നിയമകുരുക്കുകള്‍ തീര്‍ത്ത് മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി
ദമാം: താമസസ്ഥലത്ത് സംഭവിച്ച അപകടത്തില്‍പ്പെട്ടു മരണപ്പെട്ട രണ്ടു മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ ജീവകാര്യണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയായ അജീഷ് അശോകന്‍ (26), ഇടുക്കി മാങ്കുളം സ്വദേശിയായ ട്വിന്‍സ് ജോസ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയത്.
ദമ്മാം സഫ്‌വയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി നോക്കുകയായിരുന്നു ഇവര്‍. ഒരേ മുറിയില്‍ താമസിച്ചിരുന്ന ഇവര്‍ രണ്ടുമാസം മുന്‍പ് എ.സിയില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചായിരുന്നു മരണപ്പെട്ടത്. അസാധാരണമായ അപകടമരണമായതിനാല്‍ നിയമകുരുക്കുകള്‍ ഏറെ ഉള്ളതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനാകാതെ ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു.
നാട്ടിലെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. പൊലിസ്, ബാലദിയ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലായി ഏറെ നിയമത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ ദിവസങ്ങളെടുത്തു. നിരന്തരപരിശ്രമങ്ങള്‍ക്ക് ഒടുവില്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി രണ്ടു മൃതദേഹങ്ങളും എത്തിഹാദ് വിമാനത്തില്‍ നാട്ടിലേയ്ക്ക് കയറ്റിവിടുകയായിരുന്നു.
അടുത്ത കാലത്തായി വിവാഹിതനായ അജീഷ് അശോകന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. നേരിട്ട് കണ്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാന്‍ വെക്കേഷന് നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇടുക്കി സ്വദേശിയായ ട്വിന്‍സ് ജോസ് അവിവാഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."