നേര്‍വഴിയുടെ താവഴി
മുസ്‌ലിം കേരളത്തില്‍ നവീന ആശയത്തിന് പുനരാവിഷ്‌കാരം നല്‍കി ഒരു നൂറ്റാണ്ടിന്റെ ഇന്നലെകളെ മാത്രം പറഞ്ഞ് നവോത്ഥാനത്തിന്റെ പിതൃത്വവും പിന്തുടര്‍ച്ചയും അവകാശപ്പെടുന്നത് ഒരു വലിയ ചരിത്രത്തേയും ആദര്‍ശത്തേയും സ്വന്തത്തിലേക്കൊതുക്കുന്ന സങ്കുചിതത്തെയാണ് വിഭാവനം ചെയ്യുന്നത്. ഒരു നൂറ്റാണ്ടിന്റെ മാത്രം പാര്‍ശ്വവല്‍കൃത ഭാവനകളെ ഏഴാം നൂറ്റാണ്ടിന്റെ സര്‍വകാലിക ദര്‍ശനത്തോട് കൂടി ബന്ധിപ്പിക്കുന്നതിലെ അല്‍പത വ്യക്തമാണ്. മുസ്‌ലിംകളുടെ സാമൂഹിക രൂപീകരണം നടക്കുന്നത് കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന് അപ്പുറമാണ്.
വിശ്വാസത്തിന്റെ പിന്തുടര്‍ച്ചയും സാമുദായികവും മതേതരവുമായ വ്യവഹാരങ്ങളുടേയും ഇടപെടലിന്റേയും നൈരന്തര്യവും പാരസ്പര്യത്തിന്റെ അതിജീവനവും കൃത്യമായും രൂപപ്പെട്ടത് ഈ അഞ്ച് നൂറ്റാണ്ടിലാണ്. ഇസ്‌ലാമിന്റെ ആഗമനം തൊട്ടുള്ള അഞ്ച് നൂറ്റാണ്ട് ചരിത്രം പറഞ്ഞു വരുന്നുണ്ട്. മാലിക് ദീനാര്‍ (റ)ന്റെ ആഗമനം തൊട്ട് ഇസ്‌ലാമിനെ പറഞ്ഞ് വരുന്നതില്‍ നിന്ന് അഞ്ച് നൂറ്റാണ്ട് പിന്നിടുമ്പോള്‍ പിന്നിട്ട ചരിത്രത്തിന്റെ കൃത്യതയുടെ അഭാവം ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്വഹാബി പ്രബോധനത്തെ കുറിച്ചെടുത്ത ശേഷം പാരമ്പര്യ മുസ്‌ലിം ചരിത്രകാരന്മാരെല്ലാം കേരള ഇസ്‌ലാമിന്റെ ഉത്ഭവ വികാസങ്ങളെക്കുറിച്ചു പറയുമ്പോള്‍ മഖ്ദൂമുമാരുടെ കാലമാണ് പറയുന്നത്. പിന്നെ മാലിക് ദീനാറുമായി ബന്ധിപ്പിക്കുന്ന ചരിത്ര നിഗമനങ്ങളാണ് സമര്‍പ്പിക്കുന്നത്. ഈ രണ്ട് കാലഘട്ടങ്ങള്‍ക്കിടയിലും മറഞ്ഞുകിടക്കുന്ന അഞ്ച് നൂറ്റാണ്ടുകളിലും ചരിത്ര വികാസങ്ങളുണ്ട്. ഇക്കാലയളവിനെ ഇരുളടഞ്ഞ നൂറ്റാണ്ടുകളാക്കാതെ നാള്‍വഴിയോട് ബന്ധിപ്പിക്കുകതന്നെ വേണം. പുഷ്‌കലമായ ആദ്യത്തെ അഞ്ച് നൂറ്റാണ്ടും അതിന്റെ തന്നെ താവഴിയായ മൂന്നാമത്തെ അഞ്ച് നൂറ്റാണ്ടും ചേര്‍ത്ത് വയ്ക്കുമ്പോള്‍ ഇടക്കുള്ള അഞ്ച് നൂറ്റാണ്ടും മുന്‍ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച തന്നെ ആവണം. അതിന്റെ തന്നെ പാരമ്പര്യമാവണം മൂന്നാം ഘട്ടവും പകര്‍ന്നുവന്നത്.
