര്‍മാതാക്കളെയും ചെന്നു കണ്ടു. നിരാശയായിരുന്നു ഫലം. തുടക്കക്കാരനായതു കൊണ്ട് അവരോട് വിലപേശാനുള്ള ശേഷിയുണ്ടായിരുന്നില്ല. വെറുംകൈയോടെ നാട്ടിലേക്കു മടങ്ങി.


2002 ഫെബ്രുവരിയില്‍ വീണ്ടും ഇതേ സംഘം റഷ്യയിലെത്തി. മൂന്ന് റോക്കറ്റുകള്‍ വാങ്ങുകയായിരുന്നു ഇത്തവണ ലക്ഷ്യം. കോസ്‌മോത്രാസിനെ വീണ്ടും സമീപിച്ചു. എന്നാല്‍, ഒരു റോക്കറ്റിന് എട്ട് മില്യന്‍ യു.എസ് ഡോളര്‍ വിലപറഞ്ഞു കമ്പനി. കൂടിക്കാഴ്ചയില്‍നിന്ന് ക്ഷുഭിതനായാണ് മസ്‌ക് പുറത്തിറങ്ങിയത്. അങ്ങനെയാണു താങ്ങാവുന്ന ചെലവില്‍ സ്വന്തമായി റോക്കറ്റ് നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അക്കാലത്ത് ഒരു റോക്കറ്റിന്റെ വിലയുടെ മൂന്നു ശതമാനം മാത്രമാണ് റോക്കറ്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത പദാര്‍ഥങ്ങള്‍ക്കു ചെലവാകുന്നതെന്നു കണക്കുകൂട്ടിയപ്പോള്‍ മസ്‌കിനു വ്യക്തമായി.


അങ്ങനെ 2002 മേയ് മാസം സ്‌പെയ്‌സ് എക്‌സ് എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ഹൗത്തോര്‍ണില്‍ ബഹിരാകാശ പേടക-റോക്കറ്റ് നിര്‍മാണ കമ്പനി ആരംഭിച്ചു. അമേരിക്കന്‍ വ്യവസായി സ്റ്റീവ് ജേര്‍വെറ്റ്‌സന്‍ അടക്കമുള്ളവരുടെ സാമ്പത്തിക നിക്ഷേപമുണ്ടായിരുന്നു കമ്പനിക്കു പിറകില്‍. 'ഫാല്‍ക്കണ്‍' എന്ന പേരില്‍ റോക്കറ്റുകളും 'ഡ്രാഗന്‍' എന്ന പേരില്‍ ബഹിരാകാശ പേടകങ്ങളും വികസിപ്പിച്ചു തുടങ്ങി. ആറു വര്‍ഷം കൊണ്ട് ആദ്യ റോക്കറ്റായ 'ഫാല്‍ക്കണ്‍ 1' വിക്ഷേപണത്തിനു സജ്ജമായി. 2008 സെപ്റ്റംബറില്‍ ആ ചരിത്രവും പിറന്നു. 'ഫാല്‍ക്കണ്‍ 1' വിജയകരമായി ബഹിരാകാശത്തേക്കു കുതിച്ചു. ബഹിരാകാശത്തെത്തുന്ന ആദ്യ സ്വകാര്യ റോക്കറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 2012 മെയ് മാസം 'ഡ്രാഗന്‍' വിജയകരമായി വിക്ഷേപിച്ച് സ്‌പെയ്‌സ് എക്‌സും മസ്‌കും മറ്റൊരു ചരിത്രവും സ്വന്തം പേരില്‍ തുന്നിച്ചേര്‍ത്തു. ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ എത്തുന്ന ആദ്യത്തെ വാണിജ്യ പേടകമായിരുന്നു ഡ്രാഗന്‍. അതിനിടക്ക്, ഇന്റര്‍നാഷനല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്കു ചരക്ക് കടത്താനായി 'ഫാല്‍ക്കണ്‍ 9' റോക്കറ്റും 'ഡ്രാഗന്‍' ബഹിരാകാശ പേടകവും നിര്‍മിക്കാന്‍ നാസയില്‍നിന്ന് കോണ്‍ട്രാക്ടും ലഭിച്ചിരുന്നു.


