ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണം: കെ.എ.എം.എ
തിരുവനന്തപുരം: അഡ്ഹോക് കമ്മിറ്റിയെ ചുമതലയേല്‍പ്പിച്ചിട്ടും ജെ.ആര്.സി സി ലെവല്‍ പരീക്ഷ നടത്തി പത്താംതരം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്ക് നല്‍കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്.
ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ഥികള്‍ക്കായി മൂന്ന് ഘട്ടമായി പരീക്ഷ നടത്തണമെന്നാണ് ചട്ടം. എ ലെവല്‍ എട്ടാം തരത്തിലും ബി ലെവല്‍ ഒന്‍പതാം തരത്തിലും സി ലെവല്‍ പത്താം തരത്തിലുമെന്ന രീതിയിലാണ്.
സി ലെവല്‍ പാസാകുന്ന വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കായി പത്തു മാര്‍ക്ക് ലഭിക്കും. എന്നാല്‍ ഇത്തവണ രണ്ട് പ്രാവശ്യം വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് വിളിച്ചെങ്കിലും മാറ്റിവയ്ക്കുകയാണ് ചെയ്തത്. പരീക്ഷ നടത്തിപ്പ് കോടതി സ്റ്റേയില്‍ നില്‍ക്കുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജെ.ആര്.സി യുടെ സേവനം കാഴ്ചവച്ച നിരവധി കുട്ടികള്‍ക്കാണ് അധികാരത്തര്‍ക്കം മൂലം അര്‍ഹതപ്പെട്ട മാര്‍ക്ക് നഷ്ടമാകുന്നത്.
ജെ. ആര്.സി വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അടിയന്തര പ്രാധാന്യം മനസിലാക്കി സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കെ.എ.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീ മുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ തൃശൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."