ഈ മൂന്ന് ഘട്ടത്തിലും നവീന വാദം മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നതായ ചരിത്ര പരാമര്‍ശം എവിടെയും ഇല്ല. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളോടെ കേരളീയ ഇസ്‌ലാമിന്റെ സുവിദായകമായ കാലം അടയാളപ്പെടുത്തപ്പെട്ടുവരുന്നു. സംശയങ്ങളും നിഗമനങ്ങളും ഊഹാപോഹങ്ങളും വിശ്വാസത്തിലെ ഐതിഹ്യങ്ങളും തീര്‍ത്തും മുക്തമാക്കി പൂര്‍ണമായ ചരിത്ര വസ്തുത കൃത്യതപ്പെടുത്തുന്ന കാലമാണ് മഖ്ദൂമുമാരുടെ കാലം. മുസ്‌ലിംകളുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ആദ്യത്തെ ചരിത്ര ഗ്രന്ഥമാണ് 'തുഹ്ഫത്തുല്‍ മുജാഹിദീന്‍'. യമനിലെ മഅ്ബറില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ മഖ്ദൂം കുടുംബമാണ് പൊന്നാനി കേന്ദ്രമായി പ്രവര്‍ത്തിച്ച് പുഷ്‌കലമായ നാളുകള്‍ നമുക്ക് സമ്മാനിച്ചത്. ശൈഖ് സൈനുദ്ദീന്‍ (റ) ഒന്നാമന്റെ പുത്രന്‍ ശൈഖ് മുഹമ്മദ് ഗസ്സാലിയുടെ പുത്രനാണ് തുഹ്ഫത്തുല്‍ മുജാഹിദീന്റെ രചന നിര്‍വഹിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രണ്ടാമന്‍. 'വിദേശിക്കെതിരേ നാട്ടുരാജാവിനെ രക്ഷിക്കാന്‍ ആയുധമേന്താന്‍ പ്രേരിപ്പിക്കുകയാണ് തുഹ്ഫയുടെ ലക്ഷ്യമെങ്കിലും നിഷ്പക്ഷമായ കേരള ചരിത്രം രചിക്കപ്പെട്ടു. ഉള്ളത് അതുപോലെ ശൈഖ് പറഞ്ഞു' എന്ന ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നു. 'നാലഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ തരത്തിലൊരു ദാര്‍ശനികന്‍ (ശൈഖ് മഖ്ദൂം) നമുക്കുണ്ടായിരുന്നു. അദ്ദേഹം സാമൂതിരിപ്പാടിന്റെ ഉപദേശകന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ നേതൃത്വത്തില്‍ കേരളത്തില്‍ സമുദായ സൗഹൃദത്തിന് പുതിയ ഭാഷയില്‍ നാം പറയുന്ന സെക്യുലറിസത്തിന് മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ള വസ്തുത പരമ പ്രധാന്യമര്‍ഹിക്കുന്നു' എന്ന് ഡോ. എം.ജി.എസ് നാരായണന്‍ നിരീക്ഷിക്കുന്നുണ്ട്. ആദ്യത്തെ മലയാള ഭാഷയിലെ കേരള ചരിത്ര ഗ്രന്ഥമായ വേലായുധന്‍ പണിക്കശ്ശേരിയുടെ 'കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍' എന്നത് തുഹ്ഫയുടെ തര്‍ജമ മാത്രമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരേയുള്ള സമരത്തിന് മാത്രമല്ല ബ്രിട്ടീഷ് കാലഘട്ടത്തിലും പോരാളികള്‍ക്ക് പ്രത്യയശാസ്ത്ര സ്രോതസ്സായിരുന്നു തുഹ്ഫ. ആദ്യ അധ്യായത്തില്‍ ജിഹാദിനുള്ള ആഹ്വാനവും അതുകൊണ്ടുണ്ടാകുന്ന പരലോക പ്രതിഫലങ്ങളും വിശദമായി പ്രതിപാദിക്കുന്നുവെന്നതിനാല്‍ കൊളോണിയല്‍ അധികാര കേന്ദ്രങ്ങള്‍ ഇതിന്റെ പ്രചാരം തടഞ്ഞിട്ടുണ്ട്. അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിലെ തൊട്ടുകൂടായ്മക്കും ചാതുര്‍വര്‍ണ്യത്തിനുമെതിരേ ശൈഖ് തുറന്നടിക്കുന്നു. ചരിത്രം പറഞ്ഞ് പോവുകയല്ല സാമൂഹ്യ വിഷയത്തില്‍ ഇടപെടുകയും ഇടപെടുവിക്കുകയുമാണ് അതില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ചരിത്രകാരന്റെ ദൗത്യത്തേക്കാളുപരി ഒരു പണ്ഡിതന്റെ കടമയാണ് ശൈഖ് നിര്‍വഹിക്കുന്നത്. സാമൂതിരിയുടെ ഭരണം സംരക്ഷിക്കാന്‍ പറങ്കികളെ ചെറുക്കുന്നതിന് മാപ്പിളമാര്‍ നടത്തുന്ന സമരത്തെ സഹായിക്കാന്‍ അറബ് രാജാക്കന്മാരോട് ശൈഖ് കത്തിലൂടെ സഹായം തേടിയിട്ടും ചേരിപ്പോരിലേര്‍പ്പെട്ടും വാണിജ്യ നഷ്ടം ഭയപ്പെട്ടും കത്തിനെ പരിഗണിക്കാതിരുന്നതിന്റെ പേരില്‍ ശൈഖ് കണക്കിന് കശക്കുന്നുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം (റ) തുഹ്ഫയില്‍ മൂന്ന് സ്ഥലത്ത് ബഹുദൈവ ആരാധകനായ സാമൂതിരിക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. ഇതേക്കുറിച്ച് വി.സി ശ്രീജന്‍ പറയുന്നത്. 'യഹൂദരല്ലാത്തവരെ യഹോവയോ നസറാണി അല്ലാത്തവരെ യേശുവോ അനുഗ്രഹിച്ചിട്ടില്ല. അല്ലാഹു സാമൂതിരിയെ അനുഗ്രഹിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരെ സമ്മതിക്കൂ'. 1583ല്‍ രചിക്കപ്പെട്ടതാണ് തുഹ്ഫ. അറുനൂറ് ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അധിനിവേശത്തിനെതിരെ സമരാഹ്വാനവുമായി കോഴിക്കോട്ടെ ഖാസി മുഹമ്മദ് (റ) രംഗത്ത് വന്നു. ഹിന്ദു-മുസ്‌ലിം സാമുദായിക ബന്ധത്തിന്റെ ഉജ്വലമായ സാമ്യമായും പോര്‍ച്ചുഗീസ് വിരോധ സമര മുന്നേറ്റങ്ങളുടെ പ്രചോദന സ്രോതസ്സായും വര്‍ത്തിച്ച ഗ്രന്ഥമാണ് ഖാസി രചിച്ച ഫത്ഹുല്‍ മുബീന്‍. സാമൂതിരിയും മുസ്‌ലിംകളും ചേര്‍ന്ന് ചാലിയം കോട്ട പോര്‍ച്ചുഗീസുകാരില്‍ നിന്ന് കീഴടക്കിയ സംഭവത്തില്‍ ആഹ്ലാദിച്ചും മുസ്‌ലിമല്ലാതിരുന്നിട്ടും അധീശത്വ വ്യവസ്ഥക്കെതിരേ നിര്‍ണായക വിജയത്തിന് നിമിത്തമായ ജിഹാദിന് നേതൃത്വം നല്‍കിയ സാമൂതിരിയുടെ കീര്‍ത്തി ലോകമെങ്ങും പ്രചരിപ്പിക്കാനുദ്ദേശിച്ചും അറബി ഭാഷയില്‍ രചിക്കപ്പെട്ട ഒരു സമരകാവ്യമാണിത്. യുദ്ധത്തിന് ശേഷമാണ് ഫത്ഹുല്‍ മുബീന്‍ എഴുതിയതെങ്കിലും സാമൂതിരിയുടെ ഭരണം കാക്കാന്‍ നായര്‍ പടയാളികളോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ മാപ്പിള പടയാളികളോട് ഖാസി ഖുതുബകളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. അതിന്റെ സമാഹാരമാണ് 'അല്‍ഖുതുബത്തുല്‍ ജിഹാദിയ്യ'. വളാഞ്ചേരിയിലെ പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് അബ്ദുറഹിമാന്‍ ആദൃശ്ശേരി ഈ ഗ്രന്ഥം പുറത്തുകൊണ്ടുവന്നത് ഈ അടുത്താണ്. