'മാണിക്യ മലരായ പൂവീ' ഗാനത്തിനെതിരായ നിയമനടപടികള്‍ക്ക് സ്റ്റേ
ന്യൂഡല്‍ഹി: 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവീ ഗാനത്തിനെതിരായ കേസുകളിന്മേലുള്ള നടപടികള്‍ സുപ്രിം കോടതി സ്റ്റേചെയ്തു. ഗാനത്തിന്റെ പേരില്‍ രാജ്യത്ത് ഒരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ തെലങ്കാന പൊലിസ് കേസെടുത്ത നടപടി ചോദ്യംചെയ്ത് ചിത്രത്തിന്റെ സംവിധായകന് ഉമര്ലുലു, നിര്‍മാതാവ് അപ്പച്ചന്, നടി പ്രിയാവാര്യര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തെതുടര്‍ന്ന് ഇന്നലെ ഹരജി പരിഗണിച്ചയുടന്‍, കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന ചോദ്യമാണ് മൂന്നംഗ ബഞ്ച് ഉന്നയിച്ചത്. എന്നാല്‍ നിലവില്‍ ചിത്രീകരണം നടക്കുന്ന മലയാള ചിത്രത്തിനെതിരേ തെലങ്കാനയിലേയും മഹാരാഷ്ട്രയിലേയും പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഗാനരംഗം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സാഹചര്യത്തില്‍ ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലും പരാതി ഉയരാനുള്ള സാധ്യത ഉള്ളതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഹാരിസ് ബീരാന് ചൂണ്ടികാട്ടി. ഹരജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. കേസിലെ എതിര്‍കക്ഷികളായ തെലങ്കാന, മഹാരാഷ്ട്ര പൊലിസ് മേധാവികള്‍ക്ക് കോടതി നോട്ടിസയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."