സ്‌പെയ്‌സ് എക്‌സ് വിക്ഷേപിച്ച ആദ്യ റോക്കറ്റുകളില്‍ ഒന്ന് 2015 ഡിസംബറില്‍ വിക്ഷേപണത്തറയില്‍ തിരിച്ചിറങ്ങിയതോടെ മറ്റൊരു ബഹിരാകാശ ചരിത്രവും രചിക്കപ്പെട്ടു. ഇത്തരമൊരു നേട്ടം ബഹിരാകാശദൗത്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരുന്നു. വിക്ഷേപണത്തിനുശേഷം തിരികെ ഭൂമിയില്‍ എത്തുന്ന റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു പിന്നീട് പല തവണ ആവര്‍ത്തിച്ചു. 2017ല്‍ 18 'ഫാല്‍ക്കണ്‍ 9' റോക്കറ്റുകള്‍ വിജയകരമായി വിക്ഷേപിച്ചും കമ്പനി റെക്കോര്‍ഡിട്ടു.


മനുഷ്യനിര്‍മിതമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് 'ഫാല്‍ക്കണ്‍ ഹെവി' ഇക്കഴിഞ്ഞ ആറിനു വിജയകരമായി പറന്നുപൊങ്ങിയത് ലോകം വിസ്മയത്തോടെയാണു നോക്കിനിന്നത്. നാല്‍പ്പതാണ്ടു മുന്‍പ് ചന്ദ്രനിലേക്കു മനുഷ്യനുമായി നാസയുടെ റോക്കറ്റുകള്‍ ഉയര്‍ന്നുപൊങ്ങിയ അമേരിക്കയിലെ കേപ് കനവറലിലെ കെന്നഡി സ്‌പേസ് സെന്റര്‍ വിക്ഷേപണത്തറയില്‍നിന്നു തന്നെയായിരുന്നു ഇതിന്റെയും വിക്ഷേപണം. 1,40,000 പൗണ്ട് (63,800 കി.)വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ ഈ പേടകത്തിനു സാധിക്കും.


വിക്ഷേപണത്തിനുശേഷം തിരികെ ഭൂമിയില്‍ എത്തുമെന്ന പ്രത്യേകത ഈ റോക്കറ്റിനുമുണ്ട്. മസ്‌കിന്റെ തന്നെ കാര്‍ കമ്പനിയായ ടെസ്‌ലയുടെ റോഡ്സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറുമായാണ് 'ഫാല്‍ക്കണ്‍ ഹെവി' പറന്നുയര്‍ന്നത്. 'സ്റ്റാര്‍മാന്‍' എന്ന പേരുള്ള, ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന വസ്ത്രമണിഞ്ഞ ബൊമ്മയാണ് കാറിന്റെ ഡ്രൈവിങ് സീറ്റിലുള്ളത്.

 

കുറഞ്ഞ ചെലവില്‍ വൈദ്യുതകാര്‍


സ്‌പെയ്‌സ് എക്‌സിന്റെ വിജയക്കുതിപ്പിനിടയില്‍ വൈദ്യുതകാറുകള്‍ നിര്‍മിച്ചാല്‍ എങ്ങനെയിരിക്കുമെന്ന ചിന്തയും ഇലോണ്‍ മസ്‌കിന്റെ മനസില്‍ പൊങ്ങിവന്നു. സാധാരണക്കാരനു താങ്ങാവുന്ന ഇലക്ട്രോണിക് കാര്‍ എന്നതായിരുന്നു ലക്ഷ്യം. അന്തരീക്ഷ മലിനീകരണം തടയാന്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതികളായിരുന്നു ഇലക്ട്രോണിക് കാര്‍ എന്ന പദ്ധതിക്കു പിന്നിലുള്ള മറ്റൊരു പ്രചോദനം.