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ ഠവല ംമൃ ുെലലരവ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ആത്മീയമായ നേതൃത്വത്തിലും മതകാര്യങ്ങളിലും നിസ്തുലനായി സാത്വിക ജീവിതം നയിച്ചിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ബ്രിട്ടീഷുകാരുടെ ഭരണമാണ് ഇതിനെല്ലാം കാരണമെന്ന് തിരിച്ചറിയുകയും ചെയ്താണ് അവര്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ മിഹ്‌റാബില്‍ നിന്ന് ആഹ്വാനം ചെയ്തത്. 1841-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ ശക്തമായ സമരാഹ്വാനവുമായി 'സൈഫുല്‍ ബത്താര്‍ അലാമന്‍ യുവാലില്‍ ദഫ്ഫാര്‍' എന്ന ഗ്രന്ഥമെഴുതി. സാമ്രാജ്യത്വത്തിനെതിരേയുള്ള വെല്ലുവിളിയാണിത്. തങ്ങളുടെ പ്രഖ്യാപനങ്ങള്‍ നെഞ്ചേറ്റിയ മാപ്പിള സമുദായം ഒറ്റക്കും കൂട്ടമായും ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാട്ടങ്ങള്‍ ശക്തമാക്കി. ഹിന്ദു-മുസ്‌ലിം സാമുദായിക ബന്ധത്തെ സാമ്രാജ്യത്വത്തിനെതിരായി ഏകീകരിക്കുകയും സവിശേഷമായി അക്രമികളോട് ചെറുത്തുനില്‍ക്കല്‍ മുസ്‌ലിംകളുടെ ജിഹാദീ ബാധ്യതയായി സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്താണ് മമ്പുറം തങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ സമരസാക്ഷ്യം നിര്‍വഹിച്ചത്. തങ്ങളുടെ അടുത്ത കൂട്ടുകാരന്‍ കോന്തുനായരായിരുന്നു. നായരുടെ കളിയാട്ടുമുക്ക് ക്ഷേത്രത്തിന്റെ ഉത്സവ തിയതി നിശ്ചയിച്ചു കൊടുക്കാറുള്ളത് തങ്ങളായിരുന്നുവത്രെ! തങ്ങളുടെ പുത്രനായ ഫസല്‍ പൂക്കോയ തങ്ങളും ഇതേ പാത പിന്തുടര്‍ന്നു. ജന്മിത്ത നാടുവാഴിത്ത വ്യവസ്ഥയില്‍ ജീവിച്ചു വന്നിരുന്ന അധസ്ഥിത വിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് പ്രവേശിച്ചതിനു ശേഷവും പരമ്പരാഗത അധികാര ശക്തികളോട് പുലര്‍ത്തിപ്പോന്ന വിധേയത്വപരമായ ബന്ധങ്ങളെ പുനര്‍നിര്‍ണയിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം സാമ്രാജ്യത്വ അധികാര കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തുന്ന വിപ്ലവകാരിയായിരുന്നു. മമ്പുറം തങ്ങളെ പോലെ വെള്ളക്കാര്‍ക്കെതിരേ ഒരു സമരാഹ്വാന ഗ്രന്ഥമെഴുതിയ 'ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വല്‍ അസ്‌നാം'. ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തുകയാണുണ്ടായത്. മമ്പുറം തങ്ങളുടെ ശിഷ്യനായ വെളിയങ്കോട് ഉമര്‍ ഖാസി സമര മുന്നേറ്റങ്ങളില്‍ പങ്കുവഹിച്ച അതുല്യ വ്യക്തിത്വമായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ആദ്യമായി നികുതി നിഷേധം നടത്തിയത് ഉമര്‍ ഖാസിയാണ്. ദേശീയതയെ ഉയര്‍ത്തിക്കാട്ടുകയും സാംസ്‌കാരിക തനിമ കാക്കുകയും പാരസ്പര്യത്തിന്റെ പരിഛേദത്തെ കരുത്തുറ്റതാക്കുകയും ചെയ്ത് ദേശത്തിന്റെ അമീറാവുകയായിരുന്നു ഈ പാരമ്പര്യ പണ്ഡിതന്മാര്‍. ഇതിനെല്ലാം അവര്‍ക്ക് സ്രോതസ്സായി വര്‍ത്തിച്ചത് ആത്മീയ മണ്ഡലമാണ്. അവര്‍ക്ക് താവഴിയായി കിട്ടിയ ആത്മീയതയുടെ പരിസരത്തുനിന്നാണ് ഈ സാമ്രാജ്യത്വവിരുദ്ധതയും മാനവിക നിലപാടുകളും സാമൂഹ്യ പരിഷ്‌കരണങ്ങളും രാഷ്ട്രീയ നവോത്ഥാനവും അവര്‍ ആര്‍ജിച്ചെടുത്തത്.
ഈ നായകര്‍ ഏതൊരു സ്രോതസ്സില്‍ നിന്നാണോ ആത്മവീര്യം ഉള്‍ക്കൊണ്ടത് അതിനെ അവഗണിച്ച് അവരില്‍ നിന്ന് പ്രബന്ധം പകര്‍ത്തുന്നത് കാമ്പും കാതലും ചോര്‍ത്തിയ പൊള്ളയും പതിരുമാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ)ന്റെ മന്‍കൂസ് മൗലിദും ഫത്ഹുല്‍ മുഈനും അദ്കിയയും ഇര്‍ശാദുമെല്ലാം അദ്ദേഹത്തിന്റെ കരുത്തുറ്റ ആദര്‍ശത്തിന്റെ നടുമുറ്റമാണ്. ഖാസി മുഹമ്മദ് (റ)ന്റെ 'മുഹ്‌യിദ്ദീന്‍മാല' ആദര്‍ശത്തിന്റെ പടവാളാണ്. ആദ്യത്തെ മലയാള കൃതിയാണത്. മുഹ്‌യിദ്ദീന്‍മാലയുടെ രചന കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞ ശേഷമാണ് തിരൂരില്‍ തുഞ്ചത്തെഴുത്തഛന്‍ ആധ്യാത്മിക രാമായണം എഴുതിയത്. മുഹ്‌യിദ്ദീന്‍മാല എഴുതാനുള്ള ആദര്‍ശത്തിന്റെ പിന്‍ബലത്തിലാണ് ഖാസി ഫത്തഹുല്‍ മുബീന്‍ എഴുതുന്നതും മിഹ്‌റാബിലും മിമ്പറിലും ജിഹാദിന് ആഹ്വാനം നല്‍കുന്നതും. ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രചാരകനായ ഖാസിയാര്‍ കോഴിക്കോട് ഖാസി വംശത്തിന്റെ പ്രഥമന്‍ കൂടിയാണ്. ഈ ആശയത്തിന്റെ പാരമ്പര്യത്തിലും താവഴിയിലും തന്നെയാണ് മമ്പുറം തങ്ങളും. അതത്രയും സുന്നീ സരണിയാണ്. അക്കാലത്ത് ഒരു നവീന ധാര ഉയര്‍ന്നുവരാത്തവിധം മുസ്‌ലിംകളെ സംഘടിപ്പിച്ചു നിര്‍ത്താനും അവര്‍ക്ക് സാധിച്ചു. അക്കാലത്ത് മുസ്‌ലിംകള്‍ സംഘബോധവും സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റവും പകര്‍ന്നെടുത്തത് പൊന്നാനിയിലെ വിളക്കത്തു നിന്നാണ്. അതുകൊണ്ടുതന്നെ കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ ചരിത്രത്തില്‍ നിന്ന് പൊന്നാനി വിളക്കും മഖ്ദൂമി പാരമ്പര്യവും എടുത്തുമാറ്റാനാവില്ല. ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചു മുസ്‌ലിമിന്റെ നവോത്ഥാനം എഴുതപ്പെട്ടുകൂടാ.
