ജയരാജന്‍ കിം ജോങ് ഉന്നിനെ പോലെ- രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് അധികാര ഭ്രാന്താണെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിനെ പോലെയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.
ജയരാജന്‍ ധരിക്കുന്നത് അദ്ദേഹം ഉത്തരകൊറിയയിലോ മറ്റോ ആണ് ഉള്ളതെന്നാണ്. കിങ് ജോങ് ഉന്നിന്റെ അനുയായി ആണ് ജയരാജന്‍. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്‍ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ് ജയരാജന്റെ നിലപാട്- സുധാകരന്‍ ആരോപിച്ചു.
പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് അയാള്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ഈ അസുഖം മാറ്റാന്‍ ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
ജയരാജന്‍ ഇപ്പോള്‍ ഭ്രാന്തമായ മനസിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലങ്കില്‍ ഇന്നലെ ഇത്രയും ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും മുന്നില്‍ വെച്ച് എല്ലാം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയും? പൊലിസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തി പറയും എന്ന് പറയുന്നത് തിരുത്തണ്ടതാണ്. ഇത് തിരുത്തേണ്ടത് പാര്‍ട്ടിയാണ്. ഈ ഏകാധിപത്യ പ്രവണത തടയണം. എല്ലാം തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ജയരാജന്റെ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഷുഹൈബിനെ വെട്ടിയത് പരിശീലനം സിദ്ധിച്ചവരാണ്. ആകാശ് തില്ലങ്കരി കേസില്‍ ഇല്ല എന്ന് പറഞ്ഞിട്ടില്ലെന്നും വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."