മാര്‍ട്ടിന്‍ എബെര്‍ഹാര്‍ഡ് എന്നു പേരുള്ള ഒരു മെക്കാനിക്കല്‍ എന്‍ജിനീയറെ ആശയവുമായി അദ്ദേഹം ചെന്നു കണ്ടു. ലിഥിയം അയോണ്‍ ബാറ്ററി കൊണ്ട് ഒരു സ്‌പോര്‍ട്‌സ് കാര്‍ പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു ആദ്യത്തെ ആശയം. രണ്ടു വര്‍ഷം കൊണ്ട് 25 മില്യന്‍ ഡോളര്‍ ചെലവില്‍ റോഡ്സ്റ്റര്‍ കാറുകള്‍ പുറത്തിറക്കാമെന്ന തീരുമാനത്തില്‍ ഇരുവരുമെത്തി. 2003ല്‍ മാര്‍ട്ടിന്‍ എബെര്‍ഹാര്‍ഡുമായി ചേര്‍ന്ന് ടെസ്‌ല മോട്ടോര്‍ കമ്പനിക്കും തുടക്കമിട്ടു.


എന്നാല്‍ സ്വപ്നപദ്ധതിയുടെ പൂര്‍ത്തീകരണത്തിനു നാലര വര്‍ഷവും 140 മില്യന്‍ ഡോളറുമെടുത്തു. കാര്‍ബണ്‍ ഫൈബര്‍ ബോഡിയുള്ള കാറിന് മണിക്കൂറില്‍ 60 മൈല്‍ താണ്ടാനുള്ള ശേഷിയുണ്ടായിരുന്നു. കൂടുതല്‍ നവീകരണങ്ങളോടെ ഒരു ലക്ഷം കാറുകള്‍ 2009ഓടെ നിരത്തിലിറക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം. 2007ല്‍ മസ്‌കും ടെസ്‌ല ഡയറക്ടര്‍ ബോര്‍ഡും ചേര്‍ന്ന് എബെര്‍ഹാര്‍ഡിനെ പുറത്താക്കി.


ആദ്യത്തെ റോഡ്സ്റ്റര്‍ നിര്‍മാണത്തിന്റെ ചെലവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇത് ഇരുവരും തമ്മിലുള്ള നിയമയുദ്ധത്തിലേക്കും നയിച്ചു. ഇതിനുശേഷം മറ്റു രണ്ട് സി.ഇ.ഒമാരെയും മസ്‌ക് പരീക്ഷിച്ചെങ്കിലും തൃപ്തിയായില്ല. ഒടുവില്‍ 2008ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മസ്‌ക് തന്നെ സി.ഇ.ഒ പദവി ഏറ്റെടുത്ത് മുഴുസമയം കമ്പനിയുടെ ചെലവിലും ലാഭത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു. അങ്ങനെ 2008ല്‍ ടെസ്‌ല റോഡ്സ്റ്റര്‍ എന്ന പേരില്‍ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിരത്തിലിറക്കി. 31 രാജ്യങ്ങളിലായി 2,500 കാറുകളാണ് തുടക്കത്തില്‍ തന്നെ വിറ്റുപോയത്. ടെസ്‌ലയെ പിന്തുടര്‍ന്ന് മറ്റു മുന്‍നിര കമ്പനികളും ഇലക്ട്രോണിക് രംഗത്തേക്കു ചുവടുവച്ചു.

 

