തട്ടിപ്പിനിരയായ ഈജിപ്ഷ്യന്‍ പൗരന്‍ നീതിതേടി കൊല്ലത്ത്
കൊല്ലം: ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പിലെ പ്രധാന കഥാപാത്രമായ മര്‍സൂഖിയുടെ അറബിക്കഥക്ക് പിന്നാലെ മൂന്ന് മലയാളികളുടെ തട്ടിപ്പിനിരയായ ഈജിപ്ഷ്യന്‍ പൗരന്‍ നീതിതേടി കൊല്ലത്ത്.
സൗദിയില്‍ അരക്കോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ മൂന്ന് മലയാളികളില്‍നിന്നു പണം ഈടാക്കാന്‍ നിയമപോരാട്ടത്തിനായി കൊല്ലത്തെത്തിയ ഈജിപ്ഷ്യന്‍ പൗരനെ ഞെട്ടിച്ചതാകട്ടെ, തട്ടിപ്പുകാരുടെ ഉന്നത രാഷ്ട്രീയ ബന്ധം.
സൗദിയിലെ അബൂയാസിര്‍ എന്ന സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ഹസാം മുഹമ്മദാണ് തട്ടിപ്പിനിരയായത്. കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ തൈക്കൂട്ടത്തില്‍ തെക്കേതില്‍ ഇര്‍ഷാദ്, ഇയാളുടെ പങ്കുകച്ചവടക്കാരായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഷിബു, സിറാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ഹസാമിന്റെ പക്കല്‍നിന്നു ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നു.
ഇതിന്റെ തുകയായ 48,87,313 രൂപ കഴിഞ്ഞ ഒക്‌ടോബറില്‍ തിരിച്ചുനല്‍കാമെന്ന് രേഖാമൂലം എഴുതി നല്‍കിയ ശേഷം വ്യാജപാസ്‌പോര്‍ട്ടില്‍ നാട്ടിലേക്ക് കടക്കുകയായിരുന്നെന്ന് ഹസാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തട്ടിപ്പുനടത്തിയവര്‍ നാട്ടിലെത്തി പുതിയ കാറും ബൈക്കുമൊക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ഇത്രയും വലിയ തുക ഒറ്റയ്ക്ക് ഉണ്ടാക്കാനുള്ള അവസ്ഥ തനിക്കില്ലെന്നും ഹസാം പറഞ്ഞു. പ്രതികളുടെ പാസ്‌പോര്‍ട്ടിന്റെ രേഖയും കോപ്പിയും ഹസാമിന്റെ പക്കലുണ്ട്. സാധനങ്ങള്‍വിറ്റ പണവുമായി കടന്ന ഇര്‍ഷാദിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലും ഷിബുവിന്റെ വീട്ടിലും നേരിട്ടെത്തി ഹസാം പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം തിരികെ നല്‍കാമെന്ന് പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഇര്‍ഷാദിനും ഷിബുവിനും എതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.ഐക്ക് കേസ് കൈമാറി. എന്നാല്‍ സ്‌റ്റേഷനിലെത്തി പണം നല്‍കാമെന്ന് അറിയിച്ചിട്ടും രാഷ്ട്രീയ സ്വാധീനം മൂലം മറ്റ് നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, സിറാജുദ്ദീനും ഷിബുവിനും എതിരേ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയും ചുവപ്പുനാടയില്‍ കുരുങ്ങി. പൊലിസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നേരിട്ട് കോടതിയെ സമീപിക്കാനുമുള്ള നിര്‍ദേശമാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഹസാം സൗദിയില്‍ തിരികെ എത്തിയാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."