1921-ലെ സമരം ചരിത്രത്തിന്റെ ഗതി മാറ്റി. 1836 മുതല്‍ 1921 വരെയായി നൂറുക്കണക്കിന് കലാപങ്ങളില്‍ നിരവധി ജീവനും സ്വത്തും നഷ്ടപ്പെട്ടു. മലബാര്‍ കലാപം വിപുലവും അതുവരെയുള്ള സമരത്തിന്റെ പൂര്‍ത്തീകരണവുമായിരുന്നു. ഒടുക്കം സമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി. കലാപശേഷം പറയത്തക്ക നേതൃത്വം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല. മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും തികഞ്ഞ അരക്ഷിതാവസ്ഥയില്‍ ഒരു സഹായഹസ്തവും ഉയര്‍ന്നു വന്നില്ല. ഈ അവസ്ഥ മുതലെടുത്താണ് ചില ഉല്‍പതിഷ്ണുക്കള്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമായി തല ഉയര്‍ത്തിയത്. മത പരിഷ്‌കരണവാദവുമായി അവര്‍ രംഗത്ത് വന്ന് പാരമ്പര്യത്തെ നിഷേധിച്ചുകൊണ്ട് പുത്തന്‍വാദങ്ങളുടെ വിഷവിത്തു പാകി. ഇതു തിരിച്ചറിഞ്ഞ മഹാപണ്ഡിതന്മാരാണ് ഒറ്റക്കുള്ള ജീവിതവും മതപ്രബോധനത്തിനും അവസാനം വരുത്തി കൂട്ടായ് നിലകൊള്ളാന്‍ തീരുമാനിച്ചു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്‍കിയത്. പൊന്നാനി വിളക്കത്തു നിന്ന് പകര്‍ന്നു കിട്ടിയ താവഴിയെ കരുതിവെക്കാന്‍ അവര്‍ സംഘം ചേരുകയായിരുന്നു. മഖ്ദൂമീ പാരമ്പര്യത്തിന്റെ അഞ്ച് നൂറ്റാണ്ടും അതിനു മുമ്പത്തെ പരതിയെടുക്കേണ്ട കാലഘട്ടവും തുടക്കത്തിന്റെ അഞ്ചു നൂറ്റാണ്ടും ചേര്‍ത്തുവെക്കുന്ന 15 നൂറ്റാണ്ടിലെ ഇസ്‌ലാമിക പാരമ്പര്യം. അതാണ് നേര്‍വഴിയുടെ താവഴിയെന്ന് തിരിച്ചറിഞ്ഞ സമൂഹത്തില്‍ കൃത്യതയാര്‍ന്ന നാളെയുടെ തുടര്‍ച്ചക്കായി സജ്ജമാവുകയാണ് 'മിഹ്‌റാബു'കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."