പൊലിസിനുനേരെ സി.ഐ.ടി.യു ആക്രമണം; കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിച്ചു
കോഴിക്കോട്: കസ്റ്റഡിയില്‍ എടുത്തയാളെ പൊലിസുകാരെ ആക്രമിച്ച് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് എസ്.ഐമാരടക്കം അഞ്ചു പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലോടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. കോഴിക്കോട്- കണ്ണൂര്‍ ബസില്‍ ചുമട്ടുതൊഴിലാളികള്‍ ലഗേജ് കയറ്റുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
ചുമട്ടുതൊഴിലാളികള്‍ ലഗേജ് എടുക്കുന്നതിനിടെ ബസിലുണ്ടായിരുന്ന ട്രാഫിക് അഡിഷനല്‍ എസ്.ഐ ബാബുരാജിന്റെ കാലില്‍ ചെന്നുവീണു.
ഇതു ചോദ്യംചെയ്തതോടെ എസ്.ഐയും ചുമട്ടുതൊഴിലാളിയും തമ്മില്‍ തര്‍ക്കമായി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ബാബുരാജ്. സംഭവം അടിപിടിയില്‍ കലാശിച്ചതോടെ മര്‍ദനമേറ്റ എസ്.ഐ കസബ പൊലിസില്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് വൈകിട്ട് ആറോടെ കസബ എസ്.ഐ പ്രകാശ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശ്രീഹരി, ബിജു, ജയേഷ് എന്നിവര്‍ ബസ് സ്റ്റാന്‍ഡിലെത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റി. ഇതിനിടെ സംഘടിച്ചെത്തിയ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പൊലിസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു കസ്റ്റഡിയിലെടുത്ത തൊഴിലാളിയെ മോചിപ്പിക്കുകയും ചെയ്തു.
ട്രാഫിക് അഡിഷനല്‍ എസ്.ഐ ബാബുരാജ്, കസബ എസ്.ഐ പ്രകാശ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശ്രീഹരി, ബിജു, ജയേഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് മര്‍ദിച്ചെന്നാരോപിച്ച് നാലു സി.ഐ.ടി.യു പ്രവര്‍ത്തകരും ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ തോപ്പയില്‍ സ്വദേശി സുബൈര്‍, നടക്കാവ് സ്വദേശി കോയമോന്, കല്ലായി സ്വദേശി ആസിഫ് എന്നിവരെ കസബ പൊലിസ് അറസ്റ്റ് ചെയ്തു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. അതേസമയം, പ്രവര്‍ത്തകനെ അകാരണമായി പൊലിസ് പിടികൂടുന്നത് തടയുകയായിരുന്നുവെന്നു സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."