ഓപറേഷന് ഒളിംപ്യയിലേക്ക് പരിശീലകരെത്തിയില്ല
ആലപ്പുഴ: കായിക കേരളത്തിന്റെ മികവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഓപറേഷന് ഒളിംപ്യയില്‍ പരിശീലകര്‍ ഇനിയും എത്തിയില്ല. പരിശീലകരില്ലാതെ താരങ്ങളെ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുത്തിട്ടുമുണ്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും കായിക അസോസിയേഷനുകളുമാണ് പദ്ധതിയുടെ മുഖ്യ ആസൂത്രകര്‍. പതിനൊന്ന് കായിക ഇനങ്ങളുടെ വികസനത്തിനായി 185 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്. 250 കായിക താരങ്ങളെയാണ് ക്യാംപിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതത് ഇനങ്ങളിലെ പരിശീലകരില്ലാതെ തന്നെ താരങ്ങളെ തിരഞ്ഞെടുത്തത് വിവാദമാകുകയാണ്. അത്ലറ്റിക്സ്, ബോക്സിങ്, സൈക്ലിങ്, സ്വിമ്മിങ്, ഷൂട്ടിങ്, ഗുസ്തി, ബാഡ്മിന്റണ്‍, കനോയിങ്, കയാക്കിങ്, ഫെന്‍സിങ്, റോവിങ്, ആര്‍ച്ചറി കായിക ഇനങ്ങളിലാണ് പരിശീലനം നല്‍കുക.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് വിവിധ അസോസിയേഷനുകള്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അസോസിയേഷനുകള്‍ നിര്‍ദേശിച്ച പരിശീലകരെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിക്കാതെ പട്ടിക തളളുകയായിരുന്നു.
ഇതോടെ താരങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം പരിശീലകരെ ആവശ്യമുണ്ടെന്ന് കാട്ടി സ്പോര്‍ട്സ് കൗണ്‍സില്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് വിവാദത്തിലായി. പദ്ധതിയുടെ നടത്തിപ്പിനായി ഒരു അസോസിയേഷന് 18.5 കോടി രൂപ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."