മഹാസംരംഭകന്‍


ഒരിടത്തും ഉറച്ചുനില്‍ക്കുന്നതായിരുന്നില്ല മസ്‌കിന്റെ പ്രകൃതം. സാഹസികതകള്‍ക്ക് ഒട്ടും മടികാണിച്ചിരുന്നില്ല. സ്‌പെയ്‌സ് എക്‌സിന്റെയും ടെസ്‌ലയുടെയും കൈപ്പും സന്തോഷവും നിറഞ്ഞ അനുഭവങ്ങള്‍ക്കിടയില്‍ വേറെയും സംരംഭങ്ങളിലേക്ക് അദ്ദേഹം ചുവടുവച്ചു. 2006ല്‍ കുടുംബ സുഹൃത്തുക്കളായ ലിന്‍ഡനും പീറ്റര്‍ റീവുമായി ചേര്‍ന്ന് ഒരു സൗരോര്‍ജ വ്യവസായത്തിനു തുടക്കമിട്ടു. സോളാര്‍ സിറ്റിയെന്നാണതിനു പേരിട്ടത്. 2013ഓടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ സോളാര്‍ വിതരണക്കാരായി മാറി സോളാര്‍ സിറ്റി.


അതിവേഗ ഗതാഗത സംവിധാനം ലക്ഷ്യമിട്ട് 2013ല്‍ ഹൈപ്പര്‍ ലൂപ് എന്ന പേരില്‍ ഒരു ആശയം അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റിക്കും വാഷിങ്ടണ്‍ ഡി.സിക്കുമിടയില്‍ ഇത്തരത്തിലൊരു പാത നിര്‍മിക്കാന്‍ ഇതിനകം യു.എസ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. 2015ല്‍ തുടക്കമിട്ട ലാഭേച്ഛയില്ലാത്ത കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റിസര്‍ച്ച് കമ്പനിയായ ഓപണ്‍ എ.ഐ, 2016ല്‍ ആരംഭിച്ച ന്യൂറോ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ന്യൂറോലിങ്ക്, നഗരങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച ദി ബോറിങ് കമ്പനി...അങ്ങനെയങ്ങനെ പുലരാതെ പോയ സ്വപ്നങ്ങള്‍ക്ക് മസ്‌ക് സ്വന്തം പരീക്ഷണങ്ങള്‍ കൊണ്ടു പകരം വീട്ടിക്കൊണ്ടിരിക്കുകയാണ്.


പാതി ഡെമോക്രാറ്റും പാതി റിപബ്ലിക്കനും


ബിസിനസ് രംഗത്തെ പൊതുട്രെന്‍ഡില്‍നിന്നു വ്യത്യസ്തനായി രാഷ്ട്രീയരംഗവും വഴങ്ങുമെന്ന് മസ്‌ക് തെളിയിച്ചിട്ടുണ്ട്. പാതി ഡെമോക്രാറ്റും പാതി റിപബ്ലിക്കനും എന്നാണ് അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിക്കാറ്. സാമ്പത്തികമായി കണ്‍സര്‍വേറ്റിവും സാമൂഹികമായി ലിബറലുമെന്നാണ് അതിന് അദ്ദേഹം നല്‍കുന്ന വിശദീകരണം. 2016 ഡിസംബറില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിറകെ രൂപീകരിച്ച രണ്ടംഗ ഉപദേശക സമിതിലെ ഒരാളായിരുന്നു മസ്‌ക്. ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു വരെ നിലപാടു സ്വീകരിച്ചയാളായിരുന്നു അദ്ദേഹം.


2017 ജൂണില്‍ അദ്ദേഹം പദവി രാജിവച്ചു. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നു പിന്മാറാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സഹായിയാണെന്ന് ഒരിക്കല്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് മസ്‌ക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ചെറുതല്ലാത്ത സഹായം നല്‍കിവരുന്നു.


സ്വപ്നങ്ങള്‍


20 വര്‍ഷത്തിനകം മനുഷ്യരെ ചൊവ്വയിലെത്തിക്കണം, 2040ഓടെ 80,000 ജനസംഖ്യയുള്ള ഒരു ചൊവ്വാ കോളനി സൃഷ്ടിക്കണമെന്നൊക്കെയാണ് മസ്‌കിന്റെ ഇപ്പോഴത്തെ വലിയ സ്വപ്നങ്ങള്‍. സൂപ്പര്‍ സോണിക് വൈദ്യുത വിമാനം, ഡബിള്‍ ഡെക്കര്‍ ഹൈവേ എന്നു തുടങ്ങി സ്വപ്നങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago